ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. സാമ്പത്തിക കുറ്റക്യത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ് ചികിത്സാ ആവശ്യത്തിനായുള്ള ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവിൽ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ സുപ്രീംകോടതി തന്നെയാണ് നിർദേശം നൽകിയിരുന്നത്. എന്നാൽ അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി.
വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നൽകിയ ഫണ്ടിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാരോപിച്ചാണ് ഇഡി ഫെബ്രുവരി 14ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. തനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ശിവശങ്കറിന്റെ ആവശ്യം.
'സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായി 98 ദിവസം കസ്റ്റിയിലുണ്ടായിരുന്നു. 30 വർഷത്തെ മികച്ച സേവനത്തിന്റെ ചരിത്രമുള്ള താൻ ഇപ്പോൾ കാൻസർ രോഗിയാണെന്നും മൂന്നുതവണ ശസ്ത്രക്രിയ്ക്ക് വിധേയനായെന്നും അസുഖ ബാധിതനായതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥ പ്രകാരം ജാമ്യത്തിന് അർഹതയുണ്ടെന്നും അപേക്ഷയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, അസുഖത്തിന്റെ പേരിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇ ഡി കോടതിയെ അറിയിച്ചു. അസുഖത്തിന്റെ പേരിലാണ് മുൻപത്തെ കേസിൽ ജാമ്യം ലഭിച്ചത്. ജോലിയിൽ തിരിച്ചെടുത്തതിനെ തുടർന്ന് 2022 ജനുവരി ആറ് മുതൽ വിരമിച്ച 2023 ജനുവരി 31 വരെ സർവീസിൽ തുടർന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മാർച്ച് 21ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, ഹര്‍ജിക്കാരൻ നിസഹകരിച്ചതിനെ തുടർന്ന് ഉപേക്ഷിച്ചു. അതിനാൽ, അസുഖത്തിന്റെയും ശസ്ത്രക്രിയയുടേയും പേരിൽ ജാമ്യം നൽകാനാകില്ലെന്നും ഇ ഡി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കുറ്റകൃത്യങ്ങൾ തുടരാനും ഇടയാക്കുമെന്ന് ഇ ഡി വാദം ഉന്നയിച്ചിരുന്നു.
ജാമ്യവ്യവസ്ഥയിൽ ഇളവ്തേടി ഏഴാം പ്രതി സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും വിചാരണ കോടതി തള്ളി. പാസ്പോർട്ട് വിട്ടുകിട്ടണമെന്ന ആവശ്യമാണ് തള്ളിയത്.