ആലുവയിലെ അഞ്ച് വയസുകാരിയുടെ സംസ്കാര ചടങ്ങുകളിൽ മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കാതിരുന്നതിൽ വിചിത്ര പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. എല്ലായിടത്തും മന്ത്രിമാർ എത്തണം എന്നുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്നാണ് കരുതിയത്. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണം എന്നില്ലല്ലോ. അതിനുള്ള സമയവും കിട്ടിയിരുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ പ്രചരണം നടത്തേണ്ട സമയമാണിത്. സംഭവത്തിൽ പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും ഏറ്റവും പെട്ടെന്ന് തന്നെ പ്രതിയെ കണ്ടെത്താന്‍ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഞ്ച് വയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ എത്തിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അതേസമയം അതിക്രൂരമായി നടന്ന കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
കേസില്‍ പ്രതി അസ്ഫാക്കിനുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നാളെ സമര്‍പ്പിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് സമര്‍പ്പിക്കുക. അസ്ഫാക്കിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ വൈദ്യപരിശോധനകള്‍ക്ക് ശേഷമാണ് പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പോക്സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കം ഒൻപത് വകുപ്പുകളാണ് അസ്ഫാകിനെതിരെ ചുമത്തിയിരിക്കുന്നത്.