KERALA

'വിശ്വാസത്തിന്റെയോ വായിച്ച പുസ്തകങ്ങളുടേയോ പ്രേരണയുണ്ടായേക്കാം'; അരുണാചലില്‍ മരിച്ചവരുടെ ചാറ്റ് കണ്ടെത്തി പോലീസ്

മരണത്തിനുപിന്നില്‍ ബ്ലാക് മാജിക്ക് ആണോയെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ല

വെബ് ഡെസ്ക്

അരുണാചല്‍ പ്രദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മൂന്നു മലയാളികളുടെയും ഇ-മെയില്‍ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തി പോലീസ്. 2021 മുതലുള്ള ഇമെയില്‍ ചാറ്റ് വിവരങ്ങളാണ് ശേഖരിച്ചത്. ചാറ്റിന്റെ ഉള്ളടക്കം ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും കൂടുതല്‍ പരിശോധനകളും അന്വേഷണവും ആവശ്യമാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ നിതിന്‍രാജ് പറഞ്ഞു.

മരണത്തിനുപിന്നില്‍ ബ്ലാക് മാജിക്ക് ആണോയെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ല. അവരുടെ വിശ്വാസത്തിന്റെയോ അവര്‍ വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെയോ പ്രേരണ ആത്മഹത്യയ്ക്കു പിന്നിലുണ്ടായേക്കാം. സംഭവത്തില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കും. ഇവര്‍ക്ക് നാലുവര്‍ഷമായി പരിചയമുണ്ടെന്നും ഡി സി പി പറഞ്ഞു.

നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രക്കുഴി എംഎംആര്‍എ സിഎര്‍എ കാവില്‍ ദേവി (41), വട്ടിയൂര്‍ക്കാവ് മേലത്തുമേഖല എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29) എന്നിവരെ രണ്ടിനാണ് അരുണാചലിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയ അരുണാചലിലെ സിറോയിലെ ഹോട്ടല്‍ മുറിയില്‍നിന്ന് പ്ലേറ്റില്‍ മുടി കണ്ടെത്തിയത് സംഭവത്തിനുപിന്നില്‍ ദുര്‍മന്ത്രവാദമെന്ന സംശയമുയര്‍ത്തിയിരുന്നു. ആര്യയുടെയും ദേവിയുടെയും കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവുകള്‍ വരുത്തിയശേഷം നവീന്‍ സ്വയം കൈ മുറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുറിവേല്‍പ്പിക്കാന്‍ ഉപയോഗിച്ച ബ്ലെയ്ഡ് മുറിയിലെ കട്ടിലില്‍നിന്ന് കണ്ടെത്തി. മുറിയില്‍ ബലപ്രയോഗം നടന്നെന്നു കാണിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. മുറിയില്‍ കുപ്പിഗ്ലാസ് മാത്രമാണ് ഉടഞ്ഞനിലയില്‍ കണ്ടെത്തിയത്.

മൂവരും താമസിച്ചിരുന്ന മേഖലയില്‍ മന്ത്രവാദ സംഘടനകളുടെ കണ്‍വെന്‍ഷന്‍ നടന്നതായി സൂചനയുണ്ട്. മരിച്ച ദേവിയുടെ അച്ഛനുമായി അരുണാചല്‍ പോലീസ് സംസാരിച്ചപ്പോള്‍ ഇവര്‍ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായും അത് വിലക്കിയിരുന്നതായും അറിയിച്ചതായി ലോവര്‍ സുബാന്‍സിരി എസ് പി കെനി ബാഗ്ര പറഞ്ഞു.

നവീന്‍ തോമസിന്റെയും ദേവിയുടെയും വീട്ടില്‍നിന്നു കണ്ടെത്തിയ ലാപ്ടോപ്പില്‍ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയതിന്റെ സൂചനകള്‍ പോലീസ് കണ്ടെത്തി. മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകള്‍ വീതമുള്ള പുസ്തകങ്ങള്‍ ലാപ്ടോപ്പില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ആയുര്‍വേദ ഡോക്ടര്‍മാരായിരുന്ന ഇരുവരുടെയും സുഹൃത്തായ അധ്യാപിക ആര്യയുടെയും ദുരൂഹ മരണങ്ങളുമായി ഇത്തരം താത്പര്യങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മൃതദേഹങ്ങള്‍ അസം തലസ്ഥാനമായ ഗുവാഹതിയില്‍ എത്തിച്ചശേഷം കൊല്‍ക്കത്ത വിമാനത്താവളം വഴി തിരുവനന്തപുരത്തേക്കു കൊണ്ടുവരും. ദേവിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കരിക്കും. നവീന്റെ സംസ്‌കാരം കോട്ടയം മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നാളെ നടക്കും.

മാര്‍ച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍നിന്ന് 100 കിലോമീറ്റര്‍ മാറി സിറോയിലെ ഹോട്ടലില്‍ മാര്‍ച്ച് 28-നാണ് ഇവര്‍ മുറിയെടുത്തത്. കുടുംബമാണെന്നും ആര്യ മകള്‍ ആണെന്നും പറഞ്ഞാണ് ഇവര്‍ മുറിയെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് മൂവരും അരുണാചലിലേക്ക് പോയത്.കാര്‍ ഇന്നലെ ആഭ്യന്തര വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കണ്ടെത്തി.

വീട്ടില്‍ നിന്നുമാറി കഴിഞ്ഞ രണ്ടുവര്‍ഷമായി പേരൂര്‍ക്കട അമ്പലമുക്കിലാണ് നവീനും ദേവിയും വാടകയ്ക്ക് താമസിച്ചിരുന്നത്. ശ്രീകാര്യത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് ആര്യ. ദേവി മുന്‍പ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം