KERALA

ധാതുമണല്‍ ഖനനം: മുഖ്യമന്ത്രിയും മകളും അടക്കമുളളവര്‍ക്കെതിരെ ഹര്‍ജി നല്‍കി മാത്യു കുഴല്‍നാടൻ എംഎല്‍എ

വെബ് ഡെസ്ക്

ദുരന്ത നിവാരണ നിയമത്തിന്റെ മറവില്‍ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ ധാതുമണല്‍ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ തൈക്കണ്ടിയിലുമടക്കം ഏഴ് പേരാണ് കേസിലെ എതിർ കക്ഷികള്‍. ഹർജി പരിഗണിച്ച കോടതി ഈ മാസം 14ന് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് നിര്‍ദേശിച്ചു.

പിണറായിക്കും മകള്‍ക്കും പുറമെ സിഎംആര്‍എല്‍ ഉടമ എസ് എന്‍ ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍, കെഎംഎംഎല്‍, ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്ത്‌സ്, എക്‌സാലോജിക് എന്നിവരാണ് എതിർകക്ഷികള്‍.

തൃക്കുന്നപുഴയിലും ആറാട്ടു പുഴയിലും ധാതുമണല്‍ ഖനനത്തിനായി കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭ്യമായിരുന്നില്ല. കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എല്ലുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യൂ വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനപരിശോധന നടത്താന്‍ നിര്‍ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ഇതിനിടെ 2018ലെ വെളളപ്പൊക്കത്തിന്റെ മറവില്‍ കുട്ടനാടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ തോട്ടപ്പളളി സ്പില്‍ വേയുടെ അഴിമുഖത്ത് നിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുളള ദശലക്ഷക്കണക്കിന് ഇല്‍മനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്തു. സര്‍ക്കാര്‍ അധീനതയിലുളള കെഎംഎംഎല്ലിനാണ് ഖനനാനുമതി എങ്കിലും കെഎംഎംഎല്ലില്‍ നിന്ന് ക്യൂബിക്കിന് വെറും 464 രൂപ നിരക്കില്‍ സിഎംആര്‍എല്‍ ഇവ സംഭരിക്കുന്നെന്നാണ് ഹര്‍ജിയിലെ ആരോപണം.

ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ധാതുമണല്‍ തുച്ഛമായ വിലക്ക് കര്‍ത്തയ്ക്ക് നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അവിഹിത ഇടപെടല്‍ വ്യക്തമാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. കേരളത്തിലെ 54 ഡാമുകളില്‍ 35 ഡാമുകളുടെ ഷട്ടര്‍ ഒരേ സമയം തുറന്ന് വെളളപ്പൊക്കം ഉണ്ടാക്കി 463 മനുഷ്യ ജീവനും 20,000 കോടി രൂപയുടെ നാശനഷ്ടവും ഉണ്ടാക്കിയതിനു പിന്നില്‍ ഉളള ഉദ്ദേശവും സംശയാസ്പദമാണ്.

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി തന്നെ 2018 ലെ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് ആരോപിച്ചിരുന്ന കാര്യവും ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. വെളളപ്പൊക്കത്തിന്റെ മറവില്‍ നടക്കുന്ന ധാതുമണല്‍ കൊളളയിലെ അഴിമതിയില്‍ മുഖ്യമന്ത്രി അടക്കമുളളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകനായ ദിലീപ് സത്യന്‍ ഹാജരായി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും