നിയമസഭയില്‍ അവതരിപ്പിച്ച ലോകായുക്ത ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നിയമസഭയില്‍ ഏറെ നേരം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. ബില്ലിനെച്ചൊല്ലി മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ സഭയില്‍ ഏറ്റുമുട്ടിയിരുന്നു. ലോകായുക്ത ജുഡീഷ്യല്‍ ബോഡി അല്ല, അന്വേഷണ സംവിധാനം മാത്രമാണെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി ബില്‍ അവതരിപ്പിച്ച നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി. നിലവിലെ നിയമത്തില്‍ ലോകായുക്തയെ കോടതിയെന്ന് പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണുയർത്തിയത്. ജുഡീഷ്യല്‍ സംവിധാനത്തിന്റെ അധികാരം എക്സിക്യൂട്ടിവ് തട്ടിയെടുക്കുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.
അതേസമയം, സാധാരണ പൗരന് ലഭിക്കേണ്ട നീതി ലോകായുക്ത തനിക്ക് നിഷേധിച്ചെന്ന് കെ ടി ജലീല്‍ സഭയില്‍ പറഞ്ഞു. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ജലീല്‍ കൂട്ടിച്ചേർത്തു. ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഒരുതവണ നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. നിയമം കൊണ്ടുവരുമ്പോള്‍ ലോക്പാല്‍ ഇല്ലെന്നും ലോക്പാൽ നിയമത്തിലെ വ്യവസ്ഥയാണ് ലോകായുക്ത നിയമഭേദഗതിയെന്ന് മന്ത്രി പി രാജീവ് മറുപടി നല്‍കി. ലോകയുക്താ നിയമത്തിലെ 14-ാം വകുപ്പാണ് ഭരണഘടനാ വിരുദ്ധം. നിയമത്തിലെ ഒരു ഭാഗം തെറ്റാണെന്ന് കണ്ടെത്തിയാൽ അത് തിരുത്താൻ അധികാരമുണ്ട്, ലോക്പാലിനു ശിക്ഷ വിധിക്കാൻ അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അഴിമതി കേസില്‍ ജനപ്രതിനിധികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ നീക്കാനുള്ള ലോകായുക്തയുടെ അധികാരം റദ്ദാക്കുന്നതാണ് ഭേദഗതി. ഭേദഗതിപ്രകാരം ലോകായുക്തയുടെ അധികാരം മുഖ്യമന്ത്രിയിലേക്കും ഗവർണറിലേക്കും കൈമാറും . വീണ്ടും ഹിയറിങ് നടത്തി ലോകായുക്ത വിധി സർക്കാരിന് തള്ളാമെന്നതാണ് എതിർപ്പിനാധാരം. 11 ഓർഡിനന്‍സുകളുടെ കാലാവധി പുതുക്കാനുള്ള തീരുമാനം ഗവർണർ എതിർത്തതോടെയാണ് ബില്‍ അവതരിപ്പിക്കാന്‍ സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചത്.