KERALA

'പാർട്ടിയെയും സർക്കാരിനെയും വിമർശിക്കാം'; മാധ്യമങ്ങൾക്കെതിരായ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് എം വി ഗോവിന്ദൻ

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷൊയ്‌ക്കെതിരെ ഗൂഢാലോചന നടന്നെന്നും മാധ്യമ പ്രവര്‍ത്തകയ്ക്ക് അതില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനാലാണ് കേസെടുത്തതെന്നും എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു

വെബ് ഡെസ്ക്

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊയുടെ മാര്‍ക്ക്‌ലിസ്റ്റ് സംബന്ധിച്ച വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതിനെത്തുടർന്നുള്ള നിലപാടിൽ വ്യാപക വിമർശനമുയർന്നതോടെ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാരിനെയോ പാര്‍ട്ടിയേയോ വിമര്‍ശിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പറയാത്ത കാര്യങ്ങള്‍ തന്‌റെ പേരില്‍ ചേര്‍ക്കുകയാണെന്നുമാണ് പുതിയ വാദം.

സര്‍ക്കാര്‍ - എസ്എഫ്‌ഐ വിരുദ്ധ ക്യാംപെയ്ന്‍ നടത്തിയതിന് മുന്‍പും കേസെടുത്തിട്ടുണ്ടെന്നും ഇനിയും കേസെടുക്കുമെന്നുമായിരുന്നു എം വി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നത്. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ സി പി എമ്മിന്റെ ഈ നിലപാടിനെതിരെ കടുത്ത വിമർശനമാണ് സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉയർന്നത്. തുടർന്ന് നിലപാട് മയപ്പെടുത്തേണ്ടെ അവസ്ഥയിലേക്ക് സിപിഎം എത്തുകയായിരുന്നു. ഈ ദിശയിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനാണ് ആദ്യം രംഗത്തുവന്നത്. മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച് ആരും ഉത്‌കണ്ഠപ്പെടേണ്ടെന്നും എല്ലാക്കാലത്തും ഇടതുപക്ഷം മാധ്യമങ്ങൾക്കൊപ്പമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആര്‍ഷൊയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടകര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഞായറാഴ്ച എം വി ഗോവിന്ദന്റെ വിവാദ പരാമര്‍ശം. എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എം വിഗോവിന്ദന്‍ ഇന്ന് വിശദീകരിച്ചു.

''ക്രിമിനല്‍ ഗൂഢാലോചന, നിയമത്തിന്‌റെ മുന്നില്‍ കൃത്യമായി വരേണ്ടതാണ്. കുറ്റവാളി മാധ്യമപ്രവര്‍ത്തകയായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് താന്‍ പറഞ്ഞത്. അതിന് മുകളില്‍ തന്‌റെ പേരില്‍ പറഞ്ഞതെല്ലാം തെറ്റായ കാര്യങ്ങളാണ്,'' എം വി ഗോവിന്ദന്‍ പറഞ്ഞു.

''പറയാത്ത കാര്യങ്ങള്‍ പറയുക, ആ വാദത്തെ അടിസ്ഥാനമാക്കി ചര്‍ച്ച നടത്തുക. ചര്‍ച്ചയുടെ ഭാഗമായി മുഖപ്രസംഗം എഴുതുക. ഇതാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് തെറ്റായ പ്രവണതായാണ്. ആടിനെ പട്ടിയാക്കുന്ന കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍ തന്‌റെ പേരില്‍ ചേര്‍ക്കുകയാണ്. മാധ്യമങ്ങള്‍ക്കായാലും വ്യക്തികള്‍ക്കായാലും പാര്‍ട്ടിയേയോ സര്‍ക്കാരിനേയോ വിമര്‍ശിക്കാൻ അവകാശമുണ്ട്,'' എം വി ഗോവിന്ദൻ പറഞ്ഞു.

ആര്‍ഷൊയ്‌ക്കെതിരെ ഗൂഢാലോചന നടന്നെന്നും അതില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനാലാണ് കേസെടുത്തതെന്നും എം വിഗോവിന്ദന്‍ ഇന്നും ആവർത്തിച്ചു. ഗൂഢാലോചന ബോധ്യപ്പെട്ടതിനാലാണ് ആര്‍ഷൊയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യത്തില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ശരിയായ നിലപാട് സ്വീകരിക്കുന്നത് അഹങ്കാരമോ ധാര്‍ഷ്ട്യമോ അല്ല. ആര്‍ജവമുള്ള നിലപാട് ഇനിയും തുടരുമെന്നും എം വിഗോവിന്ദന്‍ പറഞ്ഞു.

ആടിനെ പട്ടിയാക്കുന്ന കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍ തന്‌റെ പേരില്‍ ചേര്‍ക്കുകയാണ്.
എം വി ഗോവിന്ദൻ

മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോ നല്‍കിയ പരാതിയില്‍ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയാണ് കേസെടുത്തത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. മുഖ്യധാരാ മാധ്യമങ്ങളടക്കം പാര്‍ട്ടി സെക്രട്ടറിയുടെ പരാമര്‍ശം മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഇടപെടലെന്ന് വിമര്‍ശിച്ചു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം