വിശപ്പകറ്റാനും അന്തസായി ജീവിക്കാനും വേണ്ടി സമരത്തിനിറങ്ങിയ തൊഴിലാളികളുടെ ചോരകൊണ്ട് മട്ടാഞ്ചേരിയുടെ മണ്ണ് ചുവന്ന ആ ദിനം. 1953 സെപ്റ്റംബർ 15. കേരളക്കരയുടെ വിദൂര സ്മൃതികളിൽ പോലുമില്ലാത്ത ഒരു ധീര സമര ചരിത്രം. അതായിരുന്നു കൊച്ചി തുറമുഖത്ത് 75 ദിവസം നീണ്ടു നിന്ന, വെടിവയ്പ്പിൽ അവസാനിച്ച മട്ടാഞ്ചേരി വെടിവയ്പ്പ്. അന്നവിടെ തോക്കുകൾ തീതുപ്പിയത് ഭരണത്തെ അട്ടിമറിക്കാൻ വന്നവർക്ക് നേരെയായിരുന്നില്ല, ഓരോ ദിവസത്തെയും അന്നത്തിനായി പോരടിച്ചുകൊണ്ടിരുന്ന തൊഴിലാളികൾക്ക് നേരെയായിരുന്നു. സൈദ്, സൈദലവി, ആന്റണി എന്നീ രക്തസാക്ഷികളേയും നൂറോളം ജീവിക്കുന്ന രക്തസാക്ഷികളെയും സൃഷ്‌ടിച്ച ഭരണകൂട ഭീകരതയുടെ നേർസാക്ഷ്യം കൂടിയാണ് മട്ടാഞ്ചേരി വെടിവയ്പ്പ്. കേന്ദ്രം ഭരിച്ചിരുന്ന ജവഹർലാൽ നെഹ്‌റു സർക്കാർ കൊണ്ടുവന്ന പോർട്ട് ആൻഡ് ലേബർ വർക്കേഴ്സ് ആക്ട് നടപ്പാക്കണമെന്ന നിയമപരമായ അവകാശം മാത്രമായിരുന്നു തൊഴിലാളികൾ ആവശ്യപ്പെട്ടത്.
ഓരോരുത്തരുടെയും രാഷ്ട്രീയവും കൊടികളുടെ നിറവും വ്യത്യസ്തമായിരുന്നു, വിശ്വാസ സംഹിതകളും വേറിട്ടതായിരുന്നു. എന്നാൽ ഓരോരുത്തരെയും മുന്നോട്ട് നയിച്ച വികാരം തൊഴിലാളിയെന്ന വർഗബോധമായിരുന്നു.
1953 ജൂലൈ ഒന്നിനാണ് സമരം ആരംഭിക്കുന്നത്. ട്രേഡ് യൂണിയനുകളുടെ സമരങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സമരമായിരുന്നു ചാപ്പയ്‌ക്കെതിരായ പോരാട്ടം. ചിക്കാഗോയിലെ ഹേമാർക്കറ്റിലെ തൊഴിലാളികൾ എട്ടു മണിക്കൂർ ജോലി എന്ന ആവശ്യം നേടിയെടുത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട ശേഷവും സ്വതന്ത്ര ഇന്ത്യയിൽ 12 മണിക്കൂർ ജോലി എന്ന നിയമം നിലനിന്നിരുന്നു. അതിഹീനമായിരുന്നു കൊച്ചി തുറമുഖത്ത് നടത്തിവന്നിരുന്ന ചാപ്പ നിയമം. കൊച്ചിയിൽ തുറമുഖം വന്നതോടെ നല്ല തൊഴിലും മെച്ചപ്പെട്ട ജീവിതവും കെട്ടിപ്പടുക്കാമെന്ന ആഗ്രഹവുമായി കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് വന്നെത്തിയ തൊഴിലാളികളെ കാത്തിരുന്നത് നരക സമാനമായ ജീവിതമായിരുന്നു.
ചാപ്പ നിയമം
കൊച്ചി തുറമുഖത്ത് എത്തിയിരുന്ന കപ്പലുകളിൽ നിന്ന് സാധനമിറക്കുന്ന ചുമട്ടു തൊഴിലാളികളായിരുന്നു മട്ടാഞ്ചേരി ഭാഗങ്ങളിൽ കൂടുതലും. തുറമുഖത്തെത്തുന്ന കപ്പലുകളിലെ സാധനമിറക്കാനുള്ള ഉത്തരവാദിത്വം സ്വീഡർമാർക്കായിരുന്നു. അവർക്ക് കൂലി തൊഴിലാളികളെ നൽകിയിരുന്നത് മൂപ്പന്മാരെന്ന് വിളിച്ചിരുന്ന കങ്കാണിമാരും. ഇവർ തൊഴിലാളികളെ കണ്ടെത്താൻ പ്രയോഗിച്ചിരുന്ന മാർഗമായിരുന്നു ചാപ്പയേറ്. കങ്കാണിമാർ കയ്യിൽ ചെമ്പ് നാണയങ്ങൾ കരുതിയിരിക്കും. അത് ഓരോ ദിവസവും രാവിലെ കൂട്ടമായി എത്തുന്ന മുഴുപട്ടിണിക്കാരായ തൊഴിലാളിക്ക് നേരെ എറിയും. തമ്മിൽ തല്ലിയും പരസ്പരം ഇടിച്ചും തൊഴിച്ചുമായിരുന്നു നാണയങ്ങൾ ഓരോരുത്തർ സ്വന്തമാക്കിയിരുന്നത്. അതേസമയം, മൂപ്പന്മാരുടെ അനുയായികൾക്ക് ചാപ്പ അല്ലാതെ തന്നെ ലഭിച്ചിരുന്നു.
സമരം ആരംഭിച്ച്‍ 75-ാം നാളാണ് വെടിവയ്പ്പ് നടക്കുന്നത്. ബസാർ റോഡിൽ വന്നുചേരുന്ന ചക്കരയിടുക്ക് കവലയിൽ സംഘടിച്ച തൊഴിലാളികൾക്ക് നേരെയാണ് കവചിത വാഹനങ്ങളിലെത്തിയ സായുധപോലീസ് സേന വെടിയുതിർത്തത്
ചാപ്പ സ്വന്തമാക്കുന്നതിൽ കൂട്ടുകാരനാണെന്നോ മറ്റോ ഉള്ള വേർതിരിവ് ഉണ്ടായിരുന്നില്ല. ആ നേരം കുടിലുകളിൽ കാലി വയറുമായി കഴിഞ്ഞിരുന്ന ഭാര്യയുടെയും മക്കളുടെയും വിശപ്പകറ്റാനൊരു മാർഗം മാത്രമായിരുന്നു ഓരോരുത്തരുടേയും ഉള്ളിൽ. ചാപ്പ നേടി എല്ലുമുറിയെ പണിയെടുത്താലും കൃത്യമായ വേതനവും തൊഴിലാളികൾക്ക് ലഭിച്ചിരുന്നില്ല എന്നത് മറ്റൊരു വശം. അത്രത്തോളം നിസ്സഹായമായിരുന്നു തൊഴിലാളികളുടെ അവസ്ഥ. രാജ്യം സ്വതന്ത്രമായ ശേഷവും കേരളത്തിൽ മനുഷ്യത്വ വിരുദ്ധമായ ഇത്തരമൊരു സമ്പ്രദായം തുടർന്നിരുന്നു.
ഈ സമ്പ്രദായത്തിന് എതിരെ തൊഴിലാളികൾ സ്വാഭാവികമായി പ്രതികരിക്കാൻ ആരംഭിച്ചു. അങ്ങനെയാണ് ട്രേഡ് യൂണിയനുകൾ രൂപീകൃതമാകുന്നത്. പക്ഷെ അവിടം കൊണ്ടും തീരുന്നതായിരുന്നില്ല തൊഴിലാളികളുടെ പ്രശ്നങ്ങൾ. മൂപ്പന്മാർക്ക് പകരം ചാപ്പ വിതരണത്തിന്റെ ചുമതല യൂണിയനുകൾ നേടിയെടുത്തു എന്നത് മാത്രമായിരുന്നു വ്യത്യാസം. യൂണിയനിലെ അംഗങ്ങൾക്ക് ചാപ്പ എളുപ്പം ലഭിക്കുകയും ചെയ്തു. ഒടുവിലാണ് ഇടതുപക്ഷ യൂണിയന്റെ നേതൃത്വത്തിൽ 1953 ജൂലൈ ഒന്നിന് സമരം ആരംഭിക്കുന്നത്.
മട്ടാഞ്ചേരി സമരം
പുന്നപ്ര വയലാർ, കയ്യൂർ, കരിവള്ളൂർ സമരങ്ങളിൽ പങ്കെടുത്ത തൊഴിലാളി സഖാക്കൾ ഒളിവിൽ പാർത്തിരുന്ന പ്രദേശമായിരുന്നു കൊച്ചി. കേരളത്തിന്റെ പല പ്രദേശങ്ങളിൽ നിന്നും തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുവരെയുള്ള ആളുകളുള്ള സ്ഥലമായിരുന്നതിനാൽ തൊഴിലാളി സഖാക്കൾക്ക് ഒളിച്ചുകഴിയാൻ പറ്റിയ ഇടമായിരുന്നു തുറമുഖ പ്രദേശം. ഇവരുടെ സാന്നിധ്യമാണ് സമരത്തിന് വർദ്ധിതവീര്യം പകർന്നത്. കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു സമരത്തിൽ. ഓരോരുത്തരുടെയും രാഷ്ട്രീയവും കൊടികളുടെ നിറവും വ്യത്യസ്തമായിരുന്നു, വിശ്വാസ സംഹിതകളും വേറിട്ടതായിരുന്നു. എന്നാൽ ഓരോരുത്തരെയും മുന്നോട്ട് നയിച്ച വികാരം തൊഴിലാളിയെന്ന വർഗബോധമായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ, കോൺഗ്രസ്, മുസ്ലിം ലീഗ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്നിങ്ങനെ എല്ലാ പാർട്ടികളിൽ ഉള്ളവരും സമരമുഖത്തുണ്ടായിരുന്നു. ഇത് തന്നെയാണ് മറ്റ് തൊഴിലാളി വർഗ സമരങ്ങളിൽ നിന്ന് മട്ടാഞ്ചേരി സമരത്തെ വേറിട്ട് നിർത്തുന്നത്.
സമരം ആരംഭിച്ച്‍ 75-ാം നാളാണ് വെടിവയ്പ്പ് നടക്കുന്നത്. ബസാർ റോഡിൽ വന്നുചേരുന്ന ചക്കരയിടുക്ക് കവലയിൽ സംഘടിച്ച തൊഴിലാളികൾക്ക് നേരെയാണ് കവചിത വാഹനങ്ങളിലെത്തിയ സായുധ പോലീസ് സേന വെടിയുതിർത്തത്. കയ്യിൽ ചെങ്കൊടിയേന്തി അവകാശങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടിയിരുന്ന തൊഴിലാളികൾ തെല്ലും പതറാതെ, പിന്നോട്ടില്ലെന്ന തികഞ്ഞ നിശ്ചയദാർഢ്യത്തോടെ പോലീസിനെ നേരിട്ടു. വെടിയൊച്ചകൾക്ക് മുകളിൽ അന്നുയർന്ന് കേട്ടത്
‘ഈ സമരമുഖത്ത് ഞാൻ പിന്തിരിഞ്ഞോടിയാൽ എന്നെ എറിഞ്ഞ് കൊന്നേക്കുക, പൊരുതി വീണാൽ എന്നെ മറികടന്ന് നിങ്ങൾ മുന്നേറുക, ലാൽ സലാം'
എന്ന തൊഴിലാളികളുടെ മുദ്രാവാക്യമായിരുന്നു പിന്നീട് തിരുവിതാംകൂറിലും മലബാറിലും കേരളക്കരയിലുമെല്ലാം നടന്ന ഓരോ വർഗ സമര ഭൂമികകളിൽ ഉയർന്നു കേട്ടതും മട്ടാഞ്ചേരിയിലെ സമരവീര്യത്തെ അനുസ്മരിപ്പിക്കുന്ന
‘കാട്ടാളന്മാർ നാട് ഭരിച്ച്
നാട്ടിൽ തീമഴ പെയ്തപ്പോള്‍
പട്ടാളത്തെ പുല്ലായി കരുതിയ
മട്ടാഞ്ചേരി മറക്കാമോ.‘ എന്ന വരികളായിരുന്നു. വെടിവയ്പ്പിൽ സൈദ്, സൈദലവി, ആന്റണി എന്നീ മൂന്ന് പേർ രക്തസാക്ഷികളായി. എന്നാൽ ഈ പേരുകൾക്കെല്ലാം അർഹിക്കുന്ന പരിഗണന ലഭിക്കാതെ വിസ്മൃതിയിലാണ്ട് പോകാനായിരുന്നു വിധി.
എന്നാൽ മട്ടാഞ്ചേരി സമരമെന്ന ഐതിഹാസിക പോരാട്ടം കേരള സമൂഹം ഇന്നും വേണ്ടവിധം അടയാളപ്പെടുത്തിയിട്ടില്ല. കെ എം ചിദംബരം എഴുതി സംവിധാനം ചെയ്ത 'തുറമുഖം' എന്ന നാടകം മാത്രമായിരുന്നു സമരത്തെ അടയാളപ്പെടുത്തിയ കലാസൃഷ്ടി. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' സിനിമ അടുത്തിടെ പുറത്തിറങ്ങിയത്. കെ എം ചിദംബരത്തിന്റെ മകൻ ഗോപൻ ചിദംബരമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.