മലപ്പുറം വേങ്ങര കൂരിയാട് റോഡ് വഴി പോകുന്നവർ പലശേരിമാട് എത്തിയാൽ ഒന്ന് നിന്നുപോകും. അത്രയും മനോഹരമാണ് ആ കാഴ്ച. ദേശീയപാതയോട് ചേർന്നുള്ള രണ്ടര ഏക്കറിൽ സൂര്യകാന്തി പൂത്തലഞ്ഞുകിടക്കുന്ന മനോഹാരിതയ്ക്കുപിന്നിൽ പ്രതിസന്ധികളെ അതിജീവിച്ച ഒരു മനുഷ്യന്റെ കഥയുണ്ട്. പതിമൂന്ന് കൊല്ലം മുൻപ് ഇരു വൃക്കകളും തകരാറിലായി ജീവിതം ഇരുട്ടിലായപ്പോഴും തളരാതെ മണ്ണിനോട് പൊരുതിയ അബൂബക്കറിന്റേത്.
പാട്ടത്തിനെടുത്ത ഭൂമിയിൽ പച്ചക്കറിയും തണ്ണിമത്തനും മാറി മാറി കൃഷി ചെയ്ത് ജീവിത വിജയം നേടിയ അബൂബക്കർ, വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുമ്പോഴാണ് വൃക്കകൾ തകരാറിലായ വിവരം അറിയുന്നത്. വൃക്ക മാറ്റിവയ്ക്കുക മാത്രമായിരുന്നു ഏക പോംവഴി. ഭാര്യ ഹസീന വൃക്ക നൽകിയതോടെ ശസ്ത്രക്രിയ നടന്നു. എന്നാൽ മൂന്നര വർഷം മാത്രമേ അതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ കഴിഞ്ഞിരുന്നുളളൂ. മാറ്റിവച്ച വൃക്കയും പ്രവർത്തനരഹിതമായപ്പോൾ വീണ്ടും ഡയാലിസിസിനെ ആശ്രയിക്കേണ്ടി വന്നു.
ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിൽ ജീവിതം വീണ്ടും മാറിയപ്പോഴും അബൂബക്കറിലെ കർഷകനെ രോഗത്തിന് തളർത്താനായില്ല. കൃഷിപ്പണിയിൽ സഹായിക്കുന്നതിനായി കൂട്ടുകാരായ അബ്ദു റിയാസും ഹംസയും കൂടി എത്തിയപ്പോൾ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുമെന്ന് അബൂബക്കർ ഉറച്ചുവിശ്വസിച്ചു. എന്നാൽ പക്ഷാഘാതത്തിന്റെ രൂപത്തിൽ ആറ് മാസം മുൻപ് മറ്റൊരു ദുർവിധി കൂടി അബൂബക്കറെ തേടിയെത്തി. ഇതോടെ ഡയാലിസിസിന് ഫിസിയോ തെറാപ്പിക്കുകൂടി അബുവിന് സമയം കണ്ടെത്തേണ്ടി വന്നു.
ഇരുപത്തിയെട്ട് കൊല്ലമായി അബൂബക്കർ കൃഷി ശ്വാസമാക്കിയിട്ട്. അതാണ് പ്രധാന വരുമാനമാർഗവും. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് കൃഷിയും മാറും. നാലര ഏക്കറിലായി പച്ചക്കറിയാണ് പ്രധാനമായും ചെയ്തു വന്നിരുന്നത്. നോമ്പുകാലത്ത് വത്തക്ക (തണ്ണിമത്തൻ) യായിരുന്നു കൃഷി. അതിന്റെ വിളവെടുപ്പ് കഴിഞ്ഞപ്പോൾ സൂര്യകാന്തി കൃഷിയിലേക്ക് തിരിഞ്ഞു. പതിനഞ്ച് ദിവസം കഴിയുമ്പോൾ സൂര്യകാന്തി വിത്തുകൾ വിളവെടുപ്പിന് പാകമാകും. അത് കഴിയുമ്പോൾ നെൽ കൃഷി ആരംഭിക്കും. തണ്ണിമത്തൻ കൃഷിയിൽ അബ്ദു റിയാസും പൂകൃഷിയിൽ ഹംസയും കൂടെയുളളത് വലിയ ആശ്രയമാണെന്ന് അബൂബക്കർ പറഞ്ഞു.
രണ്ടര ഏക്കറിലായി കൃഷി ചെയ്തിരിക്കുന്ന സൂര്യകാന്തികൾ പൂത്തലഞ്ഞപ്പോൾ കാണാനായി ധാരാളം പേരാണ് കുടുംബ സമേതം ഇവിടെയെത്തുന്നത്. സാമ്പത്തികമായി സഹായിക്കാൻ സന്നദ്ധരായ സന്ദർശകരെ ലക്ഷ്യമിട്ട് ഒരു ബക്കറ്റും പാടത്ത് വച്ചിട്ടുണ്ട്. എന്നാൽ, അതിലുപരിയായി സൂര്യകാന്തിപ്പൂക്കൾ കാണാനും സെൽഫിയെടുക്കാനുമായി പല സ്ഥലങ്ങളിൽ നിന്നായി പലരും നിത്യവും എത്തിച്ചേരുന്നതിന്റെ സന്തോഷത്തിലാണ് അബുവും കുടുംബവും.
അബൂബക്കർ-ഹസീന ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മകൻ മുഹമ്മദ് അൻ ഫാസ് പ്ലസ്ടുവിൽ മികച്ച വിജയം നേടിയെങ്കിലും തുടർന്ന് പഠിക്കാനുളള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ പാത്രക്കടയിൽ ജോലിക്ക് പോകുകയാണെന്ന് അബൂബക്കർ സങ്കടത്തോടെ പറഞ്ഞു. മകൾ നെസബ ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷയിൽ വിജയം നേടി.