ആന്റണി രാജു 
KERALA

ആന്റണി രാജു രാജിവെയ്ക്കേണ്ടിവരുമോ? കോടതി ഇടപെടലിനെ തുടർന്ന് സ്ഥാനമൊഴിയേണ്ടിവന്ന മന്ത്രിമാർ ആരൊക്കെ?

വെബ് ഡെസ്ക്

മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിചാരണ നീണ്ടുപോകുന്നതിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2014ല്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലെത്തിയ കേസില്‍ എന്തുകൊണ്ട് ഇതുവരെ വിചാരണ തുടങ്ങിയില്ലെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചു. ഹർജിയില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഗൗരവതരമാണെന്നും അവഗണിക്കാനാകില്ലെന്നും നിരീക്ഷിച്ച കോടതി വിചാരണക്കോടതിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ആന്റണി രാജു രാജിവെയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ കോടതി ഇനി എന്ത് നിലപാടെടുക്കും എന്നാണറിയേണ്ടത്.

കോടതികളില്‍ നിന്ന് എതിർ പരാമർശമുണ്ടായതിന്റെ പേരില്‍ സംസ്ഥാനത്ത് നിരവധി മന്ത്രിമാർ രാജി വെച്ചിട്ടുണ്ട്. കെ കരുണാകരന്‍, സി എച്ച് മുഹമ്മദ് കോയ, കെ എം മാണി, ആർ ബാലകൃഷ്ണപിള്ള, കെ പി വിശ്വനാഥന്‍, കെ കെ രാമചന്ദ്രന്‍ മാസ്റ്റർ, തോമസ് ചാണ്ടി, എം പി ഗംഗാധരന്‍ എന്നിവർ കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ രാജിവെച്ചവരാണ്.

കെ കരുണാകരന്‍

കരുണാകരന്‍ രാജിവെയ്ക്കേണ്ടി വന്നത് രണ്ട് തവണ

കെ കരുണാകരന്‍ രണ്ട് തവണയാണ് കോടതി പരാമർശങ്ങളുടെ പേരില്‍ രാജി വെക്കേണ്ടി വന്നത്. 1977 ഏപ്രില്‍ 25ന് രാജന്‍ കേസിലെ പരാമർശമായിരുന്നു ആദ്യത്തെ രാജിയിലേക്ക് നയിച്ചത്. രാജനെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. സർക്കാരിന് അറിവില്ലെന്ന് ആഭ്യന്തര മന്ത്രിയായ കെ കരുണാകരന്‍ സത്യവാങ്മൂലം നല്‍കി. എന്നാല്‍, സത്യവാങ്മൂലം വ്യാജമെന്ന് കോടതി കണ്ടെത്തി. പിന്നാലെ, കക്കയത്തെ പോലീസ് മർദനത്തില്‍ 1977 മെയ് 22ന് രാജന്‍ കൊല്ലപ്പെട്ടു എന്ന് സർക്കാരിന് സത്യവാങ്മൂലം നല്‍കേണ്ടി വന്നു.

രണ്ടാമത്തെ രാജി 1995ലെ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ടാണ്. ഐജി രമണ്‍ ശ്രീവാസ്തവയുമായുള്ള ബന്ധത്തിന്റെ പേരില്‍ കരുണാകരന്‍ സർക്കാർ വിമർശിക്കപ്പെട്ടു. ശ്രീവാസ്തവയെ കോൺഗ്രസ് എ ഗ്രൂപ്പ് കരുണാകരനെതിരെ ആയുധമാക്കി. അതേസമയം, രമണ്‍ ശ്രീവാസ്തവക്കെതിരെ ജസ്റ്റിസ് കെ ശ്രീധരന്‍, ബി എന്‍ പട്‍നായിക് എന്നിവരടങ്ങുന്ന ബഞ്ചിന്റെ വിമർശനം കരുണാകരന്റെ രാജിയിലെത്തിച്ചു. പാർട്ടിയില്‍ നിന്നുള്ള അതിശക്തമായ സമ്മർദവും ഒപ്പം വന്നതോടെ കരുണാകരന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

സിഎച്ച് മുഹമ്മദ് കോയ

കരുണാകരന്റെ ആദ്യ രാജിയുടെ കാലത്ത് തന്നെ സിഎച്ച് മുഹമ്മദ് കോയയും രാജി വെക്കേണ്ടിവന്നിരുന്നു. 1977 ഡിസംബർ 20ന് ഹൈക്കോടതി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സിഎച്ചിന്റെയും 1977 ഡിസംബര്‍ 21ന് ആഭ്യന്തര മന്ത്രി കെ എം മാണിയുടേയും തിരഞ്ഞെടുപ്പ് അസാധുവാക്കി. രണ്ടു പേരും രാജിവെച്ചു. മന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പ് അസാധുവായതിനെ തുടര്‍ന്ന് രാജിവെയ്‌ക്കേണ്ടി വന്ന ആദ്യമന്ത്രിയാണ് സി.എച്ച്.മുഹമ്മദ്‌കോയ.1977 ഡിസംബര്‍ ജസ്റ്റിസ് എന്‍.ഡി.പി.നമ്പൂതിരിപ്പാടിന്റേതായിരുന്നു വിധി. ചന്ദ്രികയില്‍ ജാതി-മത സ്പര്‍ധ വളര്‍ത്തുന്ന എഡിറ്റോറിയലും കാര്‍ട്ടൂണും പ്രസിദ്ധീകരിച്ചു എന്നതായിരുന്നു കേസ്. മുസ്ലീങ്ങളെ കൊന്നൊടുക്കുകയും മുസ്ലീം ദേവാലയങ്ങള്‍ തീവയ്ക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ്., ജനസംഘം, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നിവരുമായി ബന്ധം പുലര്‍ത്തുന്നവരാണ് പ്രതിപക്ഷ മുസ്ലീം ലീഗ് (അഖിലേന്ത്യാ മുസ്ലീംലീഗ്) എന്നും അതുകൊണ്ട് ആ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യരുതെന്നുമായിരുന്നു മുഖപ്രസംഗം. അഖിലേന്ത്യാ ലീഗുകാരെക്കൊണ്ട് ഇ.എം.എസ്.പന്നിയിറച്ചി തീറ്റിക്കുന്നതായി കാര്‍ട്ടൂണും വരച്ചു.

തിരഞ്ഞെടുപ്പിലെ വിജയസാധ്യത വര്‍ധിപ്പിക്കുന്നതിനുവേണ്ടി പോലീസ് ഉദ്യോഗസ്ഥനായ ജോര്‍ജ് തോമസിന്റെ സേവനം വിനിയോഗിച്ചെന്ന് കോടതി കണ്ടെത്തിയതിനെ തുട‍‍‍ര്‍ന്നായിരുന്നു മാണിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.പകരം യു.എ.ബീരാനും പി.ജെ.ജോസഫും മന്ത്രിമാരായി. തിരഞ്ഞെടുപ്പ് കേസില്‍ മാണിക്കും സി.എച്ചിനും സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടായി. പി.ജെ.ജോസഫ് ഉടന്‍ രാജിവെച്ചു.

കരുണാകരന്‍ മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്ന എം പി ഗംഗാധരനാണ് മറ്റൊരു നേതാവ്. 1986ല്‍ പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചതിന്റെ പേരിലുള്ള കോടതി വിധിയാണ് ഗംഗാധരന് തിരിച്ചടിയായത്. മകളുടെ വിവാഹത്തിന് ഗംഗാധരന്‍ കൂട്ടുനിന്നെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പിന്നാലെ കരുണാകരന്റെ ആവശ്യപ്രകാരം ഗംഗാധരന്‍ രാജി വെച്ചു.

ആർ ബാലകൃഷ്ണപിള്ള

പിള്ളയ്ക്ക് വിനയായ 'പഞ്ചാബ് മോഡല്‍' പ്രസംഗം

കെ കരുണാകരനെ പോലെ കോടതി പരാമർശത്തിന്റെ പേരില്‍ രണ്ട് തവണ രാജി വെയ്ക്കേണ്ടി വന്ന മറ്റൊരു മന്ത്രി ആർ ബാലകൃഷ്ണപിള്ളയാണ്. ആദ്യ രാജി പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരിലാണ്. പാലക്കാട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് കൊണ്ടു പോയതിനെപ്പറ്റി ആയിരുന്നു പ്രസംഗം. കേരളത്തോടുള്ള അവഗണന തുടർന്നാല്‍ ജനങ്ങള്‍ പഞ്ചാബികളെ പോലെ സമരത്തിന് നിർബന്ധിതരാകുമെന്നായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. കോടതിയിലെത്തിയ കേസില്‍ ജസ്റ്റിസ് രാധാകൃഷ്ണ മേനോന്‍ മന്ത്രി നിരപരാധിത്വം തെളിയിക്കണമെന്ന് വ്യക്തമാക്കി. തുടർന്ന് 1985 ജൂണ്‍ അഞ്ചിന് ബാലകൃഷ്ണപിള്ള രാജിവെച്ചു.

കെ കെ രാമചന്ദ്രന് വിനയായത് ലോകായുക്താ പരാമർശമാണ്. ജില്ലാ ആശുപത്രിയില്‍ പാർട്ട് ടൈം സ്വീപ്പർ നിയമനത്തിന്റെ പേരിലാണ് വിവാദമുയർന്നത്

ഇടമലയാർ കേസിലാണ് രണ്ടാമത്തെ രാജി. ഇടമലയാർ ടണല്‍ നിർമാണത്തിന് നല്‍കിയ ടെന്‍ഡറില്‍ വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയും സംഘവും ഗൂഢാലോചന നടത്തി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലന്‍സ് കേസ്. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ പിള്ള വീണ്ടും രാജിവെച്ചു.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ രണ്ട് പേർ

2005ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനംമന്ത്രിയായിരുന്ന കെ പി വിശ്വനാഥന്റെ രാജിയും കോടതി പരാമർശത്തെ തുടർന്നായിരുന്നു. 2004ല്‍ പള്ളിവാസല്‍ ചെക്ക് പോസ്റ്റില്‍ ചന്ദനത്തടിയുമായി ഒരു സംഘത്തെ പിടികൂടിയതാണ് കേസ്. ചന്ദനക്കള്ളക്കടത്ത് പ്രതികള്‍ക്ക് വനംമന്ത്രിയുമായി നേരിട്ട് ബന്ധമുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം. ഇതേ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി കെ കെ രാമചന്ദ്രനും രാജിവെച്ച പട്ടികയിലുണ്ട്. എന്നാല്‍, രാമചന്ദ്രന് വിനയായത് ലോകായുക്താ പരാമർശമാണ്. ജില്ലാ ആശുപത്രിയില്‍ പാർട്ട് ടൈം സ്വീപ്പർ നിയമനത്തിന്റെ പേരിലാണ് വിവാദമുയർന്നത്. ഡിഎംഒയോട് തന്റെ വേണ്ടപ്പെട്ട ഒരാളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. മന്ത്രിക്കെതിരെ ലോകായുക്താ വിമർശനമുയർന്നു. കേസില്‍ ലോകായുക്താ വിധി വരും മുന്‍പ് രാമചന്ദ്രന്‍ രാജിവെച്ചു.

കെ എം മാണി

മാണിയും 'സീസറിന്റെ ഭാര്യ'യും

കോളിളക്കം സൃഷ്ടിച്ച ബാർ കോഴക്കേസിലെ കെഎം മാണിയുടെ രാജിയാണ് പട്ടികയിലെ അടുത്തത്. 'സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം'എന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ പരാമർശം വാർത്തകളില്‍ നിറഞ്ഞു. 'മന്ത്രി സ്ഥാനത്ത് തുടരണോയെന്ന് അദ്ദേഹത്തിന്റെ മനഃസാക്ഷി തീരുമാനിക്കട്ടെ'യെന്നുമുള്ള കടുത്ത പരാമർശം രാജിക്ക് വഴിവെച്ചു.

'ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങി സാധാരണക്കാരനെ പോലെ നിയമത്തെ നേരിടണ'മെന്നായിരുന്നു തോമസ് ചാണ്ടിയുടെ ഹർജിയില്‍ കോടതി പരാമർശം

വലിയ കോടതി വിമർശനങ്ങള്‍ക്ക് പാത്രമായി രാജി വെച്ച മന്ത്രിയാണ് തോമസ് ചാണ്ടി. 2017ല്‍ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയപ്പോഴായിരുന്നു കോടതി പരാമർശം. രാജിയാണ് ഉത്തമമെന്നായിരുന്നു കോടതി നിലപാട്. 'ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങി സാധാരണക്കാരനെ പോലെ നിയമത്തെ നേരിടണ'മെന്ന് പറഞ്ഞ് ചാണ്ടിയുടെ ഹർജി തള്ളുകയും ചെയ്തു.

കെ ടി ജലീല്‍

ലോകായുക്തയില്‍ കുരുങ്ങിയ രണ്ടാമന്‍

വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലോകായുക്ത നിയമപ്രകാരം രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് കെ ടി ജലീല്‍. കെ കെ രാമചന്ദ്രന്‍ ലോകായുക്താ വിധിക്ക് മുന്‍പ് രാജിവെച്ചെങ്കില്‍ ജലീലിന്റെ രാജി വിധി വന്ന ശേഷമായിരുന്നു. ബന്ധു കെ ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച കേസിലാണ് ജലീല്‍ രാജിവെക്കേണ്ടി വന്നത്. മന്ത്രിയായി തുടരാന്‍ അർഹതയില്ലെന്നായിരുന്നു ലോകായുക്ത ഉത്തരവ്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്