മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ആര്‍ഷൊയെ പിന്തുണച്ചും വിദ്യയെ തള്ളിയും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിദ്യ തെറ്റുകാരിയെന്ന നിലപാട് സ്വീകരിക്കുമ്പോഴും ആര്‍ഷൊയോട് മൃദു സമീപനമാണ് മന്ത്രി സ്വീകരിക്കുന്നത്. പങ്കില്ലാത്ത കാര്യത്തില്‍ ആര്‍ഷോയെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട കാര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.
മാര്‍ക്കൊന്നും രേഖപ്പെടുത്താതെ ജൂനിയര്‍ ബാച്ചിനൊപ്പം ആര്‍ഷൊ ജയിച്ചെന്ന തരത്തില്‍ റിസള്‍ട്ട് എങ്ങനെ വന്നുവെന്ന് പരിശോധിക്കുമെന്നും ലഭിച്ച പരാതികളിന്മേല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ മികച്ച് നില്‍ക്കുന്ന മഹാരാജാസ് കോളേജിനെ ഇകഴ്ത്തി കാട്ടരുതെന്നും മന്ത്രി പറഞ്ഞു.
ആര്‍ഷൊയെ പരസ്യമായി പിന്തുണയ്ക്കുമ്പോഴും വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ വിദ്യയ്‌ക്കെതിരെ കടുത്ത നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്. വ്യാജമായ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് തെറ്റാണെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം വിദ്യയ്ക്കാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും മറ്റൊരാള്‍ ഉപയോഗിക്കുന്നതില്‍ പ്രിന്‍സിപ്പലോ കോളേജോ കുറ്റക്കാരല്ലെന്നും വിദ്യയാണ് തെറ്റുചെയ്തതെന്ന വിചിത്ര വാദവും മന്ത്രി ഉന്നയിച്ചു.
പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയോട് റിപ്പോര്‍ട്ട് തേടിയെന്നും സിന്‍ഡിക്കേറ്റിന്റെ ലീഗല്‍ സബ് കമ്മിറ്റി വിഷയം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ അയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുള്ളതുകൊണ്ട് പാര്‍ട്ടി ഉണ്ടാക്കി നല്‍കിയതാണെന്ന മുന്‍ധാരണയോടെ സമീപിക്കരുതെന്നും വിഷയത്തില്‍ യുഡിഎഫ് പലതും ആരോപിക്കുമെന്നും അത് അവരുടെ പണിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.