KERALA

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ലോകായുക്ത കേസ് വിധി മുഖ്യമന്ത്രിക്ക് നിർണായകം

ജസ്റ്റിസ് സിറിയക്ക് ജോസഫും, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് വിധി പറയുക

ദ ഫോർത്ത് - തിരുവനന്തപുരം

ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായ പരാതിയില്‍ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് നിർണായകം. ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ലോകായുക്ത ബെഞ്ചാണ് വിധി പ്രസ്താവം നടത്തുക.

കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതിരെ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഹര്‍ജിക്കാരനായ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചിരുന്നു. പിന്നാലെയാണ് തിരക്കിട്ട് വിധി പറയാനുള്ള നടപടികളിലേക്ക് ലോകായുക്ത കടന്നത്.

എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിനും ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനും സിപിഎം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിനും ദുരിതാശ്വാസനിധിയില്‍നിന്ന് യാതൊരു പരിശോധനയും മന്ത്രിസഭാക്കുറിപ്പും കൂടാതെ പണം അനുവദിച്ചത്‌ ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നും ഈ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍നിന്ന് ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ലോകായുക്തക്ക് മുന്നില്‍ വന്ന പരാതി.

ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിയും അതിനു പുറമേ ഭാര്യയുടെ സ്വര്‍ണ പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപയും മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന വി എസ് സുനില്‍ കുമാറിനെയും ഇ പി ജയരാജനെയും എ കെ ശശീന്ദ്രനെയും ഒഴിവാക്കിയായിരുന്നു ഹര്‍ജി സമപ്പിച്ചിരുന്നത്. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18 നാണ് വാദം പൂര്‍ത്തിയായത്. വാദത്തിനിടെ ലോകായുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വിധി പറയുന്നത് അന്തിമമായി നീണ്ടു.

ആറുമാസത്തിനുള്ളില്‍ ഹര്‍ജികളില്‍ വിധി പറയണമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടെങ്കിലും ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതേവരെ വിധി പറയാന്‍ ലോകായുക്ത തയ്യാറായിട്ടില്ലെന്ന് കാണിച്ച് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന് ഏറെ നിര്‍ണായകമാണ് ഇന്നത്തെ ദിനം. മുന്‍പ് ലോകായുക്ത നിയമം 14-ാം വകുപ്പ് പ്രകാരമുള്ള ഉത്തരവ് എതിരായതിനെത്തുടർന്ന് കെ ടി ജലീല്‍ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സമാന വകുപ്പുപ്രകാരമുള്ള കേസില്‍ വിധി എതിരായാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനം ഒഴിയേണ്ടിവരും. അതിനാല്‍ തന്നെ സർക്കാരിനെ സംബന്ധിച്ചും മുഖ്യമന്ത്രിയെ സംബന്ധിച്ചും നിർണായകമാണ് വിധി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ