വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അഞ്ച് ദിവസം ഇഡി കസ്റ്റഡിയില്‍. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണം എന്ന വ്യവസ്ഥയോടെയാണ് കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയുടെ നടപടി. ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കണം. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്താല്‍ വിശ്രമം അനുവദിക്കണം എന്നും കോടതി അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടു. ശാരീരിക സ്ഥിതി കണക്കിലെടുത്താണ് നടപടി. മൂന്ന് ദിവസം തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ശാരീരികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്ന ശിവശങ്കര്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിര്‍ദേശം.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രിയാണ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപെടുത്തിയത്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ ഒരു കോടിയോളം രൂപ കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറിലായിരുന്നു പണം. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് അത് ലൈഫ്മിഷന്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ലഭിച്ച കമ്മീഷനാണ് എന്ന് സ്വപ്ന വെളിപ്പെടുത്തുന്നത്. അതിനു പിന്നാലെയാണ് വീണ്ടും വിശദമായ അന്വേഷണത്തിലേക്ക് ഇ ഡി കടന്നത്.
കേസില്‍ തിരുവനന്തപുരം സ്വദേശി യദു ക്യഷ്ണനെ കൂടി ഇ ഡി പുതുതായി പ്രതി ചേര്‍ത്തു. യൂണിടാക് കന്പനിയെ കേസിലെ പ്രതിയായ സരിത്തിനെ പരിചയപെടുത്തിയെന്നതുമായി ബന്ധപ്പെട്ടാണ് പ്രതിചേര്‍ത്തത്. ഇതിനായി 3 ലക്ഷം രൂപ യദുവിന് നല്‍കിയെന്നാണ് ഇ ഡി കണ്ടെത്തിയത്. സര്‍ക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷനുവേണ്ടി യുണീടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കറിനെതിരെയുള്ള കേസ്. ലൈഫ്മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നു.സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ദിവസമായിരുന്നു ചോദ്യം ചെയ്യലിനെത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പിന്നീട് സാവകാശം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ശിവശങ്കര്‍ കൊച്ചിയിലെത്തിയത്.