KERALA

ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ച കേസ്: ലോകായുക്ത വിധി ഇന്ന്, മുഖ്യമന്ത്രി പിണറായി വിജയന് നിർണായകം

ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പറയുക.

വെബ് ഡെസ്ക്

സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസിൽ ലോകായുക്ത കോടതി ഇന്ന് വിധി പ്രസ്താവിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എൽഡിഎഫ് സർക്കാരിലെ 18 മന്ത്രിമാരും പ്രതിസ്ഥാനത്തുള്ള കേസിന്റെ വിധി സംസ്ഥാന സർക്കാരിനെ സംബന്ധിച്ചെടുത്തോളം ഏറെ നിർണായകമാണ്. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പറയുക. ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ ഭിന്നാഭിപ്രായമുണ്ടായതിനെ തുടർന്നാണ് കേസ് ഫുള്‍ ബെഞ്ചിന്‌ വിട്ടത്. കേസില്‍ ഒരു വര്‍ഷം മുന്‍പ് വാദം പൂര്‍ത്തിയായിരുന്നു. വിധി വൈകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശിവകുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിന് ശേഷമാണ് നടപടികള്‍ക്ക് വേഗം കൂടിയത്.

പരാതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റി ചെലവഴിച്ചെന്നാണ് പ്രധാന ആക്ഷേപം. എന്‍സിപി നേതാവ് അന്തരിച്ച ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് നല്‍കിയ ധനസഹായമാണ് പരാതിക്ക് അടിസ്ഥാനമായ പ്രധാന ആക്ഷേപം. ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയാണ് അനുവദിച്ചത്.

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് നല്‍കിയ സഹായമാണ് രണ്ടാമത്തെ വിഷയം. രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയി ജോലിക്ക് പുറമെ എട്ടര ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത്. പരാതിയില്‍ പ്രധാന ആക്ഷേപമായി ഉന്നയിക്കുന്ന ഈ രണ്ട് സംഭവങ്ങള്‍ക്ക് പുറമെ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമെ 20 ലക്ഷം രൂപ നല്‍കിയ സംഭവവും പരാതിക്കാരന്‍ ലോകായുക്തയ്ക്ക് മുൻപാകെ ചൂണ്ടിക്കാട്ടിയിരുന്നു.

വിധി എതിരായാല്‍

ദുരിതാശ്വാസ നിധി ക്രമക്കേടില്‍ വിധി സര്‍ക്കാരിന് എതിരായാല്‍ വലിയ തിരിച്ചടിയാകുമെന്നാണ് നിയമ വിദഗ്ദരുടെ നിലപാട്. ലോകായുക്തയുടെ 14-ാം വകുപ്പാണ് സര്‍ക്കാരിന് വെല്ലുവിളിയാകുന്നത്. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്ന് പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് അധികാരം നല്‍കുന്നതാണ് 14-ാം വകുപ്പ്. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് പുറത്തേയ്ക്കുള്ള വഴി തുറന്നത്.

ലോകായുക്ത നിയമ ഭേദഗതി പാതി വഴിയില്‍

കെ ടി ജലീലിന് രാജിവയ്ക്കാന്‍ വഴിവച്ച ലോകായുക്ത വിധിയാണ് നിയമത്തെ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തുടക്കമായത്. നിയമ ഭേദഗതി പ്രകാരമുള്ള ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തിന്റെ ഫലമായി പാതി വഴിയിലാണ് ദേദഗതി. ബില്ലില്‍ ഇതുവരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവയ്ച്ചിട്ടില്ല. ഇതോടെ 14-ാം വകുപ്പിന് പ്രധാന്യമുള്ള പഴയ നിയമമാണ് കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.

ഒന്നാം പിണറായി സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന വിഎസ് സുനില്‍ കുമാര്‍, ഇ പി ജയരാജനെയും എ കെ ശശീന്ദ്രനെയും ഒഴിവാക്കിയായിരുന്നു ഹര്‍ജി സമപ്പിച്ചിരുന്നത്. തുക അനുവദിച്ചുകൊണ്ട് തീരുമാനം എടുത്ത മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നതാണ് വി എസ് സുനില്‍ കുമാര്‍ പരാതിയില്‍ നിന്ന് പുറത്ത് പോയത്. അക്കാലത്തു മന്ത്രിമാരല്ലായിരുന്നതിനാല്‍ ഇ പി ജയരാജനെയും എ കെ ശശീന്ദ്രനെയും ഒഴിവാക്കി.

ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് ലോകായുക്ത നിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് വിധി പറയുന്നത് അന്തിമമായി നീണ്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ