KERALA

സ്വപ്ന പറയുന്നത് പച്ചക്കള്ളമെന്ന് വിജേഷ് പിള്ള; നടന്നത് വെബ് സീരീസ് ചർച്ച; കണ്ണൂരിൽ പിള്ളമാരില്ലെന്ന് എം വി ഗോവിന്ദൻ

സ്വപ്നയുടെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല. തിരക്കഥ എഴുതുമ്പോൾ കുറച്ച് കൂടി വിശ്വാസയോഗ്യമായി വേണം ചെയ്യാനെന്ന് എം വി ഗോവിന്ദൻ

വെബ് ഡെസ്ക്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയുടെ ആരോപണങ്ങൾ കള്ളമാണെന്നും നടന്നത് വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയാണെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. വിജേഷിനെ തനിക്ക് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.

സ്വപ്നയെ ബെംഗളൂരുവിലെ ഹോട്ടലിൽ വച്ച് കണ്ടിരുന്നു. ഒടിടി പ്ലാറ്റ്ഫോമിലെ വെബ് സീരിസിന്റെ കാര്യം ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നു കൂടിക്കാഴ്ച. 30 കോടി തരാമെന്നല്ല, വെബ് സീരിസിന്റെ 30ശതമാനം ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞത്. 30 കോടി വാഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെയെന്നും വിജേഷ് വെല്ലുവിളിച്ചു. സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിക്കുകയോ സ്വപ്നയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും വിജേഷ് പിള്ള പറഞ്ഞു.

തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ല. ഒരേ നാട്ടുകാരാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ടിവിയിൽ മാത്രമാണ് കണ്ടിട്ടുള്ളതെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്‌നാ സുരേഷ് ആരോപിച്ചത് പോലെ എം വി ഗോവിന്ദനെ നേരിട്ട് പരിചയമില്ല. അദ്ദേഹം തന്റെ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ കുറിച്ച് കൂടിക്കാഴ്ചക്കിടെ പരാമർശിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി.

അതേസമയം, വിജേഷ് പിള്ളയെ പരിചയമേ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല. തിരക്കഥ എഴുതുമ്പോൾ കുറച്ച് കൂടി വിശ്വാസയോഗ്യമായി വേണം ചെയ്യാൻ. സ്വപ്നക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'എനിക്ക് വിജേഷ് പിള്ള എന്നൊരാളെ അറിയില്ല. പിന്നെ കണ്ണൂരിൽ പിള്ളമാരില്ല. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. സിപിഎം ജാഥയുടെ വിജയം തടയാനുള്ള തിരക്കഥയാണ് പിന്നില്‍. തിരക്കഥ എഴുതുമ്പോൾ കുറച്ച് കൂടി വിശ്വാസയോഗ്യമായി വിധത്തിൽ വേണം. പേര് പോലും തെറ്റായിട്ടാണ് പറഞ്ഞത്. സ്വപ്നയുടെ ആരോപണത്തില്‍ പറഞ്ഞ പേരല്ല മാധ്യമങ്ങള്‍ കൊടുത്തത്. ആരോപണങ്ങളിൽ ചൂളിപ്പോകുമെന്ന് ആരും കരുതണ്ട. ജാഥയുമായി മുന്നോട്ട് തന്നെ പോകും''- എം വി ഗോവിന്ദൻ പറഞ്ഞു.

രണ്ട് ദിവസം മുമ്പായിരുന്നു സ്വപ്നയും വിജേഷും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വെബ് സീരിസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയിലെ ചിത്രങ്ങളാണ് സ്വപ്ന പുറത്തുവിട്ടതെന്നും വിജേഷ് പിള്ള പറയുന്നു. ഫോൺ നശിപ്പിച്ച ശേഷം ഹരിയാനയിലേക്ക് നാടുവിടണമെന്ന് വിജേഷ് പറഞ്ഞതായി സ്വപ്‍ന ആരോപിച്ചിരുന്നു. എന്നാൽ കേരളത്തിൽ സുരക്ഷിതയല്ലെന്ന് സ്വപ്ന പറഞ്ഞതിനാൽ വെബ് സീരിസിന്റെ ചിത്രീകരണം ഹരിയാനയിൽ നടത്താമെന്ന് പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിൽ സ്വപ്നക്കെതിരെ മാനനഷ്ടകേസ് കൊടുത്തെന്നും വിജേഷ് വ്യക്തമാക്കി.

സ്വർണക്കടത്ത് കേസിൽ ഒത്തു തീർപ്പിനായി സിപിഎം നേതാക്കൾക്കുവേണ്ടി വിജയ് പിള്ള എന്നയാൾ തന്നെ സമീപിച്ചുവെന്ന ആരോപണവുമായാണ് സ്വപ്ന സുരേഷ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. കൂടിക്കാഴ്ചയിൽ വിജേഷ് 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നാണ് സ്വപ്നയുടെ ആരോപണം. നേരിട്ട് കണ്ടതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാർഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു. തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തു. വ്യാഴാഴ്ച രാത്രി 12 മണിയോട് കൂടിയായിരുന്നു ഇ ഡി വിജേഷ് പിള്ളയെ പുറത്തുവിട്ടത്. ഇ ഡി ചോദ്യം ചെയ്തപ്പോൾ അറിയുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ടെന്നും വിജേഷ് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ