KERALA

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക; 81 കോടി 73 ലക്ഷം രൂപ അനുവദിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ

നിയമകാര്യ ലേഖിക

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകർ ചെലവഴിച്ച കുടിശ്ശിക തുകയുടെ 50ശതമാനം നല്‍കാന്‍ ഉത്തരവിറക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 81 കോടി 73 ലക്ഷം രൂപ അനുവദിച്ചതായാണ് കോടതിയെ അറിയിച്ചത്. എന്നാൽ കുടിശ്ശിക മുഴുവനും വേണമെന്ന് അധ്യാപക സംഘടന കോടതിയിൽ ആവശ്യപെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ തുകയും നല്‍കാമെന്ന സര്‍ക്കാരിന്റെ ഉറപ്പ് ജസ്റ്റിസ് ടി ആർ രവി രേഖപെടുത്തി.

ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വർധിപ്പിക്കണമെന്നും തുക മുൻകൂറായി പ്രധാന അധ്യാപകർക്ക് നൽകണമെന്നുമാവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് സർക്കാർ നൽകുന്നത് യഥാർഥ ചെലവിന്റെ 50 ശതമാനം മാത്രമാണെന്നും ഇത് തന്നെ സമയത്ത് ലഭിക്കാത്തതിനാൽ മിക്ക സ്കൂളുകളിലും പ്രധാന അധ്യാപകർക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ഉച്ചഭക്ഷണത്തിനുള്ള യഥാർഥ ചെലവിന്റെ അടിസ്ഥാനത്തിൽ തുക വർധിപ്പിക്കുക, ഇത് എല്ലാ മാസവും ആദ്യം തന്നെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ചുമതലയിൽ നിന്ന് പ്രധാന അധ്യാപകരെ ഒഴിവാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജി വീണ്ടും ഈ മാസം 30 ന് പരിഗണിക്കാനായി മാറ്റി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും