KERALA

അയ്യൻകുന്ന് തണ്ടർബോള്‍ട്ട് വെടിവെപ്പ്: മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ

വെബ് ഡെസ്ക്

മാവോയിസ്റ്റ് കബനി ദളം ഗറില്ലാ നേതാവ് കവിതയെന്ന ലക്ഷ്മി തണ്ടര്‍ബോള്‍ട്ട് സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തൽ. കണ്ണൂര്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടില്‍ നവംബര്‍ 13ന് രാവിലെയുണ്ടായ ആക്രമണത്തിലാണ് സംഘടനയുടെ കബനി ഏരിയാ സെക്രട്ടറിയും കബനി ദളം മുൻ കമാൻഡറുമായ കവിത കൊല്ലപ്പെട്ടതെന്നാണ് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

സിപിഐ മാവോയിസ്റ്റ് കബനിദളത്തിന്റെ ക്യാമ്പ് വളഞ്ഞ് തണ്ടർബോൾട്ട് നടത്തിയ അപ്രതീക്ഷിത ആക്രണത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ കവിത കൊല്ലപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു. ഗുരുതരമായി പരുക്കേറ്റ കവിതയെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയെങ്കിലും ചികിത്സക്കിടെ മരിച്ചതായും പശ്ചിമഘട്ടത്തിൽ പാർട്ടി ബഹുമതികളോടെ സംസ്കരിച്ചതായും പ്രസ്താവനയിൽ പറയുന്നു.

മാവോയിസ്റ്റുകളുടെ പ്രസ്താവന

''പുത്തന്‍ ജനാധിപത്യ ഇന്ത്യക്കായി പോരാടി രക്തസാക്ഷിത്വം വരിച്ച സഖാവ് ലക്ഷ്മിക്ക് ലാല്‍സലാം എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. നവംബര്‍ 13-ന് രാവിലെ 9.50ന് സര്‍ക്കാരിന്റെ കൊലയാളി സേന തണ്ടര്‍ബോള്‍ട്ട് ചുറ്റിവളഞ്ഞ് കബനിദളത്തിന്റെ ക്യാമ്പ് കടന്നാക്രമിക്കുകയുണ്ടായി. അപ്രതീക്ഷിത ആക്രമണമായിരുന്നു ഇത്. നൂറുകണക്കിന് വരുന്ന കൊലയാളി സേനയെ വിന്യസിച്ചു നടത്തിയ ചുറ്റിവളയല്‍ കടന്നാക്രമണത്തെ വിരലില്‍ എണ്ണാവുന്ന ശക്തിയെ വെച്ച് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎല്‍ജിഎ) ചെറുക്കുകയുണ്ടായി. ഈ പോരാട്ടത്തിനിടയില്‍ സഖാവ് ലക്ഷ്മിക്ക് വെടിയേറ്റു. ഇവിടെനിന്ന് സഖാവിനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് ചികിത്സയില്‍ രക്തസാക്ഷിത്വം വരിച്ചു,'' നോട്ടീസിൽ പറയുന്നു.

മാവോയിസ്റ്റ് പോസ്റ്റര്‍

കവിത തണ്ടർബോൾട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്ന പോസ്റ്റർ മാവോയിസ്റ്റുകൾ പതിക്കുകയും ചെയ്തിട്ടുണ്ട്. വയനാട് തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റര്‍ പതിച്ചത്.

മാവോയിസ്റ്റ് പോസ്റ്റര്‍

'പുത്തൻ ജനാധിപത്യ ഇന്ത്യക്കായി പൊരുതി മരിച്ച കവിതയ്ക്ക് ലാൽസലാം, രക്തകടങ്ങൾ രക്തത്താൽ പകരം വീട്ടും' എന്നാണ് പോസ്റ്ററുകളിലൊന്നിൽ പറയുന്നത്. ''സഖാവ് കവിതയുടെ കൊലപാതകം കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ പശ്ചിമഘട്ടത്തെ ഒരുക്കിയെടുക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ആസൂത്രിത നീക്കമാണെന്ന്'' മറ്റൊരു പോസ്റ്ററില്‍ പറയുന്നു. കൊലയാളികള്‍ക്ക് എതിരെ ആഞ്ഞടിക്കാനും പോസ്റ്ററില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ആറംഗ മാവോയിസ്റ്റ് സംഘം ഗുണ്ടിക പറമ്പ് കോളനിയില്‍ എത്തിയിരുന്നതായാണ് സൂചന. അയ്യന്‍കുന്നിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് പരുക്കേറ്റതായി ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞിരുന്നു.

ആന്ധ്രാപ്രദേശ് റാലയസീമ മേഖയിലെ ദരിദ്രകുടുംബത്തിൽ ജനിച്ച കവിത വളരെ ചെറുപ്പത്തിൽ തന്നെ മാവോയിസ്റ്റ് സംഘടനയിലേക്ക് എത്തിപ്പെടുകയും പിഎൽജിഎ അംഗമാവുകയും ചെയ്തയാളാണ്.

കവിത സംഘടനയുടെ കബനി ദളം ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് ലഘുലേഖയില്‍ പറയുന്നു. 2021ല്‍ കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന്റെ ഭാര്യയാണ് ലക്ഷ്മിയെന്നാണ് സൂചന.

പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് തണ്ടർബോൾട്ട് വെടിവെപ്പിൽ കൊല്ലപ്പെടുന്ന ഒൻപതാമത്തെ മാവോയിസ്റ്റാണ് കവിത. 2016 നവബംബർ 24ന് മലപ്പുറം നിലമ്പൂർ കരുളായി വനത്തിൽ മൂന്നുപേരെ തണ്ടർബോൾട്ട് വെടിവച്ച് കൊന്നിരുന്നു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജൻ, അജിത എന്നിവരാണ് കൊല്ലപ്പെട്ടത്.

2019 ഒ​ക്‌​ടോ​ബ​ർ 28ന് പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടിയിലുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മ​ണി​വാ​സ​കം, ശ്രീ​നി​വാ​സ​ൻ, അ​ജി​ത, കാ​ർ​ത്തി​ക് എ​ന്നിവരാണ് കൊല്ലപ്പെട്ടത്. ഇതേവർഷം മാർച്ച് ആറിന് വയനാട് വൈത്തിരിയിൽ നിലമ്പൂർ സ്വദേശി സിപി ജലീലിനെയും തണ്ടർബോൾട്ട് കൊലപ്പെടുത്തി.

2020 നവംബർ മൂന്നിന് വയനാട്ടിലെ ബാണാസുര വനമേഖലയില്‍ തമിഴ്നാട് സ്വദേശി വേല്‍മുരുകനെ തണ്ടര്‍ ബോള്‍ട്ട് വെടിവെച്ച് കൊലപ്പെടുത്തി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും