എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസിൽ കെ വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താൻ നിരപരാധിയാണെന്നും വ്യാജ രേഖ ചമച്ചിട്ടില്ലെന്നും തനിക്കെതിരെയുള്ളത് വ്യാജ കേസാണെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടന്നും ചൂണ്ടി കാട്ടിയാണ് ഹർജി. അവിവാഹിതയായ തന്നെ അറസ്റ്റ് ചെയ്താൽ ഭാവിയെ ബാധിക്കുമെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. ഹർജിയിൽ കോടതി പോലീസിന്റെ വിശദീകരണം തേടി.
അധ്യാപക അഭിമുഖത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അഗളി പോലീസ് കെ വിദ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് എസ്എഫ്ഐ മുന്‍ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അട്ടപ്പാടി ഗവ. ആര്‍ജിഎം. കോളേജില്‍ ഹാജരാക്കിയ വ്യാജരേഖകള്‍ കണ്ടെത്താന്‍ അഗളി പോലീസ് വിദ്യയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. വിവാദത്തിന് പിന്നാലെ വിദ്യ ഒളിവിലാണെന്ന് കെഎസ് യു ആരോപിച്ചിരുന്നു.
ജൂണ്‍ രണ്ടിനാണ് വ്യാജരേഖയുമായി ബന്ധപ്പെട്ട സംഭവം പുറത്തുവരുന്നത്. ഈ മാസം രണ്ടിന് മലയാളം ഗസ്റ്റ് അധ്യാപക നിയമനാഭിമുഖത്തിന് കെ വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തി പരിചയസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്നും അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കണമെന്നുമായിരുന്നു അട്ടപ്പാടി ഗവ. ആര്‍ജിഎം കോളേജ് പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസ് നല്‍കിയ പരാതിയിലെ ആവശ്യം. മഹാരാജാസ് കോളേജില്‍ നിന്നുള്ള പരാതി എറണാകുളം പോലീസിലാണ് ലഭിക്കുന്നത്. പിന്നീട് കേസ് അഗളി പോലീസില്‍ കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഗളി സിഐ. കെ. സലീം കോളേജിലെത്തി പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തിരുന്നു.