KERALA

സുരേന്ദ്രന്റെ കസേര തെറിക്കും, പകരമെത്തുക വി മുരളീധരനെന്ന് അഭ്യൂഹം; സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള ദേശീയനേതൃത്വത്തിന്റെ പദ്ധതിയില്‍ നഷ്ടം മുഴുവന്‍ സുരേന്ദ്രന്

റഹീസ് റഷീദ്

ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നതിന്റെ ഭാഗമായി ബിജെപി കേരള നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ദേശീയനേതൃത്വം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുരേന്ദ്രനെ മാറ്റാന്‍ തീരുമാനിച്ചതായാണ് നേതൃത്വം വ്യക്തമാക്കുന്നത്. പകരക്കാരനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എത്തും. മുരളീധരന്‍ രാജിവയ്ക്കുന്ന ഒഴിവില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിക്കും.

കെ സുരേന്ദ്രനെ ദേശീയ നിര്‍വാഹക സമിതി അംഗമാക്കാനാണ് ആലോചന. ലോക്‌സഭാ സീറ്റും നല്‍കും. കഴിഞ്ഞ തവണ മത്സരിച്ച പത്തനംതിട്ട ഉള്‍പ്പെടെയുള്ള സീറ്റുകളിലേക്കാണ് പരിഗണിക്കുന്നത്.

ജാര്‍ഖണ്ഡ്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ ദേശീയനേതൃത്വം ഇന്നലെ മാറ്റിയിരുന്നു. ഇതോടെ ഇനി നേതൃമാറ്റമുണ്ടാവില്ലെന്ന ആശ്വാസത്തിലായിരുന്നു കെ സുരേന്ദ്രനും ഒപ്പമുള്ളവരും. എന്നാല്‍ കര്‍ണാടക, മധ്യപ്രദേശ്, ജമ്മുകശ്മീര്‍, കേരളം എന്നിവടങ്ങിലെ പ്രസിഡന്റുമാരെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ദേശീയമാധ്യമങ്ങളോട് സ്ഥിരീകരിച്ചിരിക്കുന്നത്.

മന്ത്രിസഭയില്‍നിന്ന് കൂടുതല്‍ പേരെ പാര്‍ട്ടി ചുമതലകളിലേക്ക് നിയോഗിക്കാനാണ് ദേശീയനേതൃത്വത്തിന്റെ തീരുമാനം. തെലങ്കാനയില്‍ കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയെയാണ് പ്രസിഡന്റാക്കിയത്. അതേ രീതിയില്‍ കേരളത്തില്‍ വി മുരളീധരന്‍ പ്രസിഡന്റാകട്ടെയെന്ന നിലപാടിലാണ് കേന്ദ്രനേതാക്കള്‍.

ഗ്രൂപ്പുകളുടെ തമ്മിലടിയില്‍ നിര്‍ജീവമായി കിടക്കുന്ന സംസ്ഥാനനേതൃത്വത്തെ ചടുലമാക്കാന്‍ വി മുരളീധരന് കഴിയുമെന്നാണ് ദേശീയനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കേരളത്തിലെ പാര്‍ട്ടിയുടെ ജനകീയ മുഖങ്ങളിലൊന്നായാണ് കേന്ദ്രനേതൃത്വം മുരളീധരനെ കാണുന്നത്. ഒപ്പം കേന്ദ്രമന്ത്രിയായിരിക്കെ സുരേഷ്‌ഗോപി തൃശ്ശൂരില്‍ മത്സരിക്കുന്നത് വിജയസാധ്യത കൂട്ടുമെന്ന പ്രതീക്ഷ ദേശീയ നേതൃത്വത്തിനുണ്ട്.

ഈ മാസം 24ന് പത്ത് സംസ്ഥാനങ്ങളിലെ രാജ്യസഭാ അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്നുണ്ട്. അതിലൊരു സീറ്റ് നല്‍കി സുരേഷ്‌ഗോപിയെ രാജ്യസഭയിലേക്ക് അയയ്ക്കാനാണ് ധാരണ. കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിന് പുനഃസംഘടനയില്‍ കാബിനറ്റ് പദവി ലഭിച്ചേക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ