ലോകായുക്ത നിയമഭേദഗതിയില്‍ എതിർപ്പ് തുടരുന്നതിനിടെ വിധി പുനഃപരിശോധിക്കാന്‍ അഞ്ചംഗ ഉന്നതാധികാര സമിതി വേണമെന്ന നിർദേശവുമായി സിപിഐ. മുഖ്യമന്ത്രിയടക്കമുള്ള സർക്കാർ പ്രതിനിധികള്‍ക്കൊപ്പം പ്രതിപക്ഷ നേതാവിനെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്ന ആവശ്യമാണ് സിപിഐ മുന്നോട്ടുവെക്കുന്നതെന്നാണ് വിവരം. പാർട്ടി പ്രതിനിധിയായി റവന്യൂ മന്ത്രിയെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും നിർദേശമുണ്ട്. ആഗസ്റ്റ് 22ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് ഉഭയകക്ഷി ചർച്ച നടത്തി, വിഷയത്തില്‍ അന്തിമധാരണയിലെത്താനാണ് സർക്കാരിന്റെ തീരുമാനം.
ശനിയാഴ്ച കൊല്ലത്ത് ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം, ലോകായുക്ത നിയമഭേദഗതിയും അഞ്ചംഗ ഉന്നതാധികാര സമിതിയെയും കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തും. യോഗ തീരുമാനം സിപിഎമ്മിനെ അറിയിക്കും. നിലവില്‍ നിർദേശിക്കപ്പെട്ട രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാനാകില്ലെന്നാണ് സിപിഐ നിലപാട്. ഭേദഗതിക്ക് തയ്യാറാണെങ്കിലും അഴിമതി വിരുദ്ധ നിലപാട് സംരക്ഷിക്കണമെന്നാണ് ആവശ്യം.
അഴിമതി കേസില്‍ ജനപ്രതിനിധികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ നീക്കാനുള്ള ലോകായുക്തയുടെ അധികാരം റദ്ദാക്കുന്നതാണ് ഭേദഗതി. ലോകായുക്തയുടെ അധികാരം മുഖ്യമന്ത്രിയിലേക്കും ഗവർണറിലേക്കും ചീഫ് സെക്രട്ടറിയിലേക്കും കൈമാറുന്ന ഭേദഗതിയാണ് സിപിഐ എതിർക്കുന്നത്. വീണ്ടും ഹിയറിങ് നടത്തി ലോകായുക്ത വിധി സർക്കാരിന് തള്ളാമെന്നതാണ് എതിർപ്പിനാധാരമായ ഭേദഗതി. 11 ഓർഡിനന്‍സുകളുടെ കാലാവധി പുതുക്കാനുള്ള തീരുമാനം ഗവർണർ എതിർത്തതോടെയാണ് ബില്‍ അവതരിപ്പിക്കാന്‍ സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചത്.
സഭയില്‍ സിപിഐ എതിർപ്പ് ഉയര്‍ത്തുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നതിനാല്‍ സമവായത്തിനാണ് സിപിഎം ശ്രമിക്കുന്നത്. ലോകായുക്ത ഭേദഗതി ആദ്യം മുതല്‍ സിപിഐ എതിർത്തിരുന്നു. നിയമസഭയില്‍ ബില്‍ കൊണ്ടുവരുമ്പോള്‍ പരിഗണിക്കാമെന്ന് അന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.