KERALA

സിഎഎ വിരുദ്ധ ബഹുജന റാലിയിലൂടെ തിരഞ്ഞെടുപ്പിൽ സജീവമാകുന്ന മുഖ്യമന്ത്രി; സിപിഎം ലക്ഷ്യം വയ്ക്കുന്ന മുസ്ലിം വോട്ട് ബാങ്ക്

വെബ് ഡെസ്ക്

ലോക്സഭാ തിരഞ്ഞെടുപ്പ്‌ ചൂട് ഉയരുമ്പോള്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ടുകൾ പെട്ടിയിലാക്കാനുള്ള തത്രപ്പാടിലാണ് കേരളത്തിലെ ഇരുമുന്നണികളും. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകൾ. നിലവിലെ സാഹചര്യത്തിൽ പൗരത്വ ഭേദഗതി തന്നെയായിരിക്കും മുസ്ലിം വോട്ടുകൾ അനുകൂലമാക്കാനുള്ള എളുപ്പവഴിയെന്ന് എൽ ഡി എഫും യു ഡി എഫും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വിഷയം കത്തിച്ചുനിർത്തുകയാണ് രാഷ്ട്രീയ കക്ഷികളുടെ ലക്ഷ്യം.

ഏറ്റവും വലിയ സി എ എ വിരുദ്ധർ ആര്? ന്യൂനപക്ഷ സംരക്ഷകർ ആര്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമാകാനുള്ള മത്സരയോട്ടം ഇരുമുന്നണികളും എന്നേ തുടങ്ങിക്കഴിഞ്ഞു. അതിനായുള്ള ഏറ്റവും പുതിയ നീക്കമാണ് ഇന്ന് ആരംഭിക്കുന്ന, മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നൽകുന്ന സി എ എ വിരുദ്ധ ബഹുജന റാലി. മാർച്ച് 27 വരെ നീണ്ടുനിൽക്കുന്ന റാലി കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്. സമസ്ത (കാന്തപുരം വിഭാഗം), കേരള നദ്‌വത്തുൽ മുജാഹിദീൻ, എം ഇ എസ് തുടങ്ങി വിവിധ മത- സാമൂഹ്യ സംഘടനകൾക്കും ക്ഷണമുണ്ട്.

പൂഞ്ഞാറിലെ ഒരു ക്രിസ്ത്യൻ പള്ളി മുറ്റത്ത് ക്രൈസ്തവ വൈദികന് നേരെയുണ്ടായ കയ്യേറ്റശ്രമത്തെ മുസ്ലിം വിഭാഗത്തിലെ തെമ്മാടിക്കൂട്ടങ്ങൾ നടത്തിയ അതിക്രമമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിനൊപ്പം നിന്ന മുസ്ലിം വോട്ടുകളെ തങ്ങളിലേക്ക് എത്തിക്കുക എന്നതാണ് എൽ ഡി എഫിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ ലക്ഷ്യം. സി എ എ നിയമത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങിയ അന്നുതന്നെ 'കേരളത്തിൽ നടപ്പാക്കില്ല' എന്ന പിണറായി വിജയന്റെ പ്രസ്താവനയിൽ തുടങ്ങി 2020ലെ സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത കേരളത്തിലെ മുസ്ലിം ജനസാമാന്യത്തിനെതിരെ എടുത്ത കേസുകൾ പിൻവലിച്ചതെല്ലാം 27 ശതമാനം വരുന്ന മുസ്ലിം വോട്ടുകൾ മുന്നിൽ കണ്ടായിരുന്നു. സി എ എക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് കൂടുതലും വടക്കൻ ജില്ലകളിലൂടെ കടന്നുപോകുന്ന ബഹുജന റാലി.

പൂഞ്ഞാറിലെ ഒരു ക്രിസ്ത്യൻ പള്ളി മുറ്റത്ത് ക്രൈസ്തവ വൈദികന് നേരെയുണ്ടായ കയ്യേറ്റശ്രമത്തെ മുസ്ലിം വിഭാഗത്തിലെ തെമ്മാടിക്കൂട്ടങ്ങൾ നടത്തിയ അതിക്രമമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. ഇത് സമസ്ത ഉൾപ്പെടെയുള്ളവരുടെ നീരസത്തിന് കാരണമായിരുന്നു. സമസ്ത മുഖപത്രം 'സുപ്രഭാതം' പ്രസ്താവനയ്‌ക്കെതിരെ മുഖപ്രസംഗവും എഴുതി. കൂടാതെ പ്രസ്താവന പിൻവലിക്കാതെ ഇടതുപക്ഷത്തിന് വോട്ടില്ലെന്ന് എൽ ഡി എഫ് സ്ഥാനാർഥി തോമസ് ഐസക്കിനെ വേദിയിലിരുത്തി ഈരാറ്റുപേട്ട മഹല്ല് നേതാക്കൾ പറഞ്ഞതും ഇടതുപക്ഷത്തിന് തിരിച്ചടി ആയിരുന്നു.

ഇതിനെയെല്ലാം സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലൂടെ മറികടക്കാനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. അതേസമയം, അധികാരത്തിലെത്തിയാൽ സി എ എ നടപ്പിലാക്കില്ലെന്ന വാദവുമായി യുഡിഎഫും രംഗത്തുണ്ട്. സി എ എ ബിൽ പാർലമെന്റിൽ കൊണ്ടുവന്ന സമയത്ത് കോൺഗ്രസ് അംഗങ്ങൾ ആരും പ്രതികരിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും യുഡിഎഫ് അവസരമാക്കിയിരുന്നു. തങ്ങളാണ് പാർലമെന്റിൽ സി എ എക്കെതിരെ ഏറ്റവുമാദ്യം എതിർപ്പ് ഉന്നയിച്ചതെന്ന് തെളിയിക്കാനും മുഖ്യമന്ത്രിയുടെ ഒരൊറ്റ പ്രസ്താവനയിലൂടെ യു ഡി എഫിനായി. കൂടാതെ, സി എ എ വിരുദ്ധ പ്രക്ഷോഭത്തിൽ എൽ ഡി എഫ് സർക്കാരെടുത്ത കേസുകളും ചൂണ്ടിക്കാണിച്ചാണ് യു ഡി എഫ് പ്രചാരണം കൊഴുപ്പിക്കുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം