KERALA

കുര്‍ബാന തര്‍ക്കം: വത്തിക്കാന് അന്ത്യശാസനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം; ജനാഭിമുഖ കുര്‍ബാന തുടരും

അസാധു കുര്‍ബാനയായി സീറോ മലബാര്‍ സഭയിലെ ജനാഭിമുഖ കുര്‍ബാനയെ വത്തിക്കാന്‍ പ്രഖ്യാപിച്ചിട്ട് എറണാകുളത്ത് എന്ത് സംഭവിച്ചെന്ന് മുഖപ്രസംഗം ചോദിക്കുന്നു

അനിൽ ജോർജ്

കുര്‍ബാന തര്‍ക്കത്തില്‍ വത്തിക്കാനും സീറോ മലബാര്‍ സഭ സിനഡിനും അന്ത്യശാസനം നല്‍കി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യ ദീപത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് കുര്‍ബാന വിവാദത്തില്‍ സീറോ-മലബാര്‍ സഭാസിനഡിനും, വത്തിക്കാനും വിമതര്‍ അന്ത്യശാസനം നല്‍കുന്നത്. ഇപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടക്കുന്ന കുര്‍ബാന അസാധുവായ കുര്‍ബാനയാണെന്ന് മുഖപ്രസംഗം തന്നെ സമ്മതിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ കുര്‍ബാന അര്‍പ്പിച്ചിട്ട് എന്ത് സംഭവിച്ചു എന്നും വിമതര്‍ ചോദിക്കുന്നു. വത്തിക്കാന്‍ നടപടി ഉറപ്പായ സാഹചര്യത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ തുടര്‍ന്നും ഒപ്പം കൂട്ടാനാണ് ഈ നടപടി.

കടുത്ത വിമര്‍ശനമാണ് മുഖപ്രസംഗം ഉയരത്തുന്നത്.'ജനാഭിമുഖ ബലിയര്‍പ്പണത്തെ ഇല്ലിസിറ്റായി പ്രഖ്യാപിച്ചതിനും, ഏറ്റവും ഒടുവില്‍ മാര്‍പാപ്പയുടെ വീഡിയോ സന്ദേശം വന്നതിനുശേഷവും അതിരൂപതയിലെ ബഹുഭൂരിപക്ഷം വിശ്വാസികളും, വൈദികരും ജനാഭിമുഖ ബലിയര്‍പ്പണത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നുവെന്ന സവിശേഷമായ സാഹചര്യം അവഗണിക്കപ്പെട്ടുകൂടാ. പാപ്പായുടെ ആഹ്വാനമനുസരിച്ച് ക്രിസ്മസ് നാളില്‍ അതിരൂപതയിലെ ദേവാലയങ്ങളില്‍ ഏകീകൃത ബലിയര്‍പ്പിച്ചുവെന്ന വസ്തുത പ്രശ്നപരിഹാരവഴിയിലെ അതിപ്രധാന ചുവടായി കാണുകയും വേണം. ഏകീകൃത കുര്‍ബാനയോടൊപ്പം ജനാഭിമുഖ ബലിയും അര്‍പ്പിക്കാനുള്ള ഐഛികാവകാശം സഭയിലെ മെത്രാന്മാര്‍ക്ക് നല്‍കിയാല്‍പോലും സഭയിലെയും അതിരൂപതയിലെയും ഇപ്പോഴത്തെ പ്രതിസന്ധി വലിയ ഒരളവില്‍ അവസാനിക്കും എന്നുറപ്പാണ്. സഭയിലെ വൈവിധ്യത്തിന്റെ സൗന്ദര്യത്തെ സവിശേഷമായി സാക്ഷാത്കരിക്കാനുള്ള സുവിശേഷ സാധ്യതയായി ഈ ഐച്ഛികങ്ങളെ സ്വീകരിക്കുകയാണ് വേണ്ടത്.

വി. കുര്‍ബാന അര്‍ത്ഥവത്തായി ആഘോഷിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെ കേവലം നിയമപ്രശ്നമുന്നയിച്ച് നിരര്‍ത്ഥകമാക്കരുത്. അനാവശ്യതര്‍ക്കമുന്നയിച്ച് പള്ളികള്‍ പൂട്ടിയിടുന്ന സാഹചര്യം ആര് സൃഷ്ടിച്ചാലും അപകടകരമാണ്. അതിനിയും ആവര്‍ത്തിച്ചുകൂടാ. അത് പരിഹാരമല്ല, പരാക്രമമാണ്. കാരണം അടച്ചിടല്‍ രീതി, അടഞ്ഞ മനസുകളുടേതാണ്.

ജനാഭിമുഖ ബലിയര്‍പ്പണമെന്ന അതിരൂപതമനസ്സ് ഒരിക്കല്‍കൂടി വെളിപ്പെട്ട സാഹചര്യത്തില്‍ അത് ഒഴിവാക്കേണ്ട പ്രശ്നമായല്ലാതെ സഭയുടെ വൈവിധ്യസമ്പൂര്‍ണ്ണമായ പാരമ്പര്യ സമൃദ്ധിയോടു ചേര്‍ത്തുനിര്‍ത്തേണ്ട സാധ്യതയായി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണം. അധികാരത്തെ സ്വേച്ഛയുടെ മര്‍ദകോപാധിയും കലാപാഹ്വാനവുമാക്കാത്ത സഭാധ്യക്ഷനും സംവിധാനവും സഭയില്‍ സംഭവിക്കണം. പുത്തനാണ്ടിലെ പുതിയ സിനഡില്‍ ക്രിസ്തു എല്ലാം പുതുതാക്കട്ടെ. ' എന്നതാണ് മുഖപ്രസംഗത്തിലെ വാക്കുകള്‍.

രണ്ടു വട്ടം മാര്‍പാപ്പയുടെ കത്ത് സമ്പാദിച്ചതിലൂടെ ആരാധനാക്രമ വിഷയത്തില്‍ സിനഡിന്റെ പരാമാധികാരം വത്തിക്കാന് വിട്ടുകൊടുത്തു കൊണ്ടുള്ള കീഴടങ്ങല്‍ പൂര്‍ണമാക്കി എന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. സീറോ മലബാര്‍ ഹയരാര്‍ക്കിയുടെ ശതാബ്ദി സ്മരണവേളയില്‍ അതിരൂപതയുടെ ഭരണം തുടര്‍ച്ചയായി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ കീഴില്‍ തുടരുന്ന സാഹചര്യത്തെ ഒഴിവാക്കാനാകാതെ സഭാ നേതൃത്വവും സിനഡും നിസ്സഹായരാകുമ്പോഴും തര്‍ക്കം തുടങ്ങിവച്ചതിന്റെയും തുടര്‍ന്ന് വത്തിക്കാനോളം വഷളാക്കിയതിന്റെയും വിശ്വാസികളെ രണ്ട് തട്ടില്‍ നിറുത്തി അള്‍ത്താരയവഹേളനത്തോളം ഗുരുതരമാക്കിയതിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകുന്നതെങ്ങനെയാണ് ന്ന് മുഖപ്രസംഗം ചോദിക്കുന്നു.

'1986 ല്‍ ഭാഗ്യസ്മരണാര്‍ഹനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കേരള സന്ദര്‍ശനവേളയില്‍ ''തിടുക്കത്തില്‍ തയ്യാറാക്കപ്പെട്ട'' പുനരുദ്ധരിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയുടെ ഉദ്ഘാടന വേദി മുതല്‍ കോവിഡ് കാലത്തെ ഓണ്‍ലൈന്‍ സിനഡില്‍ വച്ച് മാര്‍പാപ്പയുടെ മുന്‍കൂര്‍ അംഗീകാരമുണ്ടെന്ന 'വിശുദ്ധ (അ)ന്യായ'ത്തിലൂടെ ഏകപക്ഷീയമായി നടപ്പാക്കാന്‍ ശ്രമിച്ചതുവരെയുള്ള കല്‍ദായവല്‍ക്കരണത്തിന്റെ 'പിന്‍വാതില്‍ പ്രവേശനചരിത്രം' എല്ലാവര്‍ക്കും മനസ്സിലായപ്പോള്‍ സംഭവിച്ചതാണ് സമകാലിക സഭാ പ്രതിസന്ധി.

ഭൂമി വിവാദത്തിന്റെ പ്രഭവകേന്ദ്രമായ കര്‍ദിനാളും വി. കുര്‍ബാനയര്‍പ്പണതര്‍ക്കം തെരുവുയുദ്ധമോളമെത്താനിടയാക്കിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും രാജിവച്ചൊഴിഞ്ഞ, മാറിയ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് അനുരഞ്ജനത്തിന്റെ സമവായ ഭാഷയില്‍ സംസാരിക്കാന്‍ ജനുവരി 8-ന് ആരംഭിക്കുന്ന സിനഡിനായാല്‍ പ്രശ്നപരിഹാരവഴിയില്‍ അത് നിര്‍ണ്ണായകമാകു'മെന്ന് മുഖപ്രസംഗം പറയുന്നു. വത്തിക്കാന്റെ നടപടി ഉറപ്പായതോടെ അതിരൂപതയുടെ മേജര്‍ പദവിയും സെന്റ് മേരീസ് കത്തീഡ്രലിന്റെ ബസലിക്ക പദവിയും നഷ്ടപ്പെടുന്നത് തടയാനുള്ള ശ്രമം കൂടി അതിരൂപത ആരംഭിച്ചു.

'ലിറ്റര്‍ജി തര്‍ക്കം തുടരുമ്പോള്‍ തന്നെ സീറോ മലബാര്‍ സഭയുടെ ആസ്ഥാന അതിരൂപതയെന്ന ഉത്തരവാദിത്വവും അതുളവാക്കുന്ന ബാധ്യതയും ഏറ്റെടുക്കാന്‍ എറണാകുളം-അങ്കമാലിക്ക് കഴിയും എന്നതാണ് സത്യം. കാരണം, ആ വഴിയിലെ അതിപ്രധാന നീക്കമായിരുന്നു, പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ്പ് സിറിള്‍ വാസിലുമായി അതിരൂപത പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളും കൂട്ടായി എത്തിച്ചേര്‍ന്ന ധാരണകളും. മേജര്‍ ആര്‍ച്ചുബിഷപ്പുള്‍പ്പെടെ സഭയിലെ മെത്രാന്മാര്‍ക്ക് അതിരൂപതയിലെവിടെയും ഏകീകൃത ബലിയര്‍പ്പിക്കാന്‍ അവസരമൊരുക്കുന്ന വിധത്തില്‍ തന്നെയാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. അതിലെ ധാരണകളെ സിനഡില്‍ സാധൂകരിക്കുക മാത്രമാണ് പരിഹാരം'. എന്ന അന്ത്യശാസനമാണ് വിമതര്‍ മാര്‍പാപ്പാക്കും, സിനഡിനും നല്‍കുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി