പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടിയോടൊത്ത് നിരവധി സ്റ്റേജ് പരിപാടികളിൽ പാടിയ അവർ മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിരുന്നു.
മാപ്പിളപ്പാട്ടുവഴിയില്‍ പുതിയ ഭാവുകത്വം പകര്‍ന്ന കലാകാരിയാണ് വിളയില്‍ ഫസീല. മലപ്പുറത്തെ അരീക്കോടിനടുത്ത വിളയില്‍ എന്ന കൊച്ചുഗ്രാമത്തില്‍ നിന്നും മാപ്പിളപ്പാട്ടുകളുമായി സജീവമായ അവർ ഒരു ലക്ഷത്തിലധികം സ്റ്റേജുകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ പാടിയിട്ടുണ്ട്. നീണ്ട അഞ്ചു പതിറ്റാണ്ടിലേറെയായി തുടരുന്ന സംഗീതയാത്രയില്‍ വിളയില്‍ ഫസീല അടയാളപ്പെടുത്തിയ ആലാപനശൈലി കേരളത്തിൻ്റെ കലാചരിത്രത്തിലെ അനശ്വരമുദ്രകളായി മാറിയിരുന്നു.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. 1986 ല്‍ തൃക്കരിപ്പൂര്‍ സ്വദേശി ടികെപി മുഹമ്മദലിയെ വിവാഹം ചെയ്തു. അതേവർഷം തന്നെ, വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. 'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തിൽ പി ടി അബ്ദു റഹ്മാന്റെ രചനയായ 'അഹദേവനായ പെരിയോനേ....' എന്ന ഗാനമാണ് വിളയിൽ വത്സല ആദ്യമായി പാടിയത്. എം എസ് വിശ്വനാഥനായിരുന്നു സംഗീതം.
1981 ല്‍ മാപ്പിള കലാരത്‌നം അവാര്‍ഡ് ഈ ഗായികയെത്തേടിയെത്തി. സ്വദേശത്തും വിദേശത്തും നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട്. പ്രവാസികളുടെ ഹൃദയം നിറച്ച മാപ്പിളപ്പാട്ടുകളുടെ രാജകുമാരിയായിരുന്ന ഫസീലയ്ക്ക് കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചിട്ടിട്ടുണ്ട്.