KERALA

'കിലോയ്ക്ക് മുന്നൂറ് രൂപ തന്നാല്‍ മറ്റൊരു തത്വവും ഇല്ല എന്നത് ക്രിസ്തീയവിശ്വാസം അല്ല'; പാംപ്ലാനിക്കെതിരെ എം എ ബേബി

ആര്‍എസ്എസ് സര്‍ക്കാര്‍ റബ്ബറിന്റെ വില കൂട്ടാന്‍ പോകുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം

വെബ് ഡെസ്ക്

റബ്ബര്‍ വില മുന്നൂറ് രൂപ ആക്കിയാല്‍ കേരളത്തില്‍ നിന്ന് ബിജെപി എംപിയില്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവവനയ്‌ക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. ജോസഫ് പാംപ്ലാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണെന്നും നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ലെന്നും എം എ ബേബി കുറ്റപ്പെടുത്തി. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല- എം എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'റബ്ബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,' എന്ന് പറയുന്ന സീറോ മലബാര്‍ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.'നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ നിങ്ങളോട് പറയുന്നു.' മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തില്‍ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കില്ല. ആര്‍എസ്എസ് സര്‍ക്കാര്‍ റബ്ബറിന്റെ വില കൂട്ടാന്‍ പോകുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം. അവര്‍ കര്‍ഷകരെ കൂടുതല്‍ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ച് മാത്രമല്ല ക്രിസ്ത്യാനികള്‍ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്. ആഗോള കത്തോലിക്കാ സഭയുടെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാന്‍ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാന്‍ അല്ല.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്‌ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈദികരില്‍ നിന്നടക്കം എതിര്‍പ്പുയരുകയും ഇടത്-കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

പ്രതിഷേധം കനക്കുന്നതിനിടെ തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. പ്രസ്താവന വിവാദമായതോടെ ഇത് സഭയുടെ നിലപാടല്ലെന്നും മലയോര കര്‍ഷകരുടെ പൊതുവികാരമാണെന്നും പാപ്ലാനി വിശദീകരിക്കുകയും ചെയ്തു.

ഇതിനിടെ ബിജെപി നേതാക്കളുമായി ബിഷപ്പ് കൂടിക്കാഴ്ച നടത്തിയതും വിമർശനങ്ങൾക്ക് വഴിവച്ചു. എന്നാല്‍ ന്യൂനപക്ഷ സെമിനാറിന് ക്ഷണിക്കാനാണ് ബിജെപി നേതാക്കള്‍ എത്തിയതെന്നും വിവാദമുണ്ടാക്കുന്നവര്‍ എന്താണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു പാംപ്ലാനിയുടെ വിശദീകരണം. വിഷയത്തില്‍ രാഷ്ട്രീയ പക്ഷമോ, മതപക്ഷമോ ഇല്ല, കര്‍ഷക പക്ഷം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ