KERALA

'സാമ്പത്തിക ഇടപാട് രേഖകള്‍ നല്‍കാം, വീണയുടെ കമ്പനി വിവരങ്ങള്‍ പുറത്തുവിടുമോ'; വിശദീകരിച്ച് കുഴല്‍നാടന്‍

വെബ് ഡെസ്ക്

സിപിഎം ഉന്നയിച്ച നികുതി വെട്ടിപ്പ്, അഴിമതി ആരോപണങ്ങളില്‍ മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. തന്റെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തിലുള്ള നിയമകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പുറത്തുവിടാൻ തയ്യാറാണെന്ന പറഞ്ഞ കുഴല്‍നാടൻ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ പേരിലുള്ള കമ്പനിയുടെ നികുതി വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകുമോയെന്ന് വെല്ലുവിളിച്ചു.

'ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ല, സിപിഎം ഒരു അന്വേഷണ കമ്മിഷനെ വച്ചാൽ അവർക്ക് എന്റെ കമ്പനിയുടെ ഇടപാടുകളുടെ രേഖകളെല്ലാം കൈമാറാന്‍ തയ്യാറാണ്. തോമസ് ഐസക്കിനെപോലെ സാമ്പത്തിക ശാസ്ത്രം അറിയാവുന്ന നേതാവ് രേഖകൾ പരിശോധിക്കട്ടെ. എന്നാല്‍, വീണയുടെ കമ്പനിയിൽ ജോലി ചെയ്ത 50 ശതമാനം ആളുകളുടെയെങ്കിലും വിവരം പുറത്തുവിടാൻ തയ്യാറാകുമോ?' കുഴല്‍നാടൻ ചോദിച്ചു. തനിക്ക് പങ്കാളിത്തമുള്ള നിയമകാര്യ കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നെന്ന സിപിഎം ആരോപണത്തിന് മറുപടി പറയുകയായിരുന്നു കുഴല്‍നാടൻ.

"കേവലം ഒരു രാഷ്ട്രീയ വാഗ്വാദമാക്കാതെ ആരോഗ്യപരമായ ചർച്ചയാണ് ഉദ്ദേശിക്കുന്നത്. എനിക്കെതിരെ സിപിഎം ഉയർത്തിയത് ഗൗരവകരമായ ആരോപണമാണ്. എന്റെ കൂടി ഉടമസ്ഥതയിലുള്ള അഭിഭാഷക സ്ഥാപനം കള്ളപണം വെളുപ്പിക്കുന്നു എന്ന് ആരോപണം ഉന്നയിക്കുമ്പോൾ അത് സ്ഥാപനത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കി. രാജ്യദ്രോഹത്തിന്റെ പരിധിയിൽ ഉൾപ്പെട്ട കുറ്റകൃത്യമാണിത്. 2001 മുതൽ ഈ ദിവസം വരെ അഭിഭാഷകവൃത്തി വേണ്ടെന്ന് വച്ചിട്ടില്ല. രക്തം ചിന്തിയാലും വിയര്‍പ്പ് ഒഴുക്കില്ലെന്ന രീതിയാണ് സിപിഎം നേതാക്കള്‍ക്കുള്ളത്. വിശ്വാസ്യത ചോദ്യം ചെയ്താൽ സഹിക്കില്ല, മറ്റെന്തും സഹിക്കും. അധ്വാനത്തിന്റെ  വില അറിയാത്തത് കൊണ്ടാണ് സിപിഎം നേതാക്കൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആറ് വർഷം അടച്ച നികുതിയുടെ വിശദാംശങ്ങളും രേഖകളും കൈമാറാൻ തയ്യാറാണ്." കുഴൽനാടൻ പറഞ്ഞു.

ഇടുക്കിയിലെ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎം ഉയർത്തിയ ആരോപണവും കുഴൽനാടൻ നിഷേധിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടല്‍സ് ലിമിറ്റഡില്‍ നിന്നും മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം നിയമസഭയില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി സിപിഎം രംഗത്തെത്തിയത്. മാത്യു കുഴല്‍നാടന്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കുഴല്‍നാടന്റെ പ്രതികരണം.

ഇടുക്കിയിലെ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎം ഉയർത്തിയ ആരോപണവും കുഴൽനാടൻ നിഷേധിച്ചു. ചിന്നക്കനാലിലെ ഭൂമിയുടെ ഫെയർ വാല്യുവിനേക്കാൾ തുക നൽകിയാണ് വാങ്ങിയത്. 13 ലക്ഷം രൂപയാണ് സർക്കാർ രേഖപ്രകാരം നികുതി അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനേക്കാൾ ആറ് ലക്ഷം രൂപ കൂടുതൽ അടച്ചിട്ടുണ്ടെന്നും കുഴൽനാടൻ വിശദീകരിച്ചു. തിരഞ്ഞെടുപ്പിനുശേഷം രജിസ്റ്റർ ചെയ്ത ആധാരത്തിന്റെ കണക്ക് കൂടി ചേർത്താണ് സത്യവാങ്ങ്മൂലത്തിൽ കണക്ക് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

"2014–15 വർഷത്തിൽ 1.35 കോടിരൂപയായിരുന്നു നിയമസ്ഥാപനത്തിന്റെ വരുമാനം. 10 ലക്ഷംരൂപ ആ വർഷം നികുതി അടച്ചു. 30 ലക്ഷമാണ് കഴിഞ്ഞവർഷം നികുതി അടച്ചത്. ഇതിനുപുറമേ വ്യക്തിപരമായും നികുതി അടച്ചു. 2.18 കോടിയിലേറെ രൂപ 10 വർഷത്തിനിടെ സ്ഥാപനം നികുതി അടച്ചു. കള്ളപ്പണം വെളുപ്പിക്കലാണെന്നേ മൈക്കിന് മുന്നിൽ ഇരുന്നുപറയാൻ എളുപ്പമാണ്. സ്ഥാപനം നടത്തുന്നതിന് പിന്നിലെ അധ്വാനം വളരെ വലുതാണ്." കുഴല്‍നാടൻ പറഞ്ഞു. തനിക്ക് പങ്കാളിത്തമുള്ള കമ്പനിയിലേക്ക് വിദേശരാജ്യത്ത് നിന്ന് പണം വന്നിട്ടുണ്ടെങ്കില്‍ അത് വിദേശ കമ്പനികളുടെ കേസ് വാദിച്ചതിന് ലഭിച്ച പ്രതിഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?