KERALA

'ആ കത്ത് എന്റേതല്ല, ഉറവിടം കണ്ടെത്തണം'; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി മേയര്‍

താന്‍ കത്ത് തയ്യാറാക്കുകയോ എഴുതിയിട്ടോ ഇല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

വെബ് ഡെസ്ക്

തിരുവനന്തപുരം നഗരസഭയിലെ വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങളിലേക്ക് പാര്‍ട്ടി അനുഭാവികളെ തേടി കത്തയച്ചെന്ന ആരോപണം നിഷേധിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. താന്‍ കത്ത് തയ്യാറാക്കുകയോ എഴുതിയിട്ടോ ഇല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് പ്രധാന ആവശ്യമെന്നും മേയര്‍ പറഞ്ഞു.

നഗരസഭയ്ക്കും മേയര്‍ക്കുമെതിരെ ഇക്കാലയളവില്‍ നടത്തിവരുന്ന വ്യാജ പ്രചരണങ്ങളുടെ ഭാഗമാണോ ഇതെന്ന് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തില്‍ എഡിറ്റിങ് നടത്തിയതായും സംശയമുണ്ട്. അതേസമയം, കത്തുമായി ബന്ധപ്പെട്ട് മേയറുടെ ഓഫീസിനെ സംശയമില്ല. നിയമനവുമായി ബന്ധപ്പെട്ട പരസ്യം രണ്ട് പത്രങ്ങളില്‍ നല്‍കിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ജില്ലാ സെക്രട്ടറിക്ക് കത്തയയ്ക്കുക? ഇക്കാര്യത്തില്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

കത്ത് തയ്യാറാക്കിയ ലെറ്റര്‍ ഹെഡ് യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന കാര്യം അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതാണ്. പല ആളുകള്‍ക്കും പല ആവശ്യങ്ങള്‍ക്കും കൊടുക്കുന്ന തരത്തിലുള്ള ലെറ്റര്‍ ഹെഡ് മാത്രമേ മേയര്‍ക്ക് ഉള്ളു. പുറത്തുവന്ന കത്തില്‍ ലെറ്റര്‍ ഹെഡ് വരുന്ന ഭാഗവും ഒപ്പു വരുന്ന ഭാഗവും വ്യക്തതയില്ലാത്ത രീതിയിലാണ്. പിന്നെങ്ങനെയാണ് അത് താനാണ് ഒപ്പിട്ടത് എന്ന് സ്ഥാപിക്കാനാവുകയെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

കത്ത് വിവാദത്തില്‍, മേയര്‍ക്കെതിരെ നടപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചിരുന്നു. പട്ടിക തേടി കത്ത് തയ്യാറാക്കിയത് താനല്ലെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. കത്തെഴുതിയത് ആരെന്ന് കണ്ടുപിടിക്കണം. നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ പാര്‍ട്ടിയോട് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ കത്തെഴുതുന്ന സംവിധാനം സിപിഎമ്മിലില്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ