KERALA

തൊണ്ടി മുതല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയില്‍

കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്

വെബ് ഡെസ്ക്

തൊണ്ടിമുതല്‍ തിരിമറി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.അതേസമയം കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

ആന്റണി രാജു

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 16 വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തത് ചൂണ്ടികാട്ടിയാണ് തൃശൂര്‍ സ്വദേശിയായ ജോര്‍ജ്ജ് വട്ടുകുളം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നീണ്ടുപോയതിനെ കുറിച്ച് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ മുഖ്യമന്ത്രിയെയും സമീപിച്ചു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ആന്റണി രാജുവിനെതിരെ ഹാജരാകുന്നത് അസി. പബ്ലിക് പ്രോസിക്യൂട്ടറാണ്. മന്ത്രിക്കെതിരായ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകുന്നത് സുതാര്യമായ കേസ് നടത്തിപ്പിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ എസ്.കെ.രഞ്ചു ഭാസ്‌ക്കറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു ആവശ്യം. ഈ അഭിഭാഷകനില്‍ നിന്നും താത്പര്യ പത്രം വാങ്ങി നല്‍കാന്‍ ജോര്‍ജ്ജ് വട്ടുകുളത്തിനോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരായ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ രഞ്ചു ഭാസ്‌ക്കര്‍ പറഞ്ഞു. വ്യാഴാഴ്ച കേസിലെ ഒന്നാം സാക്ഷിയായ തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ മുന്‍ ക്ലാര്‍ക്ക് ഗോപാലകൃഷ്ണനോട് മൊഴി നല്‍കാൻ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

വിദേശപൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലി പ്രതിയായ ലഹരിമരുന്നു കേസിലെ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയതായി ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതോടെയാണ് ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാര്‍ക്ക് ജോസിനുമെതിരെ കേസെടുത്തത്. 2014ലാണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്‌ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്. എന്നാല്‍, വിചാരണ അനന്തമായി നീണ്ടു.

സിആര്‍പിസി 273 അനുസരിച്ച് പ്രതിയായ ആന്റണി രാജുവിന്റെ സാന്നിധ്യത്തിലായിരിക്കണം വിചാരണ. സിആര്‍പിസി 205, 317 അനുസരിച്ച് മതിയായ കാരണം പ്രതിക്കു ബോധ്യപ്പെടുത്താനായാല്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്നു കോടതിക്ക് ഇളവു നല്‍കാം. സ്ഥിരമായി ഇളവു നല്‍കുന്നത് കോടതിയുടെ വിവേചനാധികാരമാണ്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി വാദം പൂര്‍ത്തിയാക്കി കോടതിയെടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. കേസിന്റെ വിചാരണ നീണ്ടുപോയതിനു ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയോട് വിശദീകരണം തേടിയിരുന്നു. സിആര്‍പിസി 479 അനുസരിച്ച് ഹൈക്കോടതിക്ക് മജിസ്‌ട്രേറ്റ് കോടതിയുടെമേല്‍ നിരീക്ഷണാധികാരം ഉണ്ട്.

1990 ഏപ്രില്‍ നാലിനാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷീഷുമായി ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയെ വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്. ആന്റണി രാജു തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്നു. ആന്റണി രാജുവിന്റെ സീനിയറാണ് വക്കാലത്ത് എടുത്തത്. സെഷന്‍സ് കോടതിയില്‍ തോറ്റെങ്കിലും കേസിലെ പ്രധാന തൊണ്ടിമുതലായ ഉള്‍വസ്ത്രം പ്രതിയുടേത് അല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേ വിട്ടു.കേസില്‍ കൃത്രിമം നടന്നെന്നു കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതി അന്വേഷണത്തിനു നിര്‍ദേശം നല്‍കി.

2006ല്‍ കോടതിയില്‍ കുറ്റപത്രം നല്‍കി. 2014ല്‍ കേസ് നെടുമങ്ങാട് കോടതിക്കു കൈമാറി. കോടതിയില്‍നിന്നു തൊണ്ടിമുതല്‍ വാങ്ങിയതും മടക്കി നല്‍കിയതും ആന്റണി രാജുവാണ്. തനിക്കെതിരെ ശേഖരിക്കാവുന്ന തെളിവുകളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ശേഖരിച്ചിട്ടും കേസ് എടുക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണു കോടതി എത്തിയതെന്നാണ് ആന്റണി രാജു നിയമസഭയില്‍ പറഞ്ഞത്. തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ എടുത്ത കള്ളക്കേസാണിതെന്നും ആന്റണി രാജു വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ