വി ശിവന്‍കുട്ടി 
KERALA

'ലീഗ് നേതാവിന്റെ പരാമർശം സംസ്കാര ശൂന്യം'; തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ വിവാദ പരാമർശമുന്നയിച്ച മുസ്ലീംലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയെ വിമർശിച്ചാണ് മന്ത്രിയുടെ പ്രസ്താവന

വെബ് ഡെസ്ക്

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ വിവാദ പരാമർശമുന്നയിച്ച മുസ്ലീംലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയെ വിമർശിച്ചാണ് മന്ത്രിയുടെ പ്രസ്താവന. ലീഗ് നേതാവിന്റെ പരാമർശം സംസ്കാര ശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഹൈസ്കൂൾ വിഭാഗം നവാധ്യാപക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നേതാവിന്റെ പരാമർശങ്ങളോടുള്ള ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''സാംസ്കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ ഒരു പരാമർശം ഒരു ലീഗ് നേതാവിൽ നിന്ന് ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടു. ലീഗ് നേതാവിന്റെ പരാമർശങ്ങളോടുള്ള നിലപാട് മുസ്ലീം ലീഗ് വ്യക്തമാക്കണം. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ജനകീയ ചർച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്'' അദ്ദേഹം പറഞ്ഞു. നേതാവിന്റെ പരാമർശങ്ങൾ ചർച്ചയ്ക്കുള്ള കുറിപ്പിലുണ്ടെന്ന് തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. ഇല്ലാത്ത കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടി ആക്കി തല്ലിക്കൊല്ലുന്ന പ്രയോഗത്തിനാണ് ലീഗ് നേതാവ് ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ലീഗ് നേതാവിന്റെ പരാമർശങ്ങളോടുള്ള നിലപാട് മുസ്ലീം ലീഗ് വ്യക്തമാക്കണം
വി ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുതരത്തിലുള്ള പിന്നോട്ടുപോക്കും നടത്തിയിട്ടില്ല. മറിച്ച് സുതാര്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്. മിക്സഡ് സ്കൂൾ സംബന്ധിച്ചും യൂണിഫോം സംബന്ധിച്ചും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സ്കൂളും അധ്യാപക - രക്ഷകർതൃ സമിതിയും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്നെടുക്കുന്ന തീരുമാനം പൊതു വിദ്യാഭ്യാസ വകുപ്പ് തലത്തിൽ പരിശോധിച്ചാണ് അനുമതി നൽകുന്നത്. അതിനിയും തുടരുക തന്നെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിൽ അധ്യാപക പരിശീലനത്തിൽ പുനക്രമീകരണം കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടയിലായിരുന്നു മുസ്ലീംലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയുടെ വിവാദപരാമർശം. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണ്. കൗമാരക്കാരെ ഒരുമിച്ചിരുത്തി പഠിപ്പിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ സംസ്കാരം നശിക്കുമെന്നായിരുന്നു പരാമർശം. പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വതന്ത്ര ലൈംഗികത കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തിക വീക്ഷണമാണ്. അത് കലാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രണ്ടത്താണി വിമർശിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ