KERALA

കുര്‍ബാന പ്രതിസന്ധി ഒഴിയാതെ സീറോമലബാര്‍ സഭ; തര്‍ക്കം കോടതിയിലേക്ക്, പോംവഴി പിളര്‍പ്പ് മാത്രമെന്ന് വിമതര്‍

അനിൽ ജോർജ്

സീറോ മലബാര്‍ സഭയിലെ കുര്‍ബാന ക്രമ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. മുഴുവന്‍ അച്ചടക്ക നടപടികളും മരവിപ്പിച്ചും ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിച്ചും 09/ 06/ 2024 ലെ സര്‍ക്കുലര്‍ ഭാഗികമായി ഭേദഗതി ചെയ്തും പരമാവധി വിട്ടു വീഴ്ച സീറോ - മലബാര്‍ സഭ സിനഡ് ചെയ്തതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നായിരുന്നു പൊതുവെ കരുതിയത്. എന്നാല്‍ പുറത്തുവന്ന പുതിയ സിനഡാനന്തര കുറിപ്പില്‍ 09/06/2024 ലെ സര്‍ക്കുലര്‍ നിലനില്‍ക്കുമെന്ന നിലപാടാണ് വിമതരെ ചൊടിപ്പിച്ചത്. 19/6/2024 ന് രാത്രി എറണാകുളം അങ്കമാലി അതിരൂപത അംഗങ്ങളായ ആറ് മെത്രാന്മാരും അതിരൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് അതിരൂപത ആലോചനാ സമതിയുമായും കൂരിയായുമായും നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ സമവായം ഉണ്ടായിരുന്നു. ഈ തീരുമാനങ്ങള്‍ മൗണ്ട് സെന്റ് തോമസില്‍നിന്ന് പ്രഖ്യാപിക്കുമെന്നുമായിരുന്നു തീരുമാനം. എന്നാല്‍ ഇരുവിഭാഗവും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ സിനഡ് പുറത്തിറക്കിയ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിമത വിഭാഗത്തിന്റെ വാദം.

ഈ സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. 09/06/2024 ലെ സര്‍ക്കുലര്‍ പിന്‍വലിക്കും വരെ സിനഡാനന്തര സര്‍ക്കുലറും കുറിപ്പും പരിഗണിക്കില്ല, ജനാഭിമുഖ കുര്‍ബാന മാത്രം തുടരും, സിനഡ് കുര്‍ബാന നടത്തില്ല എന്നതാണ് വിമതരുടെ തീരുമാനം. എന്നാല്‍ ഈ ആവശ്യം അനുവദിക്കാന്‍ സീറോ - മലബാര്‍ സഭ സിനഡിന് കഴിയില്ലന്ന് സഭാ നേതൃത്വം പറയുന്നു.

കാരണം ഈ സര്‍ക്കുലര്‍ തയ്യാറാക്കി വത്തിക്കാനിലെ ഉന്നത തല ആലോചനാ സംഘത്തിന് സമര്‍പ്പിച്ച് അംഗീകാരം നേടിയതാണ്. അതിനാല്‍ ഇത് പിന്‍വലിക്കാന്‍ കഴിയില്ല. ഭേദപ്പെടുത്താനോ മരവിപ്പിക്കാനോ മാത്രമേ കഴിയൂ. ഇതൊഴികെ മറ്റെല്ലാ നിബന്ധനകളും സിനഡ് അംഗീകരിച്ചു. ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കുലര്‍ പിന്‍വലിക്കാതെ ഒത്തുതീര്‍പ്പില്ലെന്ന കടുത്ത നിലപാടിലാണ് വിമതര്‍.

09/06/2024 ലെ സര്‍ക്കുലറിനെതിരെ വത്തിക്കാനിലെ അപ്പസ്‌തോലിക്ക് സിഞ്ഞത്തുര അടക്കമുള്ള കോടതികളില്‍ പരാതി നല്‍കിയ വിമതര്‍, പള്ളികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനായി കോടതികളെ സമീപിക്കും. എറണാകുളം - അങ്കമാലി അതിരൂപത കൂരിയ ആണ് കോടതികളെ സമീപിക്കുക.

ഇതോടെ ജൂലൈ മൂന്നിന് ശേഷം തെരുവ് യുദ്ധം ഉറപ്പായി. സിനഡ് ചേരുന്നതിന് മുന്‍പ് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നിന്ന് സിനഡാനന്തര സര്‍ക്കുലര്‍ ചോര്‍ന്നതാണ് ഇന്നത്തെ പ്രതിസന്ധികള്‍ക്ക് കാരണം. ഇക്കാര്യത്തില്‍ ഇതര സഭകള്‍ക്കും വത്തിക്കാനും കടുത്ത അസംതൃപ്തിയുണ്ട്. വിമതരെ വീണ്ടും അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ എറണാകുളം - അങ്കമാലി അതിരൂപതാ അംഗങ്ങളായ ആറ് മെത്രാന്മാര്‍ രംഗത്തുണ്ട്.

ഇതിനിടെ കുര്‍ബാന തര്‍ക്കം മറ്റ് രൂപതകളിലും പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങി. വിമതര്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയ തൃശൂര്‍ അതിരൂപത അംഗങ്ങളായ വൈദികര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നല്‍കി. ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇ മെയില്‍ മുഖേനെയാണ് മുന്നറിയിപ്പ് നല്‍കിയത്.

സിനഡിന്റെ സിനഡാനന്തര വാര്‍ത്താ കുറിപ്പിനെതിരെയും പ്രതിഷേധമുണ്ട്. ചങ്ങനാശേരി പ്രൊവിന്‍സില്‍ നിന്നാണ് പ്രതിഷേധം. കാഞ്ഞിരപ്പള്ളി നല്ല തണ്ണിയിലെ നസ്രാണിമാര്‍ഗം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മുതു പ്ലാക്കല്‍ കടുത്ത വിമര്‍ശമാണ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

ഇതിനിടെ തലശേരി, താമരശേരി, പാലക്കാട്, ഇരിഞ്ഞാലക്കുട രൂപതകളിലെ വൈദികര്‍ ജനാഭിമുഖ കുര്‍ബാനക്കായി നിലപാടെടുത്തു തുടങ്ങി. ഇതോടെ കുര്‍ബാന ക്രമത്തില്‍ സീറോ മലബാര്‍ സഭയില്‍ പിളര്‍പ്പുണ്ടായാല്‍ എറണാകുളം - അങ്കമാലി അതിരൂപത മാത്രമായല്ല സഭയ്ക്ക് പുറത്ത് പോവുക എന്ന കാര്യം ഉറപ്പായി. മറ്റു രൂപതകളിലും പിളര്‍പ്പുണ്ടാകും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?