KERALA

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി; ഇടപെടൽ ആനയെ കേരളത്തിന് കൈമാറണമെന്ന ഹർജിയിൽ

നാളെ ഹര്‍ജി പരിഗണിക്കുന്നത് വരെ ആനയെ സംരക്ഷിക്കണമെന്ന് നിർദേശം

വെബ് ഡെസ്ക്

തമിഴ്നാട്ടിൽ ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ ഒറ്റയാൻ അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്ന് വിടരുതെന്ന് മദ്രാസ് ഹൈക്കോടതി. ആനയെ തിരുനെൽവേലി കളക്കാട് കടുവാസങ്കേതത്തിൽ തുറന്നുവിടാനായി തമിഴ്നാട് വനംവകുപ്പ് കൊണ്ടുപോകുമ്പോഴാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ.

എറണാകുളം സ്വദേശി നൽകിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ.അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജിയിൽ നാളെ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. അതുവരെ ആനയെ സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജനവാസ മേഖലയിലേക്കിറങ്ങിയ അരിക്കൊമ്പനെ ഞായറാഴ്ച രാത്രിയാണ് തമിഴ്നാട് വനംവകുപ്പ് രണ്ട് ഡോസ് മയക്കുവെടിവച്ച് പിടികൂടിയത്. മയക്കുവെടി വച്ച ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പിന്റെ ആംബുലൻസിലേക്ക് മാറ്റി. ആദ്യം ഉസലെന്‍പ്പെട്ടി മണിമലയാറിന് സമീപത്ത് ഇറക്കി വിടാന്‍ ആലോചിച്ചിരുന്നെങ്കിലും തീരുമാനം മാറ്റി. ആനയെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇപ്പോൾ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനം ചെക്പോസ്റ്റുകളുടെയടക്കം നിയന്ത്രണം തമിഴ്നാട് പോലീസ് ഏറ്റെടുത്തു. അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടർന്ന മാധ്യമങ്ങളെ തമിഴ്നാട് പൊലീസ് തടഞ്ഞിരുന്നു.

മേയ് 27ന് കമ്പം ജനവാസ മേഖലയിലേക്കിറങ്ങി അരിക്കൊമ്പന്‍ പരിഭ്രാന്തി പരത്തിയതിന് പിന്നാലെയാണ് മയക്കുവെടിവച്ച് ആനയെ കാട്ടിലേക്ക് മാറ്റാന്‍ തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. എല്ലാ തയ്യാറെടുപ്പുകളും നടത്തിയെങ്കിലും അരിക്കൊമ്പന്‍ കാട്ടിലേക്ക് മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചു. കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു ആന. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ആന വീണ്ടും ജനവാസമേഖലയിൽ എത്തിയത്. തുമ്പിക്കൈയ്ക്ക് പരുക്കേറ്റ നിലയിലാണ് അരിക്കൊമ്പന്‍.

കഴിഞ്ഞ ഏപ്രില്‍ 29നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവച്ച് പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയത്. സാറ്റലൈറ് കോളര്‍ സിഗ്‌നല്‍ നിരീക്ഷിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞദിവസം അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ കമ്പം ജനവാസമേഖലയിൽ പ്രശ്‌നമുണ്ടാക്കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ