തുടർച്ചയായി നിയമസഭ സ്തംഭിക്കുന്ന സാഹചര്യത്തിൽ അനുനയനീയവുമായി സർക്കാർ. പാര്‍ലമെന്ററികാര്യമന്ത്രി കെ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. സഭ നടപടികളുമായി സഹകരിക്കണമെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിതലത്തിൽ ചർച്ച നടത്താമെന്നും അദ്ദേഹം പ്രതിപക്ഷ നേതാവിനെ അറിയിച്ചതായാണ് സൂചന. എന്നാൽ, തുടർച്ചയായി അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുന്ന സാഹചര്യമൊഴിവാക്കാതെ ഒരു ചർച്ചയ്ക്കുമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്.
എംഎല്‍എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് നടപടിയിലുള്ള അതൃപ്തിയും പ്രതിപക്ഷ നേതാവ് മന്ത്രിയെ അറിയിച്ചതായാണ് സൂചന. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അദ്ദേഹത്തിന് ഉറപ്പുനല്‍കിയതായാണ് വിവരം. അവകാശം സ്ഥാപിച്ച് കിട്ടുന്നതുവരെ വിട്ടുവീഴ്ച്ചയില്ലാതെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അടിയന്തര പ്രമേയ നോട്ടീസിനുള്ള അവകാശം പണയപ്പെടുത്തില്ല. അങ്ങനെ ചെയ്താൽ പൂച്ചകളെ പോലെ പതുങ്ങി നിൽക്കുന്ന പ്രതിപക്ഷമെന്ന് വിചാരണ ചെയ്യപ്പെടുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കും എം എൽ എമാർക്കെതിരെ എഫ് ഐ ആർ ഇട്ടതിന് ശേഷമാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.