സംസ്ഥാന നിയമ സഭയില്‍ വിണ്ടും പ്രതിപക്ഷ ഭരണ പക്ഷ പോരിന് വഴിവച്ച് ലൈഫ് മിഷന്‍ കോഴ ആരോപണം. അടിയന്തര പ്രമേയത്തിന് അനുമതി തേടി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിക്ഷം ലൈഫ് മിഷന്‍ വിഷയം വീണ്ടും ഉന്നയിച്ചത്.
ഇ ഡി പറയുന്ന തരത്തില്‍ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണ്.
വിഷയം പഴയ വീഞ്ഞും പുതിയ കുപ്പിയുമാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ ചര്‍ച്ച ആവശ്യമില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് സഭയെ അറിയിച്ചതോടെയാണ് വിഷയം വലിയ തര്‍ക്കത്തിലേക്ക് നീണ്ടത്. ലൈഫ് മിഷന്‍ വിഷയത്തില്‍ യുഎഇ കോണ്‍സുലേറ്റ് ഇടപെട്ട പദ്ധതിയ്ക്ക് യുണിടാക് കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയോ എന്ന ചോദ്യം ഉന്നയിച്ചായിരുന്നു പ്രതിപക്ഷം ഭരണപക്ഷത്തെയും മുഖ്യമന്ത്രിയെയും പ്രകോപിപ്പിച്ചത്. സിഎം രവീന്ദ്രന്‍, എം ശിവശങ്കര്‍ എന്നിവരെ പരാമര്‍ശിച്ചായിരുന്നു മാത്യു കുഴല്‍നാടന്‍ സംസാരിച്ചത്. എം ശിവശങ്കറിനെതിരെ ഇ ഡി സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയായിരുന്നു മാത്യു കുഴല്‍ നാടന്‍ സംസാരിച്ചത്. സ്വപ്‌ന സുരേഷ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കുടിക്കാഴ്ച നടത്തിയെന്ന് ഇ ഡി ശിവശങ്കറിന്റെ റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു.
ആരോപണം ഉന്നയിച്ചവരുടെ അഭിഭാഷകനായാണോ മാത്യു കുഴല്‍ നാടന്‍ സംസാരിക്കുന്നത്മുഖ്യമന്ത്രി
എന്നാല്‍, പ്രതിപക്ഷ അംഗത്തിന്റെ ആരോപണം പച്ചക്കള്ളം ആണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ആരോപണം മുഖ്യമന്ത്രി നിഷേധിക്കുകയാണെങ്കില്‍ ഇഡിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്നും മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു. ഇഡി പറയുന്ന തരത്തില്‍ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണം, അതിന് പ്രതിപക്ഷം കൂടെ നില്‍ക്കും എന്നും മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ആരോപണം നിഷേധിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താന്‍ മറുപടി പറഞ്ഞത് എന്നായിരുന്നു, ഈ പരാമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ വിശദീകരം. ആരോപണം ഉന്നയിച്ചവരുടെ അഭിഭാഷകനായാണോ മാത്യു കുഴല്‍ നാടന്‍ സംസാരിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു. വിഷയത്തില്‍, ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തര്‍ക്കം രൂക്ഷമായതോടെ സഭ നടപടികള്‍ തടസപ്പെടുകയും ചെയ്തു.