KERALA

പരവതാനി മെയ്ഡ് ഇന്‍ ചേർത്തല; മെറ്റ് ഗാലയുടെ മലയാളി ബന്ധം

ലോകപ്രസിദ്ധ ഫാഷൻ ഇവന്റായ മെറ്റ് ഗാലയുടെ ബീജ് നിറത്തിലുള്ള ഈ വർഷത്തെ പരവതാനി നെയ്തിരിക്കുന്നത് കേരളത്തിലാണ്

രേഷ്മ അശോകൻ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ മേളയാണ് മെറ്റ് ഗാല. സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ തുടങ്ങി പ്രശസ്തരെല്ലാം ഈ ഫാഷൻ മേളയ്ക്കെത്താറുണ്ട്. മെറ്റ് ഗാലയിലെ ഇന്ത്യൻ സെലിബ്രിറ്റി സാന്നിധ്യവും ശ്രദ്ധേയമാണ്. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് ബച്ചൻ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരെല്ലാം മുൻ വർഷങ്ങളിൽ ഗാലയിൽ പങ്കെടുത്തവരാണ്.

എന്നാൽ ഇത്തവണ മെറ്റ് ഗാലയ്ക്ക് താരങ്ങൾക്കപ്പുറം മറ്റൊരു ഇന്ത്യൻ ബന്ധം കൂടിയുണ്ട്, അസ്സൽ മലയാളി ബന്ധം. മെറ്റ് ഗാലയിൽ കണ്ണുടക്കുന്ന ചുവപ്പും നീലയും കലർന്ന പരവതാനി നെയ്തത് ഇങ്ങ് കേരളത്തിലാണ്.

ശിവൻ സന്തോഷ്, ഭാര്യ നിമിഷ

ആലപ്പുഴ ചേർത്തലയിലെ 'നെയ്ത്ത് ബൈ എക്സ്ട്രാ വീവ്സ്' ആണ് ഈ പരവതാനി നെയ്തത്. സിസൽ നാരുകൾ ഉപയോഗിച്ച് നിർമിച്ച പരവതാനി അമേരിക്കയിലെ ഡിസൈനർമാരാണ് വരച്ചത്.

നെയ്ത്ത് ബൈ എക്സ്ട്രാവീവ്‌സ്

നെയ്ത്ത് മേഖലയിൽ 100 വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ള 'നെയ്ത്ത് ബൈ എക്സ്ട്രാവീവ്സ്' എന്ന സ്ഥാപനം ആരംഭിച്ചത് 1917 ലാണ്. വർഷങ്ങളുടെ പാരമ്പര്യവും ഗുണമേന്മയുമാണ് എക്സ്ട്രാവീവ്‌സിനെ ലോക പ്രശസ്ത സ്ഥാപനങ്ങളുടെ നിരയിലേക്ക് ഉയർത്തിയത്. എക്സ്ട്രാവീവ്‌സ് ഇന്ന് കാണുന്ന ലോക പ്രശസ്ത ബ്രാൻഡ് എന്ന തലത്തിലേക്ക് ഉയർന്നതിന് കാരണം ആ സ്ഥാപനത്തിന് നേതൃത്വം നൽകുന്ന ശിവൻ സന്തോഷിന്റെയും ഭാര്യ നിമിഷ ശ്രീനിവാസിന്റെയും പരിശ്രമമാണ്.

ഏകദേശം 7000 ചതുരശ്ര മീറ്റർ പരവതാനിയാണ് മെറ്റ് ഗാല ഇവന്റിനായി നിർമിച്ചത്. ചെറിയ പോരായ്മ പോലുമില്ലാതെ പരവതാനി നിർമിക്കുകയെന്നതു വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഫൗണ്ടറായ ശിവൻ സന്തോഷ് ദ ഫോർത്തിനോട് പറഞ്ഞു. അഗാബെ എന്ന കള്ളിമുൾച്ചെടി ഇനത്തിൽ പെട്ട ഒരു ചെടിയുടെ തൊലിയിൽനിന്നുള്ള സൈസൽ എന്ന പ്രകൃതിദത്തമായ നാരുകളാണ് പരവതാനി നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മഡഗാസ്കറിൽ നിന്നുള്ള ഏറ്റവും മികച്ച ഗുണനിലവാരമുള്ള നാരുകളാണ് ഇതിനായി തിരഞ്ഞെടുത്തത്.

പരവതാനിക്കു വേണ്ടിയുള്ള നെയ്ത്ത് മുഴുവൻ നടന്നത് കേരളത്തിലെ ചേർത്തലയിലുള്ള നെയ്ത്ത് സ്ഥാപനത്തിലാണ്. "70 ദിവസം നീണ്ട പരിശ്രമത്തിലൂടെയാണ് പരവതാനിയുടെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചത്. 58 റോളുകളാണ് പരവതാനിക്കായി നിർമിച്ചത്. പരവതാനിയുടെ ഹാൻഡ് പെയ്ന്റിങ്ങും എല്ലാം കൂടി പൂർത്തിയാകാൻ ഏകദേശം 100 ദിവസം വേണ്ടി വന്നു,"ശിവൻ സന്തോഷ് പറഞ്ഞു. ബീജ് വൈറ്റ് നിറത്തിലുള്ള പരവതാനിയുടെ മുകളിലായി ഹാൻഡ് പെയിന്റ് ചെയ്തിരിക്കുന്നത് ന്യൂയോർക്കിലെ പ്രശസ്തരായ ആർട്ടിസ്റ്റുകളാണ്.

ലോക പ്രശസ്ത ഫാഷൻ ഇവന്റിലേയ്ക്ക് കേരളത്തിലെ നെയ്ത്ത് സ്ഥാപനം തിരഞ്ഞെടുക്കപ്പെട്ടത് എങ്ങനെ?

അമേരിക്കയിലുള്ള ഫൈബർ വർക്ക്സ് എന്ന സ്ഥാപനം വഴിയാണ് മെറ്റ് ഗാലയുടെ പരവതാനി നെയ്ത് നൽകാനുള്ള അവസരം നെയ്ത്ത് ബൈ എക്സ്ട്രാ വീവ്‌സിന് ലഭിക്കുന്നത്. നെയ്ത് നൽകുകയെന്നത് മാത്രമായിരുന്നു എക്സ്ട്രാ വീവ്‌സിന്റെ ഉത്തരവാദിത്വം. ഡിസൈൻ ചെയ്യുന്നത് മെറ്റ് ഗാലയുടെ തന്നെ ഡിസൈനേഴ്സ് ആണ്. ''ഫൈബർ വർക്ക്സ് കോർപ്പറേഷൻ എന്ന അമേരിക്കയിലെ ഞങ്ങളുടെ ഉപഭോക്താക്കളിൽ ഒരാളിലൂടെയാണ് തങ്ങൾക്ക് മെറ്റ് ഗാല ഓർഡർ ലഭിച്ചത്. അവർ അമേരിക്കയിൽ ധാരാളം വലിയ പ്രോജക്ടുകൾ ചെയ്യുന്നവരാണ് അതുകൊണ്ട് ഞങ്ങൾക്ക് അവരിലൂടെ ഓർഡർ ലഭിച്ചു,'' ശിവൻ സന്തോഷ് പറഞ്ഞു. പരവതാനി മുഴുവൻ ഇവന്റിന്റെയും ഭംഗി കൂട്ടിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ ഒരു ബ്രാൻഡ് ഇത് നിർമിച്ചുവെന്നത് ശരിക്കും ഒരു നേട്ടമാണെന്നും ശിവൻ കൂട്ടിച്ചേർത്തു.

എന്നാൽ ഇതാദ്യമായല്ല മെറ്റ് ഗാലയുടെ പരവതാനി ഇവർ നെയ്ത് നൽകുന്നത്. എക്‌സ്‌ട്രാവീവ്സ് ഒരുക്കിയ രണ്ടാമത്തെ മെറ്റ് ഗാല പരവതാനിയാണിത്. വൈറ്റ് ഹൗസിലെ ഒരു പരിപാടിക്ക് വേണ്ടിയും എക്സ്ട്രാ വീവ്‌സ് പരവതാനി നെയ്ത് നൽകിയിട്ടുണ്ട്.

മെറ്റ് ഗാലയിൽ പങ്കെടുത്ത സെലിബ്രിറ്റികൾ തങ്ങൾ രൂപകൽപ്പന ചെയ്ത പരവതാനിയിൽനിന്ന് പോസ് ചെയ്യുന്ന നിരവധി ഫോട്ടോകൾ എക്‌സ്‌ട്രാവീവ്സ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ