മലപ്പുറം താനൂരിൽ 22 പേർ മരിച്ച അപകടത്തിൽ അപകടത്തിൽ പെട്ടത് ലൈസെൻസ് ഇല്ലാത്ത ബോട്ടെന്ന് റിപ്പോര്‍ട്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ടുടമ താനൂർ സ്വദേശിയായ നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. ഇയാൾ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയ ബോട്ടിന് ഫിറ്റ്നസ് ലഭിച്ചതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
ഇരുപതിലധികം ആളുകളെ കയറ്റാൻ സാധിക്കുന്ന ബോട്ടിലാണ് നാൽപ്പതോളം ആളുകളെ കയറ്റിയത്. അഞ്ചു മണി വരെയാണ് അപകടം നടന്ന താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ ബോട്ട് യാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നത്. എന്നാൽ ഈ സമയം കഴിഞ്ഞ് രാത്രിയോടെയാണ് ബോട്ട് അപകടത്തിൽ പെട്ടത്. ബോട്ടിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റുകളും ധരിച്ചിരുന്നില്ല. ഇത് മരണ സംഖ്യ ഉയരാൻ കാരണമായിട്ടുണ്ട്.
അപകടം നടന്ന ബോട്ട് മീൻപിടുത്ത ബോട്ട് രൂപം മാറ്റിയതാണെന്നും ആരോപണം ഉയരുന്നുണ്ട്. പൊന്നാനിയിലെ ലൈസൻസ് ഇല്ലാത്ത യാർഡിൽ വെച്ചാണ് രൂപം മാറ്റം നടത്തിയത്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസമാണ് ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സെർട്ടിഫിക്കറ്റ് നൽകിയത്. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പടെ നിർമ്മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നാണ് നിയമം.
എന്നാൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെങ്ങനെയാണെന്ന് വ്യക്തതയില്ല. ബോട്ടിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ തന്നെ ബോട്ട് സർവീസിനിറങ്ങി എന്നും പ്രദേശത്തെ മൽസ്യ തൊഴിലാളികൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുന്നതിന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു.
ബോട്ട് ഇരുനിലയുള്ള തായതും ഗ്ലാസ് കൊണ്ട് മൂടിയതും അപകടത്തിൻ്റെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്. ആളുകൾക്ക് കാണാൻ സാധിക്കുന്നതിനും അപ്പുറത്തുള്ള മേഖലയിലാണ് ബോട്ട് മറിഞ്ഞത്. ആളുകളുടെ നിലവിളി കേട്ട് തൊട്ടടുത്ത വീട്ടുകാരാണ് സംഭവം പുറത്തറിയിക്കുന്നത്. തുടർന്ന് നാട്ടുകാർ ചെറുബോട്ടുമായി രക്ഷാപ്രവർത്തനം തുടങ്ങി. ബോട്ടിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണവരെയാണ് പെട്ടെന്ന് രക്ഷപ്പെടുത്തിയത്. ഉള്ളിൽ കുടുങ്ങിപ്പോയവർ ബോട്ട് ചെളിയിലേക്ക് ആണ്ടു പോയപ്പോൾ അതിൽ പെടുകയായിരുന്നു.
രാത്രി ഏഴരയോടെ നാല്‍പതില്‍ അധികം യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽ പെട്ടത്.