KERALA

'എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം, നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കണം'; സംയുക്ത പ്രസ്താവനയുമായി സ്ത്രീപക്ഷപ്രവര്‍ത്തകര്‍

സിനിമാ മേഖലയില്‍നിന്ന് തന്നെ ആരോപണങ്ങള്‍ നേരിടുന്നയാളെ സര്‍ക്കാര്‍ വീണ്ടും സിനിമാനയം രൂപീകരിക്കുന്ന സമിതിയില്‍ ഉള്‍പ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണെന്ന് പ്രസ്താവന

വെബ് ഡെസ്ക്

എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയുമായി സ്ത്രീപക്ഷ പ്രവര്‍ത്തകര്‍. മുകേഷിനെ ഒഴിവാക്കാത്തപക്ഷം കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും സാറ ജോസഫ്, കെ ആര്‍ മീര, കെ അജിത എന്നിവരുടെ നേതൃത്വത്തില്‍ 100 സ്ത്രീപക്ഷപ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.

സിനിമാനടനും കൊല്ലം എം എല്‍ എയുമായ മുകേഷ് വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും നിരവധി ആരോപണങ്ങള്‍ നേരിടുന്നയാളാണ്. ഇപ്പോള്‍ തന്നെ മൂന്ന് സ്ത്രീകള്‍ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്.

ഗാര്‍ഹിക പീഡനം, ബലാത്സംഗം, തൊഴില്‍മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങള്‍ മുകേഷിന്റെ പേരിലുണ്ട്. നിയമനിര്‍മാണ സഭയിലെ അംഗമെന്ന നിലയില്‍ ഉത്തരവാദിത്വമുള്ള പദവിയാണ് എംഎല്‍എ സ്ഥാനം. സിനിമാ മേഖലയില്‍നിന്ന് തന്നെ ആരോപണങ്ങള്‍ നേരിടുന്നയാളെ സര്‍ക്കാര്‍ വീണ്ടും ചലച്ചിത്രനയം രൂപീകരിക്കുന്ന സമിതിയിൽ ഉള്‍പ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.

ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്‌ക്കേണ്ടതാണ്. അദ്ദേഹം അതിനു തയ്യാറാകാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ ആ സ്ഥാനത്തുനിന്ന് മാറ്റുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്നും സിനിമ കോണ്‍ക്ലേവിന്റെ ചുമതലകളില്‍നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

മേഴ്‌സി അലക്‌സാണ്ടര്‍, ഡോ. രേഖ രാജ്, വി പി സുഹ്റ, ഡോ. സോണിയ ജോര്‍ജ്, വിജി പെണ്‍കൂട്ട്, ഡോ. സി എസ് ചന്ദ്രിക തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍