KERALA

'വെള്ളമെടുക്കാനായി പുറത്തിറങ്ങിയപ്പോൾ പട്ടാളം തോക്ക് ചൂണ്ടി'; സുഡാനിലെ സംഘര്‍ഷം നേരിട്ടറിഞ്ഞ മലയാളി യാത്രികൻ

ലോകസഞ്ചാരത്തിന്റെ ഭാഗമായി സുഡാനിൽ എത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശി മാഹീൻ. സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിലാണ് നിലവിൽ മാഹീനുള്ളത്.

വെബ് ഡെസ്ക്

സുഡാനിൽ സൈന്യവും അര്‍ധസൈനികരും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ദുരിതം നേരിട്ടനുഭവിച്ച് മലയാളി യാത്രികന്‍. ലോകസഞ്ചാരത്തിന്റെ ഭാഗമായി സുഡാനിൽ എത്തിയ തിരുവനന്തപുരം സ്വദേശി മാഹീൻ ആണ് സംഘര്‍ഷത്തിന്റെ ഭീകരാവസ്ഥ നേരിട്ടറിഞ്ഞ മലയാളി. സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിലാണ് നിലവിൽ മാഹീനുള്ളത്.

ശനിയാഴ്ച ആരംഭിച്ച വെടിവയ്പും ബോംബിങ്ങും തുടരുകയാണ്. ഇടയ്ക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തലിന്റെ സമയത്ത് സുരക്ഷിതമായ ഇടങ്ങള്‍ തേടി ജനങ്ങള്‍ പലായനം ചെയ്യുന്ന നിലയിലേക്ക് സാഹചര്യങ്ങള്‍ എത്തിയതായും മാഹീന്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

ഞങ്ങളെ കണ്ടപ്പോൾ പട്ടാളക്കാരൻ തോക്കുചൂണ്ടി. ഉടൻ തന്നെ ഞങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് അവിടെയുള്ള ഒരാളുടെ സഹായത്തോടെയാണ് റൂമിൽ തിരിച്ചെത്തിയത്
മാഹീൻ

"സംഘർഷം നടക്കുന്ന ഖാർത്തൂമിൽ നിന്ന് നിരവധി ആളുകൾ നഗരം വിട്ടു പോകുകയാണ്. ശനിയാഴ്ച ആരംഭിച്ച വെടിവയ്പും ബോംബിങ്ങും ഇപ്പോഴും തുടരുകയാണ്. യുദ്ധവിമാനങ്ങളുടെ ബോംബിങ്ങുകൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുറച്ച് നേരത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. അപ്പോൾ പലരും കാറിലും മറ്റുമായി ഒഴിഞ്ഞുപോയിരുന്നു. വിമാനത്താവളത്തിന്റെ അടുത്താണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നടക്കുന്നത്. വൈദ്യുതിയും വെള്ളവും ഫോൺ നെറ്റ് വർക്കുമൊന്നും പലയിടങ്ങളിലുമില്ല. താമസിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്തൊരു കട ഉള്ളതുകൊണ്ടാണ് ഭക്ഷണം ലഭിക്കുന്നത്. ഇപ്പോൾ കയ്യിലെ പണവും തീർന്നുകൊണ്ടിരിക്കുകയാണ്" മാഹീൻ 'ദ ഫോർത്തി'നോട് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ വെള്ളമെടുക്കാനായി പുറത്തിറങ്ങിയപ്പോൾ വെടിവയ്പിനിടയിൽ പെട്ടുപോകുകയും ഓടി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. തങ്ങൾ ഉണ്ടായിരുന്നതിനും 200 മീറ്റർ അകലെയായിരുന്നു വെടിവയ്പ്പ് നടന്നത്. "ഞങ്ങളെ കണ്ടപ്പോൾ പട്ടാളക്കാരൻ തോക്കുചൂണ്ടി. ഉടൻ തന്നെ ഞങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് അവിടെയുള്ള ഒരാളുടെ സഹായത്തോടെയാണ് റൂമിൽ തിരിച്ചെത്തിയത്" മാഹീൻ പറഞ്ഞു.

റോഡുകളെല്ലാം പട്ടാളം പിടിച്ചെടുക്കുകയാണ്. ഇന്ത്യൻ എംബസിക്ക് ശനിയാഴ്ച തന്നെ മെയിൽ അയച്ചെങ്കിലും തിങ്കളാഴ്ചയാണ് മറുപടി ലഭിച്ചത്. വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയുള്ള ഒരു ലിസ്റ്റും വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങരുതെന്ന നിർദേശവുമാണ് എംബസിയുടെ ഭാഗത്ത് നിന്ന് ലഭിച്ചതെന്നും മാഹീൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ 'ഹിച്ച്ഹൈക്കിങ് നൊമാഡ്‌' എന്ന പേരിലാണ് മാഹീൻ അറിയപ്പെടുന്നത്. യാത്രയുടെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തോളമായി മാഹീൻ സുഡാനിൽ താമസിച്ച് വരികയായിരുന്നു.

ഇന്ത്യക്കാരാരും പുറത്തിറങ്ങരുതെന്നാണ് ഖാർത്തൂമിലെ ഇന്ത്യൻ എംബസിയുടെ നിർദേശം. ബാൽക്കണിപോലുള്ള തുറസായ സ്ഥലത്ത് നിൽക്കരുത്, ആവശ്യത്തിന് വെള്ളവും ഭക്ഷണവും മരുന്നും കരുതിവയ്ക്കുക എന്നിങ്ങനേയും നിർദേശങ്ങളുണ്ട്. സ്ഥിതിഗതികൾ ഏകദേശം ശാന്തമാകുമ്പോൾ തന്നെ സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ