KERALA

ബ്രണ്ണന്‍ അലയും ബ്രണ്ണന്‍കാലവും

രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും മേഖലയില്‍ നിരന്തരം വാര്‍ത്താപ്രാധാന്യം നേടാറുള്ള ബ്രണ്ണനില്‍ ഇപ്പോള്‍ ഓര്‍മകളുടെ അലയടിക്കാലമാണ്

കെ ബാലകൃഷ്ണൻ

തലശേരി ബ്രണ്ണന്‍ കോളേജ് വാര്‍ത്തകളില്‍ പലപ്പോഴും നിറഞ്ഞുനില്‍ക്കാറുണ്ട്. ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവര്‍ ബ്രണ്ണനില്‍ പയറ്റിത്തെളിഞ്ഞാണ് കേരളത്തിന്റെ പൊതുരാഷ്ട്രീയ മേല്‍ത്തട്ടിലെത്തിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍ ബ്രണ്ണനിലെ പൂര്‍വവിദ്യാര്‍ഥി മാത്രമല്ല മുന്‍ ചെയര്‍മാനുമായിരുന്നു. രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും മേഖലയില്‍ നിരന്തരം വാര്‍ത്താപ്രാധാന്യം നേടാറുള്ള ബ്രണ്ണനില്‍ ഇപ്പോള്‍ ഓര്‍മകളുടെ അലയടിക്കാലമാണ്. 'ബ്രണ്ണന്‍ അല' എന്ന പേരില്‍ ഫെബ്രുവരി 10,11 തീയതികളില്‍ നടന്ന മഹാസംഗമം ഗൃഹാതുരത്വത്തിന്റെയും ഓര്‍മകളുടെയും വലിയൊരു ചരിത്രം തന്നെയായി.

കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനം ആരംഭിക്കുന്നതിനു മുമ്പാണ് ജാതിമതാതീതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ഒരു വിദേശിയുടെ ധനം ഉപയോഗപ്പെടുത്തി സ്ഥാപനം തുടങ്ങുന്നത്. വാസ്തവത്തില്‍ കേരളീയ നവോത്ഥാനത്തിന്റെ ആരംഭ ബിന്ദുക്കളില്‍ മുഖ്യമായ ഒന്നത്രേ ബ്രണ്ണന്‍ വിദ്യാലയം

ബ്രിട്ടീഷ് മര്‍ച്ചന്റ് നേവിയിലെ ഏറ്റവും താഴ്ന്ന തസ്തികയിലുള്ള ഒരു ജീവനക്കാരന്‍ കേരളത്തിലെ നവോത്ഥാനത്തിന്റെ ആദ്യനായകരിലൊരാളായ കഥയാണ് ബ്രണ്ണന്റേത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് കടലില്‍ തകര്‍ന്നുപോയ കപ്പലില്‍നിന്ന് നീന്തിരക്ഷപ്പെട്ട് തലശേരി കടപ്പുറത്ത് എത്തിപ്പെട്ടതാണ് എഡ്വേര്‍ഡ് ബ്രണ്ണന്‍. തലശേരി തുറമുഖത്ത് മാസ്റ്റര്‍ അറ്റന്‍ഡന്റായി ബ്രിട്ടീഷ് കമ്പനി സര്‍ക്കാര്‍ നല്‍കിയ ജോലിയില്‍ മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച ബ്രണ്ണന്‍ തന്റെ സമ്പാദ്യം നീക്കിവെച്ചത് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കാനാണ്. തലശേരിയില്‍ ഒരു ബന്ധത്തില്‍ അദ്ദേഹത്തിനുണ്ടായ മകളെ പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന് അല്പം പണം. ആ പണംകൂടി ഉപയോഗിച്ചാണ് ഗുണ്ടര്‍ട്ട് തലശേരിയില്‍ ബാലികാപാഠശാല തുടങ്ങിയത്. ബ്രണ്ണന്റെ ഒസ്യത്തില്‍ നിര്‍ദേശിച്ച രണ്ട് കാര്യങ്ങള്‍ ഇവയാണ്- ജാതിമതാതീതമായി എല്ലാ കുട്ടികള്‍ക്കും മികച്ച ആധുനിക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സ്ഥാപനം തുടങ്ങുക. രണ്ടാമതായി തലശേരിയില്‍ ആധുനിക വൈദ്യശാസ്ത്രപ്രകാരമുള്ള ആശുപത്രി സ്ഥാപിക്കുക- തലശേരിയിലെ ജനറല്‍ ആശുപത്രിയുടെ പൂര്‍വരൂപം അതാണ്. മികച്ച ആധുനികവിദ്യാഭ്യാസം നല്‍കുന്നതിനുള്ള സ്ഥാപനം- എല്ലാ ജാതിയിലും മതത്തിലുംപെട്ട കുട്ടികള്‍ക്ക് എന്നാണ് എടുത്തുപറഞ്ഞത്. 1862-ല്‍ അതുപ്രകാരം തുടങ്ങിയ സ്ഥാപനമാണ് ബ്രണ്ണന്‍ ഹൈസ്‌കൂള്‍. മൂന്ന് പതിറ്റാണ്ടിനുശേഷം അത് കോളേജായി. സ്‌കൂള്‍ തുടങ്ങി ഏതാനും വര്‍ഷത്തിനുശേഷം ട്രെയിനിങ്ങ് സ്‌കൂളും തുടങ്ങി. അതാണ് ഇപ്പോള്‍ ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് എജുക്കേഷനായത്. നഗരത്തില്‍ ആരംഭിച്ച സ്‌കൂള്‍ അതേപടി നിലനിര്‍ത്തിയാണ് കോളേജും സ്ഥാപിച്ചത്. 1958 മുതല്‍ കോളേജ് ധര്‍മടത്ത് പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനം ആരംഭിക്കുന്നതിനു മുമ്പാണ് ജാതിമതാതീതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ഒരു വിദേശിയുടെ ധനം ഉപയോഗപ്പെടുത്തി സ്ഥാപനം തുടങ്ങുന്നത്. വാസ്തവത്തില്‍ കേരളീയ നവോത്ഥാനത്തിന്റെ ആരംഭ ബിന്ദുക്കളില്‍ മുഖ്യമായ ഒന്നത്രേ ബ്രണ്ണന്‍ വിദ്യാലയം.

ബ്രണ്ണന്‍ അല മുന്‍ മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു

ഈ പാരമ്പര്യ ധന്യതയുടെ ഊര്‍ജവുമായാണ് ബ്രണ്ണന്‍ അല നടന്നത്. പൂര്‍വവിദ്യാര്‍ഥി മഹാസംഗമം അതായത് ബ്രണ്ണന്‍ അലുംനി അസംബ്ലിക്ക് ബ്രണ്ണന്‍ അല എന്ന പേരിട്ടത് കോളേജിലെ ഫിലോസഫി വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ ദിലീപ് രാജാണ്. ബ്രണ്ണനില്‍ പഠിച്ചശേഷം മാധ്യമപ്രവര്‍ത്തകരായവരുടെ സമ്മേളനം (വിരമിച്ചവരും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരുമായി നൂറിലേറെപ്പേരുണ്ടവര്‍. പകുതിയോളം പേര്‍ പങ്കെടുത്തു). 1960 മുതല്‍ ഇതേവരെ കോളേജ് യൂണിയന്‍ ഭാരവാഹികളായിരുന്നവരുടെ സമ്മേളനം- 1973ല്‍ ചെയര്‍മാനായ എ.കെ. ബാലനാണ് ഉദ്ഘാടനം ചെയ്തത്. മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹനന്‍ പ്രസംഗിക്കാനെത്തി. ശാസ്ത്രസമ്മേളനം, സാഹിത്യസമ്മേളനം, ബ്രണ്ണന്‍ പൂര്‍വവിദ്യാര്‍ഥികളും പൂര്‍വാധ്യാപകരുമായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനം-ഇതിനെല്ലാം പുറമെയാണ് രണ്ടുദിവസം നീണ്ട മഹാസംഗമം നടത്തിയത്. രണ്ടായിരത്തോളം പേരാണ് ആദ്യദിവസമെത്തിയത്. രണ്ടാം ദിവസം പിന്നെയും കൂടുതലാളുകള്‍. 162 വര്‍ഷത്തെ ബ്രണ്ണന്‍ വിദ്യാലയചരിത്രത്തില്‍ ആദ്യമായാണ് ജീവിച്ചിരിക്കുന്ന മുഴവന്‍ പൂര്‍വവിദ്യാര്‍ഥികളെയും പൂര്‍വാധ്യാപകരെയും പൂര്‍വ ജീവനക്കാരെയും ഉള്‍ക്കൊള്ളുന്നതരത്തില്‍ മഹാസംഗമം നടത്തിയത്. രണ്ടുദിവസം കോളേജ് കാമ്പസില്‍ നടന്ന സംഗമം അഭൂതപൂര്‍വമായ അനുഭവമായി. നിരവധി കവിതകളും നിരവധി ഓര്‍മക്കുറിപ്പുകളുംകൊണ്ട് നവമാധ്യമങ്ങളില്‍ അത് നിറഞ്ഞുനിന്നു- ഇപ്പോഴും തുടരുന്നു. വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ ഏറ്റവും പ്രധാന സാന്നിധ്യവും ശക്തിയുമായി ബ്രണ്ണന്റെ അലയുണ്ട്. ബ്രണ്ണന്‍ ഒരു കോളേജല്ല, പഠിച്ച, പഠിപ്പിച്ച, ജോലിചെയ്ത ഓരോരുത്തരുടെയും ഓരോ കോളേജാണെന്ന് പറയാറുണ്ട്. മറ്റു കോളേജുകള്‍ക്കും ഇത്തരത്തില്‍ തന്നെ അനുസ്മരിക്കാനുണ്ടാവുമെന്നത് വേറെ കാര്യം.

ബ്രണ്ണന്‍ അല തുടരെ അടിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍ തല്ക്കാലം അതുവിട്ട് അതിന്റെ അനുബന്ധമായി പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകത്തിലേക്ക് പോകാം. ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'ബ്രണ്ണന്‍ ദിനങ്ങള്‍' എന്ന പുസ്തകം വളരെ മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ബ്രണ്ണനെപ്പറ്റി വേറെയും പുസ്തകങ്ങളും സാഹിത്യസൃഷ്ടികളും ഏറെയുണ്ട്. ബ്രണ്ണന്‍ അല മഹാസംഗമത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് നല്‍കി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രകാശിപ്പിച്ച 'എന്റെ ബ്രണ്ണന്‍കാലം' എന്ന എന്‍. പ്രഭാകരന്റെ പുസ്തകത്തെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

എന്‍. പ്രഭാകരന്റെ 'എന്റെ ബ്രണ്ണന്‍കാലം' എന്ന പുസ്തകം സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രകാശനം ചെയ്യുന്നു.

ബ്രണ്ണനില്‍ അഞ്ചുവര്‍ഷം വിദ്യാര്‍ഥിയും കാല്‍നൂറ്റാണ്ട് അധ്യാപകനുമായി പ്രവര്‍ത്തിച്ച എന്‍. പ്രഭാകരന്‍ ആത്മകഥയുടെ രണ്ടാംഭാഗമെന്ന നിലയില്‍ ഫെയ്‌സ്ബുക്കില്‍ ചെറുകുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയത് ബ്രണ്ണന്‍ അലയെന്ന മഹാസംഗമം തീരുമാനിക്കുന്നതിനും മുമ്പാണ്. ബ്രണ്ണന്‍ ഓര്‍മകള്‍ ഒരാള്‍ക്കോ ഒരു കാലത്തുള്ളവര്‍ക്കോ മാത്രമായി പറയാനോ ഓര്‍ക്കാനോ ആകുന്നതല്ല. പല കാലങ്ങളിലെ ആയിരക്കണക്കിനാളുകളുടെ ഓര്‍മകളിലൂടെ ഗൃഹാതുരസ്മൃതികളിലൂടെ മാത്രം സമാഹരിക്കാനാവുമായിരിക്കാവുന്നതാണ്. ബ്രണ്ണന്‍ അലയുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ വി.എസ്. അനില്‍കുമാര്‍ എഡിറ്ററായി അത്തരമൊരു സമാഹരണത്തിനുള്ള ശ്രമം (സുവനീര്‍) ശ്രമം തുടങ്ങിയിട്ടുണ്ട്. ജൂണില്‍ അത് പുറത്തുവരും.

ആനുഷംഗികമായി ഒരു കാര്യം സൂചിപ്പിക്കാം. അലയുടെ ഭാഗമായി സഹപാഠി സംഗമം നടന്നപ്പോള്‍ ഒരു സെഷനില്‍ അധ്യക്ഷനായിരുന്ന ഈ ലേഖകന് ഹാളിന്റെ മുന്‍ നിരയില്‍നിന്ന് ഒരു കുറിപ്പ് കിട്ടി. സി.വി. കൃഷ്ണന്‍ വെങ്ങര എന്ന ആളാണ്. 1958 ബാച്ചിലെ വിദ്യാര്‍ഥി. 1958-ലെ കോളേജ് മാഗസിനില്‍ താനെഴുതിയ കലാക്ഷേത്രം എന്ന കവിത വായിക്കാന്‍ അവസരം ചോദിച്ചാണ് കുറിപ്പ്. അദ്ദേഹത്തിന്റെ കവിത അലയെയും പ്രതിപാദിക്കുന്നതായിരുന്നു. ബ്രണ്ണന്‍ അലയെ...തൊള്ളായിരത്തി അറുപതുകളുടെ ആദ്യം പഠിച്ച നിരവധി പേരാണ് ഓര്‍മകള്‍ പങ്കുവെക്കാനും ഗാനാലാപനത്തിനും മുന്നോട്ടുവന്നത്.

എന്‍. പ്രഭാകരന്റെ ബ്രണ്ണന്‍ കുറിപ്പുകള്‍ ഫെയിസ് ബുക്കില്‍ വന്നുകൊണ്ടിരിക്കെയാണ് അല തീരുമാനിക്കപ്പെട്ടത്. അലയുടെ തീയ്യതി അടുത്തപ്പോള്‍ സംഘാടകരില്‍ ചിലര്‍ക്ക് ഒരാഗ്രഹം, ആ കുറിപ്പുകള്‍ എന്റെ ബ്രണ്ണന്‍കാലം എന്ന പേരില്‍ പുസ്തകമാക്കുക. ബ്രണ്ണനില്‍ അടുത്തകാലത്ത് ആരംഭിച്ച് പ്രസാധനസംരംഭമായ ബ്രണ്ണന്‍ പ്രസ്സിന്റെ സംഘാടകരായ ഡോ.സന്തോഷ് മാനിച്ചേരിയും ഡോ.ദിലീപ് രാജുമടക്കമുള്ളവരും ബ്രണ്ണന്‍ അല ജനറല്‍ കണ്‍വീനര്‍ ഡോ.എ. വത്സനും പ്രഭാകരന്‍ മാഷുമായി ആലോചിച്ചു. അദ്ദേഹം സമ്മതിച്ചു. അങ്ങനെയാണ് ഇന്‍സൈറ്റ് പബ്ലിക്കയും ബ്രണ്ണന്‍ പ്രസ്സും ചേര്‍ന്ന് പുസ്തകം തയ്യാറാക്കിയത്. ബ്രണ്ണന്‍ അലയുടെ ഉദ്ഘാടനവേദിയില്‍ തന്നെ അത് പ്രകാശിപ്പിച്ചു.

എന്‍. പ്രഭാകരന്റെ ആത്മകഥയുടെ ഒന്നാം ഭാഗം 'ഞാന്‍ മാത്രമല്ലാത്ത ഞാന്‍' എന്ന പേരില്‍ രണ്ട് വര്‍ഷം മുമ്പാണ് പ്രസിദ്ധീകരിച്ചത്. രണ്ടാം ഭാഗമായ എന്റെ ബ്രണ്ണന്‍ കാലം ആ പേര് സൂചിപ്പിക്കുന്നതുപോലെ കോളേജ്- ഹോസ്റ്റല്‍ ജീവിതത്തെ മാത്രം പ്രതിപാദിക്കുന്നതാണ്. 1981-ല്‍ ബ്രണ്ണനില്‍ അധ്യാപകനായെത്തുമ്പോള്‍ ദേശാഭിമാനി വാരികയില്‍ അദ്ദേഹം ഒരു ലേഖനമെഴുതിയിരുന്നു, ധര്‍മപട്ടണം എന്ന തലക്കെട്ടില്‍. ധര്‍മടത്തിന്റെ ലാളിത്യം, അതിഥികളെയെല്ലാം ചേര്‍ത്തുനിര്‍ത്തുന്ന മാസ്മരികത എന്നിവയെക്കുറിച്ചെല്ലാം വിശദീകരിച്ചശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളിലെ ഒടുവിലത്തെ വാചകം എടുത്തുചേര്‍ത്തുകൊണ്ടാണ് ആ ലേഖനം അവസാനിപ്പിക്കുന്നത്, 'വൈ ഷുഡ് ഐ ബി ഫ്രീ, ഹു വാണ്ട്‌സ് ദിസ് ഫ്രീഡം...'

ബ്രണ്ണനിലെ ഹോസ്റ്റലുകളുമായി ബന്ധപ്പെട്ട നിരവധി അനുഭവകഥകള്‍ പങ്കുവെക്കുന്ന 'ബ്രണ്ണന്‍ കാല'ത്തില്‍ അക്കാലത്തെ വിദ്യാര്‍ഥി രാഷ്ട്രീയവും വിശദമായി കടന്നുവരുന്നു. കേരളത്തിലെ ആദ്യത്തെ കാമ്പസ് രക്തസാക്ഷിയായ അഷറ്ഫിനെക്കുറിച്ചുള്ള വിവരണം ശ്രദ്ധേയമാണ്

ബ്രണ്ണനില്‍ ബി.എ. മലയാളം ക്ലാസില്‍ ചേര്‍ന്ന പ്രഭാകരന്‍ രണ്ടുമാസത്തിനുശേഷം കോളേജ് വ്യൂ എന്ന ഹോസ്റ്റലില്‍ താമസമാക്കാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ട് രാത്രിയില്‍ കണ്ണൂരിലെത്തി റെയില്‍വേസ്റ്റേഷനില്‍ രാത്രി കഴിച്ചുകൂട്ടുന്ന അനുഭവം കഥ പോലെ 'എന്റെ ബ്രണ്ണന്‍കാലത്തില്‍' അവതരിപ്പിക്കുന്നുണ്ട്. പഴയങ്ങാടിയില്‍നിന്ന് ട്രെയിനില്‍ കണ്ണൂരിലെത്തുന്നു. ട്രെയിന്‍ അതുവരെ മാത്രമേയുള്ളുവെന്നതിനാൽ അവിടെ ഇറങ്ങുകയാണ്. ഭയപ്പെടേണ്ട ഇന്ന് സ്റ്റേഷനിലെ സിമെന്റ് ബെഞ്ചില്‍ കിടന്ന് നാളെ കാലത്തുപോകാമെന്ന് ഒരാള്‍ ഉപദേശിക്കുകയാണ്. ട്രെയിനിലെ അല്പനേരത്തെ യാത്രക്കിടയില്‍ കണ്ട ആളാണ്. അയാളോടൊപ്പം ആ രാത്രി വൈകുംവരെ കണ്ണൂര്‍ നഗരത്തിന്റെ മുക്കിലുംമൂലയിലും സഞ്ചരിക്കുന്നു. നഗരരഹസ്യങ്ങള്‍ അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ ആവശ്യമായ സോപ്പുചീര്‍പ്പ് കണ്ണാടികള്‍ വാങ്ങുന്നത് ഈ പുതിയ പരിചയക്കാരനോടൊപ്പമാണ്. ഹെയര്‍ ഓയിലിന്റെ കുപ്പി തുറന്ന് കാൽ ഭാഗത്തോളം തന്റെ കയ്യിലെ കുപ്പിയിലേക്ക് മാറ്റുന്നുണ്ട് അജ്ഞാത സുഹൃത്ത്. ഒരു കടലാസില്‍ പൗഡറും... രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ ഒരു നോട്ടുപുസ്തകം വായിക്കാന്‍ കൊടുക്കുകയാണ്, താനൊരു കൈനോട്ടക്കാരനാണെന്ന് വെളിപ്പെടുത്തുകയും. പിറ്റേന്ന് പുലര്‍ന്നപ്പോള്‍ അയാളെ കാണാനില്ല. ആ പുസ്തകത്തില്‍ കൈ നോട്ടവുമായി ബന്ധപ്പെട്ട വിവരങ്ങളും ചില വ്യക്തിവിശേഷങ്ങളുമാണുണ്ടായിരുന്നത്... ബ്രണ്ണന്‍ കോളേജ് ഹോസ്റ്റലിന്റെ മുമ്പിലുള്ള കോളേജ് വ്യൂ എന്ന പ്രൈവറ്റ് ഹോസ്റ്റലിലാണ് പ്രഭാകരനെത്തുന്നത്. അന്ന് അവിടുത്തെ സഹതാമസക്കാരായിരുന്നു ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍, പ്രൊഫ. മുഹമ്മദ് അഹമ്മദ്, ഡോ.വിജയപ്പന്‍, പ്രൊഫ. ശശി മേനോന്‍, പ്രൊഫ. ഇ. കുഞ്ഞിരാമന്‍, ഗുജറാത്തി വ്യവസായിയായിരുന്ന കെ.പി. രാജേശ്വരന്‍ എന്നിവര്‍...

ബ്രണ്ണനിലെ ഹോസ്റ്റലുകളുമായി ബന്ധപ്പെട്ട നിരവധി അനുഭവകഥകള്‍ പങ്കുവെക്കുന്ന ബ്രണ്ണന്‍കാലത്തില്‍ അക്കാലത്തെ വിദ്യാര്‍ഥി രാഷ്ട്രീയവും വിശദമായി കടന്നുവരുന്നു. കേരളത്തിലെ ആദ്യത്തെ കാമ്പസ് രക്തസാക്ഷിയായ അഷറ്ഫിനെക്കുറിച്ചുള്ള വിവരണം ശ്രദ്ധേയമാണ്. അഷ്‌റഫിനെ നെഞ്ചില്‍ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. എ.കെ.ബാലനെ വെട്ടാനുള്ള ശ്രമം തടയാന്‍ നോക്കുമ്പോഴാണ് അഷറഫിന് വെട്ടേറ്റത്. രണ്ടുമാസത്തിനുശേഷമാണ് അഷറഫ് മരിച്ചത്. വെട്ടേറ്റു മരിച്ചതല്ല അസുഖബാധയെ തുടര്‍ന്നാണ് മരണമെന്ന് അക്രമം നടത്തിയവര്‍ പിന്നീട് പ്രചരിപ്പിച്ചു. ഇപ്പോഴും അങ്ങനെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ പ്രചാരണം അങ്ങേയറ്റം ക്രൂരമാണെന്ന് പ്രഭാകരന്‍ എഴുതുന്നു.

ബ്രണ്ണനിലെ വിദ്യാഭ്യാസം മുഖ്യമായും ക്ലാസ് മുറിക്ക് പുറത്താണ് നടന്നിരുന്നത്. 'ആ വിദ്യാഭ്യാസമാണ് ജീവിതത്തെ നേരിടാന്‍ എന്നെ പ്രാപ്തമാക്കിയത്' എന്ന് പലരും പറയാറുണ്ട്

'മികച്ച വോളിബോള്‍ കളിക്കാരനായിരുന്ന അഷ്റഫ് ബ്രണ്ണന്‍ കോളേജിന്റെ ജനറല്‍ ക്യാപ്റ്റനായിരുന്നു. സുന്ദരനും സൗമ്യപ്രകൃതിയുമായ അഷറഫ് എല്ലാവരുമായും നല്ല സൗഹൃദത്തിലായിരുന്നു. ഞാന്‍ ആ സൗഹൃദം നല്ലപോലെ അനുഭവിച്ച ആളാണ്. അകല്‍ച്ച തോന്നിക്കുന്ന ഒന്നും അദ്ദേഹത്തിന്റെ പ്രകൃതത്തിലുണ്ടായിരുന്നില്ല. ബ്രണ്ണനിൽ അക്കാലത്ത് പഠിച്ചിരുന്ന ആര്‍ക്കും അഷ്‌റഫിന്റെ മുഖം മറക്കാനാവില്ല... എത്രയോ അര്‍ഥപൂര്‍ണമായി, അനേകം പേരില്‍ ആഹ്ളാദം വിതച്ച് വളരുമായിരുന്ന് ഒരു ജീവിതമാണ് അകാലത്ത് ഇല്ലാതാക്കപ്പെട്ടത്. 'എ.കെ.ബാലന്റെയും തന്റെയുമെല്ലാം നേതൃത്വത്തില്‍ കോളേജില്‍ നടന്ന രാഷ്ട്രീയപ്രവര്‍ത്തനം വിശദമായി അനുസ്മരിക്കുന്നുണ്ട്.

ബ്രണ്ണനിലെ വിദ്യാഭ്യാസം മുഖ്യമായും ക്ലാസ് മുറിക്ക് പുറത്താണ് നടന്നിരുന്നത്. 'ആ വിദ്യാഭ്യാസമാണ് ജീവിതത്തെ നേരിടാന്‍ എന്നെ പ്രാപ്തമാക്കിയത്' എന്ന് പലരും പറയാറുണ്ട്. പുറത്തുള്ള ഈ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ അവരുടെ അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതില്‍നിന്ന് കൈവരുന്നതാണ്. ഹോസ്റ്റലുകള്‍ക്കും ലോഡ്ജുകള്‍ക്കും പുറമെ ആ പങ്കുവെപ്പിന് പ്രധാനമായും വേദിയൊരുക്കിയത് കോളേജ് പരിസരത്തെ പീടികകളാണ്.'

ഇപ്പോഴില്ലാത്ത അങ്ങനെയൊരു കടയെക്കുറിച്ച് പുസ്തകത്തിലെ വിവരണം ഇങ്ങനെ- 'കുഞ്ഞമ്പവേട്ടന്റെ പീടികയില്‍ ഒരിക്കലും തിരക്ക് കണ്ടിരുന്നില്ല. ഏകാകികള്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരു ചായയും കുടിച്ച് ബീഡിയോ സിഗരറ്റോ വലിച്ച് ആകാശത്തിന് കീഴെയുള്ള എന്തിനെക്കുറിച്ചും എത്രനേരം വേണമെങ്കിലും ഇരുന്നു സംസാരിക്കാമായിരുന്ന ഇടമായിരുന്നു അത്. മാര്‍ക്‌സിസം, അസ്തിത്വവാദം, ആധ്യാത്മികത, യുക്തിവാദം, ആധുനികശാഹിത്യം, മനഃശാസ്ത്രം എന്നിങ്ങനെ കനംകൂടിയ വിഷയങ്ങളും കൈനോട്ടംപോലുള്ള ചിന്നചിന്ന സംഗതികളും ദീര്‍ഘനേരം ചര്‍ച്ചചെയ്യപ്പെട്ടിരുന്ന ഇടമായിരുന്നു കുഞ്ഞമ്പുവേട്ടന്റെ പീടിക. ഇത്തരം ചര്‍ച്ചകള്‍ക്കുവേണ്ടിയല്ലാതെ തനിച്ചിരിക്കുന്നതിന്റെ സുഖത്തിനുവേണ്ടിമാത്രമായും പലരും അവിടെ വരാറുണ്ടായിരുന്നു. തൊട്ടപ്പുറത്ത് ഗഹനായ ചര്‍ച്ച നടക്കുമ്പോഴും ഒന്നിനും ചെവികൊടുക്കാതെ സ്വന്തം വിചാരങ്ങളിൽ മുഴുകി അവര്‍ ഇരുന്നുകൊള്ളും.'

സാഹിത്യ-രാഷ്ട്രീയ- മാധ്യമമേഖലകളിലെ ബ്രണ്ണന്‍ സ്പര്‍ശത്തെക്കുറിച്ചും എന്റെ ബ്രണ്ണന്‍കാലമെന്ന എന്‍ പ്രഭാകരന്റെ ആത്മകഥയില്‍ വെളിച്ചംവീശുന്നുണ്ട്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ