അമിതാധികാര പ്രയോഗത്തിനെതിരേ എം ടി വാസുദേവന്‍ നായര്‍ ശബ്ദമുയര്‍ത്തിയതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എം മുകുന്ദനും. സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവരാണെന്നും അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ, ജനം പിന്നാലെയുണ്ട് എന്നാണെന്നും നാം ജീവിക്കുന്നത് കിരീടം വാഴുന്ന കാലത്താണെന്നും മുകുന്ദന്‍ തുറന്നടിച്ചു. കോഴിക്കോട് കെഎല്‍എഫ് വേദിയില്‍ ആയിരുന്നു മുകുന്ദന്റെ വിമര്‍ശനം.
വരുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ മനുഷ്യന്റെ മൂല്യം ഓര്‍ത്തു വേണമെന്നും സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവരാണെന്നും അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണെന്നും മുകുന്ദന്‍ പറഞ്ഞു.
''തിരഞ്ഞെടുപ്പ് ഇനിയും വരും. വോട്ട് ചെയ്യേണ്ടത് അനിവാര്യതയാണ്. കാരണം നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. അപ്പോള്‍ മനുഷ്യ രക്തത്തിന്റെ മൂല്യം അറിഞ്ഞു വോട്ട് ചെയ്യാന്‍. കിരീടങ്ങള്‍ വാഴുന്ന കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ടു മനുഷ്യരക്തത്തിന്റെ വില നമ്മള്‍ തിരിച്ചറിയണം. കിരീടത്തെക്കാള്‍ വിലയുള്ളതാണ് മനുഷ്യന്റെ ഒരു തുള്ളി ചോര. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ കിരീടമാണ് കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്''- മുകുന്ദന്‍ പറഞ്ഞു.
''സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. കിരീടത്തിലേക്ക് അല്ലെങ്കില്‍ സിംഹാസനത്തിലേക്കുള്ള യാത്ര എളുപ്പമല്ല. കഷ്ടപ്പെട്ട് ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ച് ചോരചിന്തിയാണ് അവിടെ എത്തുന്നത്. ഒരിക്കല്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാല്‍ നടന്നുപോന്ന വഴിയൊക്കെ മറക്കുന്ന കാഴ്ചയാണ് കാണുന്നത്. അത് എല്ലായിടത്തും കാണുന്ന കാഴ്ചയാണ്. അവരെ ജയപ്രകാശ് നാരായണ്‍ പറഞ്ഞത് ഓര്‍മിപ്പിക്കുന്നു. സിംഹാസനം ഒഴിയൂ, ജനങ്ങള്‍ വരുന്നുണ്ട്''- മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
കെഎല്‍എഫ് ഉദ്ഘാടന വേദിയില്‍ എംടി ഉന്നയിച്ച വിമര്‍ശനത്തെയും മുകുന്ദന്‍ പിന്തുണച്ച്. വിമര്‍ശനം ആവശ്യമാണെന്നും എന്നാല്‍ ഇപ്പോള്‍ പലര്‍ക്കും വിമര്‍ശനം കേള്‍ക്കുമ്പോള്‍ സഹിഷ്ണുത ഇല്ലാതാകുന്നുവെന്നും അതുകൊണ്ടു പലരും വിമര്‍ശിക്കാന്‍ മടിക്കുന്നുണ്ട്. അത് ശരിയായ പ്രവണതയല്ല. നിര്‍ഭയം വിമര്‍ശിക്കാനുള്ള സാഹചര്യം ഇന്ത്യയിലെമ്പാടും ഉണ്ടാകണമെന്നും കേരളത്തിലും ആ സാഹചര്യം വേണമെന്നും മുകുന്ദന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതേസമയം ഇടര്‍ച്ചകള്‍ ഉണ്ടായിട്ടുമുണ്ട്. അത്തരം ഇടര്‍ച്ചകള്‍ സംഭവിക്കുമ്പോള്‍ വിമര്‍ശിക്കാന്‍ വേണ്ടിയാണ് ഇവിടെ എഴുത്തുകാര്‍ ഉള്ളതെന്നും മുകുന്ദന്‍ വ്യക്തമാക്കി.
രാഷ്ട്രീയ രംഗത്ത് വ്യക്തിപൂജ വേണ്ടെന്നാണ് തന്റെയും അഭിപ്രായമെന്നും മുകുന്ദന്‍ പറഞ്ഞു. ''ഇഎംഎസ് വ്യക്തിപൂജയില്‍ വിശ്വസിച്ചിരുന്നില്ലെന്നത് സത്യമാണ്. കേരളത്തിലെ നേതാക്കള്‍ എല്ലാം അങ്ങനെയാകണം, അത് ഏത് പാര്‍ട്ടിയായാലും. നേതൃസ്തുതികളില്‍ അഭിരമിക്കുന്ന നേതാക്കളയല്ല ഇവിടെ വേണ്ടത്''- മുകുന്ദന്‍ പറഞ്ഞു.
കെഎല്‍എഫിന്റെ ഉദ്ഘാടന വേദിയില്‍ എം ടി ഉയര്‍ത്തിയ വിമര്‍ശനം വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. ഭരണകര്‍ത്താക്കളുടെ അധികാര ദുഷിപ്പിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നതായിരുന്നു എം ടിയുടെ പ്രസംഗം. ഇത് പിണറായി വിജയനെ ഉദ്ദേശിച്ചുകൊണ്ടാണെന്ന് വലിയൊരു വിഭാഗം പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും മറ്റു ചിലരും അഭിപ്രായപ്പെടുന്നത്. പക്ഷേ പ്രസംഗം കേട്ട പലര്‍ക്കും എം ടി വിമര്‍ശിച്ചത് പിണറായി വിജയനെ ആണെന്നാണ് തോന്നിയത്.