സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് 6 രൂപ കൂട്ടും. മന്ത്രിസഭാ യോഗം 6 രൂപ വർദ്ധിപ്പിക്കുന്നതിന് അനുമതി നല്‍കി. വില എന്ന് നിലവില്‍ വരുമെന്ന് മില്‍മ തീരുമാനിക്കും. ക്ഷീര കർഷകർക്കും പൊതുജനങ്ങള്‍ക്കും സഹായകരമായ രീതിയിലായിരിക്കും വില വർധനവെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
പാല്‍ വില ലിറ്ററിന് ആറു മുതല്‍ 10 രൂപ വരെ വര്‍ധിപ്പിക്കണമെന്ന് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്. ഈ മാസം 21 നകം വില വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്നും മില്‍മ ആവശ്യപ്പെട്ടിരുന്നത്.
വര്‍ധിപ്പിക്കുന്ന വിലയുടെ 82 ശതമാനം കര്‍ഷകര്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഒരു ലിറ്റർ പാല്‍ ഉത്പാദിപ്പിക്കുന്നതിന് 47.63 രൂപ ചെലവു വരുന്നതായി വിദഗ്ധ സമിതി ശുപാർശയില്‍ പറയുന്നു. നിലവിലെ വില വച്ചു നോക്കിയാല്‍ ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകനുണ്ടാകുന്ന നഷ്ടം 8.57 രൂപയാണ്. ഈ നഷ്ടം നികത്താനായാണ് വില വര്‍ധിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തത്. അഞ്ച് ശതമാനം ലാഭം കര്‍ഷകന് ഉറപ്പാക്കണമെന്നാണ് സമിതി നിര്‍ദേശം.
നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും നാലു മുതല്‍ 10 വരെ പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. സംഭരണ വില എന്നത് 37.76 രൂപ ആയതിനാല്‍ വലിയ നഷ്ടം കര്‍ഷകര്‍ നേരിടുന്നെന്നാണ് സമിതി ചൂണ്ടി കാണിക്കുന്നത്. കര്‍ഷകരുടെ ഈ നഷ്ടം നികത്തുന്നതിന് വിലവര്‍ധന അനിവാര്യമാണെന്നാണ് സമിതിയുടെ ശുപാര്‍ശ.