സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി സർക്കാർ. ആർത്തവാവധി ഉൾപ്പെടെ ആവശ്യമുള്ള ഹാജരിന്റെ പരിധി 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്. 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് ആദ്യമായി കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനം. സർവകലാശാലാ നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇടതുപക്ഷ സർക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ ഭാഗമാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർത്തവം ഒരു സാധാരണ ജൈവ പ്രക്രിയയാണെങ്കിലും അത് സ്ത്രീകളിൽ ഏറെ മാനസിക പിരിമുറുക്കങ്ങളും ശാരീരിക അവശതകളും സൃഷ്ടിക്കുന്നുണ്ട്. ആർത്തവ ദിനങ്ങളിലെ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം അധ്യയനം നഷ്ടപ്പെടുന്ന വിദ്യാർഥിനികൾക്ക് ഹാജർ പരിധിയിൽ രണ്ടു ശതമാനത്തിന്റെ ഇളവു നൽകാനാണ് തീരുമാനം. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതോടൊപ്പം തീരുമാനമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.