KERALA

ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് പ്രത്യേക ടാസ്ക് ഫോഴ്സ്; ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല

വെബ് ഡെസ്ക്

സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഏത് ഭാഗത്തും ടാസ്‌ക് ഫോഴ്സിന് പരിശോധന നടത്താനാകും. പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സംഘത്തിന്റെ ഭാഗമാകുമെന്ന് മന്ത്രി പറഞ്ഞു. ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകള്‍ നടത്തി. 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു.

ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മുതല്‍ കമ്മീഷണര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികള്‍ ശക്തമാക്കിയതായി യോഗം വിലയിരുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2019ല്‍ 18,845 പരിശോധനകളും 2020ല്‍ 23,892 പരിശോധനകളും 2021ല്‍ 21,225 പരിശോധനകളുമാണ് ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടത്തിയത്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകള്‍ നടത്തി. 2019ല്‍ 45 കടകളും 2020ല്‍ 39 കടകളും 2021ല്‍ 61 കടകളും അടപ്പിച്ചപ്പോള്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു.

പരാതി ലഭിക്കുമ്പോള്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്നും നിയമം ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി

സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് കമ്മീഷണറെ കണ്ട് മാത്രമേ പുന:സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ പാടുള്ളൂ. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തണം. രാത്രികാലങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായി പരിശോധനകള്‍ നടത്തണം. ഒന്നിച്ച് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകണം. പരിശോധനകളും പ്രോസിക്യൂഷന്‍ നടപടികളും ഭയരഹിതമായി നടത്തണം. പരിശോധനകള്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണം. ശരിയായ രീതിയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കാരിന്റെ പരിരക്ഷയുണ്ടാകും. പരാതി ലഭിക്കുമ്പോള്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്നും നിയമം ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന തലത്തില്‍ മാസത്തിലൊരിക്കല്‍ വിലയിരുത്തല്‍ നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം

മുന്‍കൂട്ടി അറിയിക്കാതെ പരിശോധനകള്‍ നടപ്പിലാക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പോലീസ് സംരക്ഷണം തേടാനും അനുമതിയുണ്ട്. എന്‍ഫോഴ്സ്മെന്റ് അവലോകനങ്ങള്‍ രണ്ടാഴ്ചയിലൊരിക്കല്‍ നടത്തണം. സംസ്ഥാന തലത്തില്‍ മാസത്തിലൊരിക്കല്‍ വിലയിരുത്തല്‍ നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഓണ്‍ലൈന്‍ സംവിധാനം ശക്തമാക്കും. ഇനിമുതല്‍ പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ കൃത്യമായി ഓണ്‍ലൈന്‍ മുഖേന ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇത് സംസ്ഥാന തലത്തില്‍ വിലയിരുത്തും. ഹോട്ടലുകളുടെ ഹൈജീന്‍ റേറ്റിംഗ് സംവിധാനവും, പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാനുള്ള പോര്‍ട്ടലും ഉടന്‍ തന്നെ സജ്ജമാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും