കണ്ണൂരില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ഗണേഷെന്ന കുട്ടിയെ മര്‍ദിച്ച പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് അറസ്റ്റിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. നടുവിന് സാരമായി പരുക്കേറ്റ കുട്ടി തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി എട്ടോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിനു സമീപം മണവാട്ടി ജംഗ്ഷനിലായിരുന്നു സംഭവം. കാര്‍ നിര്‍ത്തിയശേഷം ശിഹ്ഷാദ് ടെക്‌സ്‌റ്റൈല്‍ ഷോപ്പിലേക്ക് പോയ സമയത്താണ് ഗണേഷ് അവിടെയെത്തി കാറില്‍ ചാരി നിന്നത്. ഇതുകണ്ട് ദേഷ്യം വന്ന ശിഹ്ഷാദ് ഓടിയെത്തി കുട്ടിയെ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ കുട്ടി നിലവിളിക്കുന്നതും ആളുകള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും മറ്റും ഇയാളെ തടഞ്ഞെങ്കിലും അവരോടെല്ലാം തര്‍ക്കിച്ച്, ചെയ്തതിനെ ന്യായീകരിച്ച് ശിഹ്ഷാദും കൂടെയുള്ളവരും കാറില്‍ കയറി പോകുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുക്കാന്‍ വൈകിയെന്നും ആക്ഷേപമുണ്ട്. സംഭവം നടന്ന സമയത്ത് സ്ഥലത്തെത്തിയ പോലീസ് ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്നും രാവിലെ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ആക്ഷേപം. ഇന്ന് ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടതിനു പിന്നാലെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും പ്രതിയെ കസ്റ്റഡിയില്‍ എടുത്തതും. അതേസമയം, കുട്ടിക്ക് വൈദ്യസഹായം ആവശ്യമെങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നാണ് ബാലാവകാശ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്ണൂരില്‍ താമസിക്കുന്ന രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ഗണേഷ്. ബലൂണ്‍ വിറ്റ് ഉപജീവനം കഴിക്കുന്നവരാണ് ഗണേഷിന്റെ കുടുംബം. ബാലാവകാശ കമ്മീഷനടക്കം സംഭവത്തില്‍ ഇടപ്പെട്ടിട്ടുണ്ട്.