മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണ്. കേരളത്തില്‍ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്നും ആരോപിച്ചു. എക്‌സാ ലോജിക്ക് 1.72 കോടി രൂപയെക്കാള്‍ കൂടുതല്‍ കൈപ്പറ്റിയെന്നും മാത്യു കുഴല്‍ നാടന്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാത്യു കുഴല്‍ നാടന്റെ പ്രതികരണം.
വീണയ്ക്ക് എതിരായ ആരോപണത്തില്‍ ഇടപെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. വീണ വിജയന് 1.72 കോടി രൂപ മാത്രമേ ലഭിച്ചു എന്ന് സിപിഎമ്മിന് പറയാനാകുമോ എന്നും കുഴല്‍നാടന്‍ ചോദിച്ചു. സിപിഎം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും നല്‍കുന്നില്ല. കമ്പനിയുടെയും വീണ വിജയന്റെയും അക്കൗണ്ട് വിവരങ്ങള്‍ സിപിഎം പുറത്തുവിടാന്‍ തയാറാകണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
നികുതി അടച്ചിട്ടുണ്ടോ എന്നുള്ളതല്ല പ്രധാനം എക്സാലോജിക്കും വീണ വിജയനും എന്തുകൊണ്ട് ജി എസ് ടി അകൗണ്ട് ക്ലോസ് ചെയ്തു. മുഖ്യമന്ത്രിയുടെ മകള്‍ എത്ര രൂപയുടെ കച്ചവടം ചെയ്തു എന്ന് സംസ്ഥാനം അറിയണം. 73 ലക്ഷം നഷ്ടത്തില്‍ അവസാനിച്ച കമ്പനിക്ക് എങ്ങനെയാണ് പണം ബാക്കി വരുകയെന്നും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് ആണ് ജോലി എന്ന് എക്‌സാ ലോജിക്ക് ഓഡിറ്റില്‍ കാണിച്ചിട്ടുണ്ട്. കരിമണല്‍ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം. മകള്‍ ഏതൊക്കെ കമ്പനിയില്‍ നിന്നാണ് പണം സ്വീകരിച്ചിട്ടുള്ളത് എന്ന് വെളിപ്പെടുത്താന്‍ പിണറായി വിജയന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.