KERALA

എം ശിവശങ്കർ വിരമിക്കുന്നു

27 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിന് ശേഷമാണ് വിരമിക്കുന്നത്

ദ ഫോർത്ത് - തിരുവനന്തപുരം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഐഎഎസ് സർവീസിൽ നിന്നും വിരമിക്കുന്നു. ആർഡിഒയായി സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്യവേ 1995ൽ ഐഎഎസ് ലഭിച്ച ശിവശങ്കർ, 27 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിനു ശേഷമാണ് വിരമിക്കുന്നത്. സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട് സർവീസ് കാലാവധിയിൽ വലിയ വിവാദങ്ങൾ നേരിട്ടതിനുശേഷമാണ് വിരമിക്കൽ.1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

സർവീസിൽനിന്ന് സ്വയം വിരമിക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും കോടതിയിൽ കേസുള്ളതിനാൽ സർക്കാർ അനുമതി നൽകിയിരുന്നില്ല. ജയിൽവാസം അനുഭവിച്ച കാലഘട്ടത്തെ ആസ്പദമാക്കി എം ശിവശങ്കർ രചിച്ച 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ വിവാദനായക സ്വപ്നയെ പരിചയമുണ്ടെന്നും സ്വർണക്കടത്ത് ബന്ധം അറിയില്ലായിരുന്നെന്നും ഈ പുസ്തകത്തിൽ അദ്ദേഹം എഴുതിയിരുന്നു.

വിവാദമായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 28നാണ് എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റു ചെയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ അറസ്റ്റ് രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. പ്രതിപക്ഷം ശിവശങ്കറിന്റെ അറസ്റ്റിനെ രാഷ്ട്രീയ ആയുധമാക്കി. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി ശിവശങ്കറിനെ പിന്തുണച്ച് രംഗത്ത് വന്നെങ്കിലും സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ നടപടിയെടുക്കാൻ നിർബന്ധിതനായി. തുടർന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റി. കേരളത്തിൽ കേന്ദ്ര ഏജൻസികൾ ഇത്രയധികം ചോദ്യം ചെയ്ത മറ്റൊരു സിവിൽ സർവീസുകാരൻ ഉണ്ടാകില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ