ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നാം സീറ്റ് സംബന്ധിച്ച് കോൺഗ്രസുമായി നടത്തിയ ചർച്ച തൃപ്തികരമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. ചർച്ചയുടെ വിശദവിവരങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് തങ്ങൾ സ്ഥലത്തില്ല. 27-ാം തീയതി പാണക്കാട്ട് വെച്ച് ലീഗിന്റെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ കാര്യങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
മാധ്യമങ്ങൾ ഇപ്പോൾ ഒരു കാര്യവും ചോദിക്കരുതെന്നും ചർച്ചയിൽ എല്ലാം പോസിറ്റീവ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് യോഗത്തിന് മുമ്പ് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞിരുന്നു.
സീറ്റ് വിഷയം സൗഹാർദപരമായി തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കിയിരുന്നു.
യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ, ഇടി മുഹമ്മദ് ബഷീർ എംപി, പിഎംഎ സലാം എന്നിവരായിരുന്നു പങ്കെടുത്തത്.