KERALA

'തെറ്റ് തിരുത്തിയാല്‍ അവര്‍ക്ക് കൊള്ളാം'; ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി വിലക്കിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി

വെബ് ഡെസ്ക്

സിനിമ സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷെയിന്‍ നിഗത്തെയും വിലക്കിയ ഫെഫ്ക തീരുമാനത്തെ പിന്തുണയ്ച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സിനിമ മേഖലയിലെ ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന പരാതികള്‍ സ്ഥിരീകരിച്ചുകൊണ്ടായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം.

ജോലിയില്‍ മാന്യത പുലര്‍ത്തിയാല്‍ മാത്രമേ വ്യവസായത്തിന് നിലനില്‍പ്പുണ്ടാകു

സിനിമ മേഖല ഒരു വ്യവസായമാണ്, അവിടെ നിലനില്‍ക്കുന്ന വിവിധ സാഹചര്യങ്ങള്‍ പരിശോധിച്ചാണ് സംഘടനകള്‍ അത്തരം ഒരു നടപടി സ്വീകരിച്ചത്. രണ്ട് പേരെ വിലക്കിയ നടപടിയില്‍ സംഘടനകള്‍ക്ക് ഒപ്പം നില്‍ക്കുന്നു. വിലക്ക് നേരിട്ട താരങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാകണം. ജോലിയില്‍ മാന്യത പുലര്‍ത്തിയാല്‍ മാത്രമേ വ്യവസായത്തിന് നിലനില്‍പ്പുണ്ടാകു എന്ന് തിരിച്ചറിഞ്ഞാണ് സംഘടനകള്‍ നടപടികള്‍ക്ക് മുതിര്‍ന്നത്. യുവതാരങ്ങള്‍ക്കിടയില്‍ പലരും മോശപ്പെട്ട പ്രവണതകള്‍ കുടുന്നതായി ആക്ഷേപമുണ്ട്. മയക്ക് മരുന്ന് ഉപയോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രേഖാമൂലം പരാതി ലഭിക്കുന്ന നിലയുണ്ടായാല്‍ സര്‍ക്കാര്‍ കാര്യക്ഷമായി ഇടപെടുമെന്നും സജി ചെറിയാന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു.

സിനിമ മേഖല സ്ത്രീകള്‍ ഉള്‍പ്പെടെ വലിയതോതില്‍ തൊഴിലെടുക്കുന്ന വലിയൊരു വ്യവസായ രംഗമാണ്. അവിടെ സുരക്ഷിതത്വത്തില്‍ വിട്ടുവീഴ്ച അംഗീകരിക്കാന്‍ സര്‍ക്കാരിനാവില്ല. തെറ്റായ രീതികള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗം ഉള്‍പ്പെടെ സിനിമ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗം പരിഗണിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉണ്ടായ നടപടി. സിനിമ മേഖലയിലെ വിവിധ സംഘനകളെ സംയോജിപ്പിച്ച് കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ട്, ഇതിനായി സര്‍ക്കാര്‍ മുന്‍ കയ്യെടുത്ത് കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

ലഹരിയ്ക്ക് എതിരെ സര്‍ക്കാര്‍ തലത്തില്‍ വലിയ ബോധവത്കരണ നടപടികള്‍ നടക്കുന്ന സമയമാണ്. യുവനടന്‍മാരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ തെറ്റ് തിരുത്തി അവര്‍ തന്നെ മുന്നോട്ട് വരണം. അത്തരം നടപടികള്‍ ഉണ്ടായാല്‍ അതിന്റെ ഗുണം താരങ്ങള്‍ക്ക് തന്നെയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താരസംഘടനയായ അമ്മയുടെ പ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു സെറ്റില്‍ പ്രശ്‌നമുണ്ടാക്കുന്ന താരങ്ങളെ ഇനിയും സഹിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഫെഫ്ക രണ്ട് യുവതാരങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളുമായി സഹരിക്കേണ്ടെന്നും യോഗത്തില്‍ ധാരണയായി. നഷ്ടപരിഹാരം ബുദ്ധിമുട്ടുണ്ടാക്കുന്ന താരങ്ങളില്‍ നിന്ന് ഈടാക്കുമെന്നും ഫെഫ്ക വ്യക്തമാക്കി . നിര്‍മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പ്രതികരിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും