വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലിറക്കിയതിന് പിന്നാലെയാണ് സ്വര്‍ണം കണ്ടെത്തിയത്. 70 ലക്ഷത്തിലേറെ രൂപ വിലവരുന്ന 1650 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
70 ലക്ഷത്തിലേറെ രൂപ വിലവരുന്ന 1650 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
ജിദ്ദയില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കയറിയ ഇയാള്‍ അരയില്‍ തോര്‍ത്തു കെട്ടി അതിനകത്തായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. എന്നാല്‍ കരിപ്പൂരിലിറങ്ങേണ്ടിയിരുന്ന വിമാനം ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാല്‍ വിമാനം നെടുമ്പാശേരിയിലേക്ക് വഴി തിരിച്ചുവിട്ടത് പദ്ധതികള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.
നെടുമ്പാശേരിയിലേക്ക് വഴി തിരിച്ചുവിട്ട വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കി സ്പൈസ്ജെറ്റിന്റെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി സുരക്ഷാ പരിശോധന നടത്തിയപ്പോഴായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. സുരക്ഷാ പരിശോധനയില്‍ പിടിക്കപ്പെടുമോയെന്ന ഭയത്തില്‍ സ്വര്‍ണം ശുചി മുറിയിലുപേക്ഷിക്കുന്നതിനു വേണ്ടി അരക്കെട്ടില്‍ നിന്നും ബാഗേജിലേക്ക് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരില്‍ സംശയമുളവാക്കിയതാണ് നിര്‍ണായകമായത്. തുടര്‍ന്ന് കസ്റ്റംസെത്തി ദേഹാപരിശോധന നടത്തിയപ്പോഴാണ് ഹാന്‍ഡ് ബാഗേജിലേക്കു മാറ്റിയ സ്വര്‍ണം കണ്ടെത്തിയത്.