സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ക്രമക്കേട് വ്യക്തമാക്കി സിഎജി റിപ്പോര്‍ട്ട്. അര്‍ഹരായ 29,650 പേര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ല. ഒരു വ്യക്തിക്ക് ഒരു പെന്‍ഷന് മാത്രമേ അര്‍ഹതയുള്ളൂ എന്നിരിക്കെ 3990 പേര്‍ക്ക് ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ വിതരണം ചെയ്തതായി കണ്ടെത്തിയെന്ന് പ്രന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ഡോ. ബിജു ജേക്കബ് പറഞ്ഞു.
അപേക്ഷിക്കാത്തവര്‍ക്കും സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കി. സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കേ അതില്ലാതെ പെന്‍ഷന്‍ നല്‍കിയെന്നും ഇവര്‍ക്ക് പെന്‍ഷന്‍ എങ്ങനെ ലഭ്യമായി എന്നത് സംബന്ധിച്ച് പരിശോധന നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ വ്യക്തമാക്കി.
മരിച്ച 4,039 വ്യക്തികളുടെ പേരില്‍ പെന്‍ഷന്‍ നല്‍കിയെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്. സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ അക്കൗണ്ടിംഗ് രീതിയെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. അക്കൗണ്ടുകള്‍ കൃത്യമല്ലെന്നും പെന്‍ഷന്‍ സോഫ്‌റ്റ് വെയറില്‍ അപാകതയുണ്ടെന്നും എജി പറഞ്ഞു. സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമായില്ലെന്നും അക്കൗണ്ടന്റ് ജനറല്‍ വിമര്‍ശനമുന്നയിച്ചു.
ജിഎസ്ടി വകുപ്പിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതി പിരിച്ചെടുക്കാനുള്ളത്. ജിഎസ്ടി വകുപ്പില്‍ ആഭ്യന്തര ഓഡിറ്റിങ്ങിന് സംവിധാനമില്ലെന്നും പരിശോധനാ സംവിധാനത്തിൽ പിഴവുണ്ടായെന്നും എജി അറിയിച്ചു.
എക്സൈസ് നികുതി വരുമാനത്തില്‍ 489.12 കോടി രൂപയുടെ കുറവുണ്ടായി. ലോട്ടറി വില്‍പ്പനയിലെ വര്‍ധന മൂലം നികുതിയേതര വരുമാനം 3,135 കോടി രൂപ കൂടി. വിദേശ മദ്യ ലൈസന്‍സ് നികുതി കൃത്യമായി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തി. ബാര്‍ ലൈസന്‍സ് പുതുക്കി നിശ്ചയിക്കുന്നതിലൂം വീഴ്ചയുണ്ട്. ഭൂനികുതി നിശ്ചയിക്കുന്നതിലും വീഴ്ച വന്നിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.