KERALA

മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍; 60 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പോലീസ്

ഭീമമായ തുകയാണിതെന്നും അഭിഭാഷകരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മഅദനിയുടെ കുടുംബം

ദ ഫോർത്ത് - ബെംഗളൂരു

ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. യാത്രയ്ക്ക് 60 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പോലീസ് അറിയിച്ചു. 82 ദിവസം കേരളത്തിൽ തങ്ങുന്നതിനുള്ള സുരക്ഷാ ചെലവായിട്ടാണ് പണം കെട്ടിവയ്ക്കണമെന്ന നിർദേശം.

മഅദനിയുടെ സുരക്ഷ കണക്കിലെടുത്ത് അകമ്പടി സേവിക്കുന്ന പോലീസുകാരുടെ ചെലവിന് വേണ്ടിയാണ് തുക. ഭീമമായ തുകയാണിതെന്നും അഭിഭാഷകരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മഅദനിയുടെ കുടുംബം പ്രതികരിച്ചു.

മഅദനിയുടെ യാത്ര സംബന്ധിച്ച വിശദ വിവരങ്ങൾ അഭിഭാഷകൻ മുഖേന കർണാടക പോലീസിന് കൈമാറിയിരുന്നു. കർണാടക പോലീസിൽ നിന്നുള്ള പ്രത്യേക സംഘം കേരളത്തിലുള്ള സ്ഥലങ്ങൾ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമേ യാത്രയ്ക്ക് അന്തിമ അനുമതി കൊടുക്കുകയുള്ളൂ എന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെയാണ് യാത്രയ്ക്ക് 60 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്ന് പോലീസ് കുടുംബത്തെ അറിയിച്ചത്.

സുപ്രീംകോടതി തിങ്കളാഴ്ചയാണ്, ജൂലൈ 10 വരെ കേരളത്തിൽ തങ്ങാൻ ജാമ്യ വ്യവസ്ഥയിൽ മഅദനിക്ക് ഇളവ് അനുവദിച്ചത്. ബെംഗളൂരു സ്‌ഫോടനക്കേസിൽ 2014 ൽ ഉപാധികളോടെ ജാമ്യം ലഭിച്ച അബ്ദുൽ നാസർ മഅദനി കഴിഞ്ഞ 9 വർഷമായി ബെംഗളൂരുവിൽ വാടകയ്ക്ക് താമസിക്കുകയാണ്. ബെംഗളൂരു നഗരം വിട്ട് പോകരുതെന്നായിരുന്നു അന്ന് സുപ്രീംകോടതി മുന്നോട്ട് വച്ച ജാമ്യ ഉപാധി. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്നായിരുന്നു കേരളത്തിലേക്ക് പോകാൻ അനുമതി തേടി മഅദനി സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെ മക്കളുടെ വിവാഹത്തിനും മാതാവിനെ സന്ദർശിക്കാനും ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കേരളത്തിലേക്ക് തിരിച്ചപ്പോഴും സമാനമായിരുന്നു സ്ഥിതി. 2008 ലെ ബാംഗ്ലൂർ സ്ഫോടന കേസിൽ 3-1ാം പ്രതിയാണ് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. ആദ്യം കർണാടക പോലീസും പിന്നീട് എൻഐഎയും ഏറ്റെടുത്ത കേസിൽ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്