സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷുമായി അനുരഞ്ജ ചര്‍ച്ച നടത്താന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണെ നിയോഗിച്ചതിനെതുടര്‍ന്ന് അപ്രധാന തസ്തികയിലേക്ക് മാറ്റപ്പെട്ട എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു.
വിജയ് സാഖറെ ഡെപ്യൂട്ടേഷനില്‍ എന്‍ഐഎയിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. നിലവില്‍ ബറ്റാലിയൻ എഡിജിപിയാണ് അജിത് കുമാർ.
സ്വപ്ന സുരേഷിന്റെ സുഹൃത്തും ലൈഫ് മിഷന്‍ കേസില്‍ കൂട്ടുപ്രതിയായ പി എസ് സരിത്തിനെ സ്വപ്നയുടെ വീട്ടില്‍നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയ ദിവസം 19 തവണ ഷാജ് കിരണുമായി അജിത്ത് കുമാര്‍ സംസാരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ഇത് വിവാദമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്.