കൊഴുപ്പ് കൂടിയ പാലായ മില്‍മ റിച്ചിന്റെ വില വര്‍ധന പിന്‍വലിച്ചു. ലിറ്ററിന് രണ്ട് രൂപ കൂട്ടിയ നടപടിയാണ് പിന്‍വലിച്ചത്. കൊഴുപ്പ് കുറഞ്ഞ സ്മാര്‍ട്ട് ഡബിള്‍ ടോണ്‍ഡ് മില്‍ക്കിന് രണ്ട് രൂപ കൂട്ടിയ തീരുമാനത്തില്‍ മാറ്റമില്ല. മില്‍മ റിച്ചിന് നേരത്തേ ആറ് രൂപ കൂട്ടിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വില വര്‍ധന റദ്ദാക്കിയതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചത്.
അര ലിറ്റര്‍ മില്‍മ റിച്ച് പാലിന് 29 രൂപയില്‍ നിന്ന് 30 രൂപയായും കൊഴുപ്പ് കുറഞ്ഞ സ്മാര്‍ട്ട് ഡബിള്‍ ടോണ്‍ഡ് പാലിന് അര ലിറ്ററിന് 24 രൂപയില്‍ നിന്ന് 25 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചിരുന്നത്. സര്‍ക്കാരിനെ അറിയിക്കാതെയായിരുന്നു മില്‍മയുടെ നടപടി. പിന്നാലെ അതൃപ്തി പരസ്യമാക്കി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി രംഗത്തെത്തിയിരുന്നു.
പാല്‍ വില കൂട്ടിയതില്‍ മില്‍മയ്ക്ക് വീഴ്ചപറ്റിയെന്ന് മന്ത്രി ജെ ചിഞ്ചുറാണിവ്യക്തമാക്കി. '' മില്‍മ സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാരിനെ കൂടി അറിയിക്കണമായിരുന്നു. അക്കാര്യത്തില്‍ മില്‍മയ്ക്ക് വീഴ്ച പറ്റി. മില്‍മ എംഡിയുടേയും മൂന്ന് മേഖലാ മേധാവിമാരുടെയും യോഗം വിളിച്ച് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടു'' - മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ റിച്ച് പാലിന് ആറ് രൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ നിലവില്‍ വീണ്ടും വില വര്‍ധനയുടെ ആവശ്യമില്ല എന്ന സര്‍ക്കാര്‍ നിര്‍ദേശം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ പിന്മാറ്റം.
ക്ഷീര കര്‍ഷകരെ സഹായിക്കാനാണ് വില വര്‍ധനയെന്നായിരുന്നു മില്‍മയുടെ വിശദീകരണം. 'പാല്‍ ഉത്പാദനം കുറഞ്ഞത് മില്‍മയ്ക്കും കര്‍ഷകര്‍ക്കും കനത്ത തിരിച്ചടിയാണ് . മില്‍മയുടെ വിറ്റുവരവിന്റെ വലിയൊരു പങ്കും അധിക വിലയായും കാലിത്തീറ്റ സബ്‌സിഡിയായും കര്‍ഷകര്‍ക്ക് തന്നെ നല്‍കുന്നുണ്ടെന്നും മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.